Entertainment News

'ഒരേപോലെയുള്ള വേഷങ്ങളില്‍ തളച്ചിട്ട് ബോളിവുഡ് മികച്ച പ്രതിഭകളെ നശിപ്പിച്ചു'; സിനിമാ മേഖലയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞ് മനോജ് ബാജ്‌പേയ്

"എന്റെ അഭിനയശേഷിയുടെ 25 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എന്നാല്‍ അത് ഒരു അഭിനേതാവിന്റെ ആഗ്രഹവും വിശപ്പുമാണെന്നാണ് ഞാന്‍ കരുതുന്നത്".

Entertainment Desk

ബോളിവുഡ് സിനിമാ വ്യവസായത്തിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ മനോജ് ബാജ്‌പേയി. കഴിവുള്ള അഭിനേതാക്കളെ ഒരേപോലെയുള്ള വേഷങ്ങളില്‍ തളച്ചിട്ട്, അവരുടെ പ്രതിഭയെ നശിപ്പിച്ചുവെന്ന് അദ്ദേഹം തുറന്നടിച്ചു. തന്റെ പ്രതിഭയുടെ 25 ശതമാനം മാത്രമാണ് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ എന്നും മനോജ് ബാജ്‌പേയി പറഞ്ഞു. ദിവ്യ ദത്ത, ശ്രദ്ധ ദാസ് എന്നിവര്‍ക്കൊപ്പം പുതിയ ചിത്രമായ 'ഗജബ് രാതി'ന്റെ പ്രചാരണ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും സിനിമാലോകത്തെ കയ്‌പ്പേറിയ യാഥാര്‍ത്ഥ്യങ്ങളും പങ്കുവെച്ചത്. ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സില്‍ ആരംഭിച്ചിട്ടുണ്ട്.

'നിരവധി അഭിനേതാക്കളെ ഒരേപോലെയുള്ള വേഷങ്ങളിലേക്ക് ചുരുക്കുകയാണ്. ഈ ഇന്‍ഡസ്ട്രി അത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ട് മികച്ച പ്രതിഭകളെ നശിപ്പിച്ചിട്ടുണ്ട്. സെറ്റുകളില്‍ അവരെ ഒന്നുമല്ലാതാക്കി മാറ്റി ഇത്തരം മികച്ച പ്രതിഭകളെ ഇല്ലാതാക്കിയതിന്റെ മോശം പേരും മോശം കര്‍മ്മഫലവും ഈ ഇന്‍ഡസ്ട്രിക്ക് എന്നുമുണ്ടെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. അര്‍ഹിച്ച അംഗീകാരങ്ങളൊന്നും ലഭിക്കാതെ നിരവധി ആളുകള്‍ ഇവിടെനിന്ന് മാഞ്ഞുപോയിട്ടുണ്ട്', മനോജ് ബാജ്‌പേയ് പറഞ്ഞു.

'എന്റെ അഭിനയശേഷിയുടെ 25 ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എന്നാല്‍ അത് ഒരു അഭിനേതാവിന്റെ ആഗ്രഹവും വിശപ്പുമാണെന്നാണ് ഞാന്‍ കരുതുന്നത്. ആ അഭിനയമോഹം എന്നില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്', ബോളിവുഡ് തന്റെ കഴിവിന്റെ പൂര്‍ണശേഷിയെ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

'സപ്പോര്‍ട്ടിംഗ് ആക്ടര്‍' എന്ന ലേബലിനെതിരെ ദിവ്യ ദത്ത

സഹനടന്‍ എന്ന ലേബലിനോടുള്ള തന്റെ എതിര്‍പ്പിനെക്കുറിച്ചും അത് അഭിനേതാക്കളുടെ പ്രതിഭയെ കൊല്ലാനും ഒരേതരം വേഷങ്ങളില്‍ തളച്ചിടാനും എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ദിവ്യയും സംസാരിച്ചു. അഭിനേതാക്കളെ മുന്‍കൂട്ടി തരംതിരിക്കുന്നതിനെയും 'സപ്പോര്‍ട്ടിംഗ് ആക്ടര്‍', 'ക്യാരക്ടര്‍ ആക്ടര്‍' തുടങ്ങിയ ടാഗുകള്‍ നല്‍കുന്നതിനെയും നടി ദിവ്യ ദത്ത ശക്തമായി എതിര്‍ത്തു. 'സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നോ ക്യാരക്ടര്‍ ആക്ടര്‍ എന്നോ വിളിക്കുന്നത് ഞാന്‍ തീര്‍ത്തും വെറുക്കുന്നു. കാരണം, ഒരു നടനെ ഏത് വിഭാഗത്തില്‍പ്പെടുത്തണം എന്ന് അറിയില്ലാത്തപ്പോള്‍, അവര്‍ക്ക് എളുപ്പത്തില്‍ നല്‍കുന്ന ഒരു പൊതുവായ ലേബലാണത്,' ദിവ്യ പറഞ്ഞു.

താനും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതിജീവിക്കാന്‍ ഒരുപാട് പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മനോജ് ബാജ്‌പേയി പറഞ്ഞു. 'നമ്മള്‍ ഇന്നും കോളനിവാഴ്ചയുടെ മാനസികാവസ്ഥയിലുള്ളവരും അധികാര ശ്രേണിയില്‍ വിശ്വസിക്കുന്നവരുമാണ്. ഇവനാണ് പ്രധാന നടന്‍, ഇയാള്‍ ക്യാരക്ടര്‍ ആക്ടറാണ് തുടങ്ങിയ ലേബലുകള്‍ നല്‍കിയാണ് പദവികള്‍ നിശ്ചയിക്കുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെ ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനം വലിയ രീതിയില്‍ മാറിവരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'നമ്മുടെ രാജ്യത്തേക്ക് ഒടിടി വന്നതിന് നമ്മള്‍ എപ്പോഴും നന്ദി പറയണം. ഒടിടി വന്നതിനു ശേഷം പ്രേക്ഷകര്‍ക്കിടയില്‍ അഭിനേതാക്കളെക്കുറിച്ചും കഥകളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പല അഭിനേതാക്കള്‍ക്കും ബോധ്യപ്പെട്ടു. പലവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിനേതാക്കളോട് മുന്‍പ് കടുത്ത അനീതി കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. പല നിര്‍മ്മാതാക്കളും എല്ലാവര്‍ക്കും ഒരേപോലെയുള്ള ഭക്ഷണവും പരിഗണനയും നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്', ബാജ്‌പേയി കൂട്ടിച്ചേര്‍ത്തു.

Bollywood has restricted talented actors to repetitive roles and failed to make full use of their abilities, actor Manoj Bajpayee has said. Speaking during a promotional interview for his latest film Gajab Raat, alongside Divya Dutta and Shraddha Das, Bajpayee said only 25% of his acting potential had been utilised so far. He believes the film industry has sidelined several gifted performers without giving them the recognition they deserve.