Entertainment News

'എന്റെ ശബ്ദവും രൂപവും വില്‍ക്കാനുള്ളതല്ല'; പരസ്യങ്ങള്‍ക്കെതിരെയും എഐ ദുരുപയോഗത്തിനെതിരെയും മനോജ് വാജ്പേയി കോടതിയില്‍

എഐ ചാറ്റ്ബോട്ടുകള്‍ തന്റെ രൂപവും ശബ്ദവും ഉപയോഗിക്കുന്നതിലും മനോജ് വാജ്പേയി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Entertainment Desk

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടന്‍ മനോജ് വാജ്പേയി. സ്വന്തം ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവയുടെ നിയമവിരുദ്ധമായ ഉപയോഗത്തിനും എഐ ദുരുപയോഗത്തിനുമെതിരെയാണ് മനോജ് വാജ്പേയി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ പേരും രൂപവും പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നും എഐ സാങ്കേതികവിദ്യ വഴി ശബ്ദവും വ്യക്തിത്വവും പുനസൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് നടന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.

ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി പരിഗണനയിലുള്ളത്. എച്ച്2പിജി ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വസ്ത്ര നിര്‍മ്മാണ കമ്പനി, അവര്‍ തയ്യാറാക്കിയ സ്യൂട്ടുകളാണ് താന്‍ ധരിച്ചിരിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ തന്റെ ചിത്രങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതായി നടന്‍ ഹര്‍ജിയില്‍ പറയുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നടന്റെ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നു എന്ന് ഒരു വ്യക്തിക്കെതിരെയും പരാതിയുണ്ട്. കൂടാതെ എഐ ചാറ്റ്ബോട്ടുകള്‍ തന്റെ രൂപവും ശബ്ദവും ഉപയോഗിക്കുന്നതിലും മനോജ് വാജ്പേയി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനോജ് വാജ്പേയി എന്തുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. കേസില്‍ ആരോപണവിധേയരായ ചില വ്യക്തികളും സ്ഥാപനങ്ങളും ഡല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ കേസ് കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും നടന്റെ അഭിഭാഷക സ്വാതി സുകുമാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, എതിര്‍കക്ഷികള്‍ ഹാജരാകാത്ത ഇത്തരം കേസുകളില്‍ വിശദമായ വാദം കേള്‍ക്കാതെ തന്നെ വിധി പ്രസ്താവിക്കാനാകുമെന്ന് കോടതി നിരീക്ഷിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിന് പകരം ഇത്തരം കേസുകള്‍ റജിസ്ട്രാര്‍ തലത്തില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കില്‍ കോടതിയുടെ സമയം വെറുതെ കളയേണ്ടതില്ലെന്നും ജസ്റ്റിസ് കൗരവ് വ്യക്തമാക്കി. വ്യക്തിത്വ അവകാശങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല-അന്തിമ ഉത്തരവുകളുടെ വിവരങ്ങളും സമാനമായ കേസുകളില്‍ മറ്റ് ഹൈക്കോടതികള്‍ സ്വീകരിച്ച നിലപാടുകളും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിനിമാ-കായിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് അടുത്തിടെ വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിച്ചിട്ടുള്ളത്. നടി തബു, ക്രിക്കറ്റ് താരങ്ങളായ അഭിഷേക് ശര്‍മ്മ, യുവരാജ് സിംഗ്, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, തെലങ്കാന ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി മുന്‍പ് ഇത്തരത്തില്‍ അനുകൂല ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ അഭിനയേതാക്കളായ മോഹന്‍ലാല്‍, അല്ലു അര്‍ജുന്‍, കാജോള്‍, ആര്‍. മാധവന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍, ഗായകന്‍ ജൂബിന്‍ നോട്ടിയാല്‍, വ്യവസായി അമന്‍ ഗുപ്ത തുടങ്ങിയവര്‍ക്കും അനുകൂല വിധികള്‍ ലഭിച്ചിട്ടുണ്ട്. സമാനമായ ആവശ്യങ്ങളുമായി ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരും നിയമപോരാട്ടം നടത്തിവരികയാണ്.

Bollywood actor Manoj Bajpayee has approached the Delhi High Court seeking protection of his personality rights against the unauthorised use of his name, image, voice and likeness, including through artificial intelligence. He has asked the court to restrain the use of his identity in advertisements without his permission and to prevent AI-based recreation of his voice and persona.