Entertainment News

കരിയറിൽ അത്ഭുതപ്പെടുത്തിയ നടി മീര ജാസ്മിൻ, 'ഒരേ കടൽ' സെറ്റിൽ അവൾ മറ്റൊരാളായിരുന്നു: അളകപ്പൻ

‘ഒരേ കടൽ’ ഷൂട്ടിൽ മീര ജാസ്മിന്റെ അത്ഭുതകരമായ മാറ്റം ഓർമിച്ച് സിനിമാറ്റോഗ്രാഫർ അളകപ്പൻ

Entertainment Desk

''ലൈറ്റുകൾ ഓണായി കഴിഞ്ഞാൽ പിന്നെ മീര മറ്റൊരാളാണ്, പൂർണമായും കഥാപാത്രമായി മാറും. അത് തന്നെ മമ്മൂട്ടിക്കും സംഭവിച്ചു,'' 'ഒരേ കടൽ' ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മീര ജാസ്മിനുണ്ടായ മാറ്റത്തെക്കുറിച്ച് സിനിമറ്റോഗ്രാഫർ അളകപ്പൻ പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓർമകൾ പങ്കുവെച്ചത്.

അളകപ്പന്റെ വാക്കുകൾ:

'ഒരേ കടൽ' ചെയ്യുമ്പോൾ ആകെ ഭയം തോന്നിയത് മീര ജാസ്മിന്റെ കാര്യത്തിൽ മാത്രമായിരുന്നു. കാരണം മീരയുടെ ആദ്യത്തെ ചിത്രം മുതൽ ഞാൻ തന്നെ ആയിരുന്നു സിനിമറ്റോഗ്രാഫർ. സിനിമയിലേക്ക് എത്തുന്നതിനു മുൻപ് ഒരു പരസ്യ ചിത്രത്തിലാണ് മീരയെ ആദ്യമായി ബ്ലെസ്സി കൊണ്ട് വന്നത്. ഒരു കൊച്ചു പെൺകുട്ടി. പക്ഷെ അന്ന് ടെസ്റ്റ് എടുത്ത് നോക്കിയപ്പോൾ ഓക്കേ ആയി. പിന്നീട് സൂത്രധാരൻ, അച്ചുവിന്റെ അമ്മ തുടങ്ങി പല ചിത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും 'ഒരേ കടലി'ലേക്ക് വരുമ്പോൾ മമ്മൂക്കയെ കണ്ടിട്ട് പേടിയുണ്ടാകുമോ അഭിനയത്തെ ബാധിക്കുമോ എന്ന നല്ല സംശയമായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷേ ശ്യാമ പ്രസാദാണ് പറഞ്ഞത് കഥാപത്രത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ പ്രശ്നങ്ങളുണ്ടാവില്ലെന്ന്. അത് സത്യമായി.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതിനു ശേഷം മീര ആകെ കഥാപാത്രമായി ജീവിക്കാൻ തുടങ്ങി. അവർ മറ്റൊരു സ്ത്രീയായി മാറി. അതുവരെ നമ്മൾ കണ്ടിട്ടുള്ളതോ പരിചയപ്പെട്ടതോ ആയ മീരയായിരുന്നില്ല ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ഇടവേളകളിൽ തമാശ പറയുകയും എല്ലാവരോടും സംസാരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും, ലൈറ്റ്‌സ് ഓണായി കഴിഞ്ഞാൽ പിന്നെ മീര മറ്റൊരാളാണ്, പൂർണമായും കഥാപാത്രമായി മാറും. അത് തന്നെ മമ്മൂട്ടിക്കും സംഭവിച്ചു. മമ്മൂക്ക വളരെ കംഫർട്ടബിൾ ആയിരുന്നു. ഞങ്ങളുടെ ആശങ്ക അവർ തമ്മിലുള്ള പ്രായ വ്യത്യാസം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് വളരെ വലുതാണല്ലോ. അതിനാൽ മീര പിടിക്കുമോ എന്നായിരുന്നു ചിന്തകൾ മുഴുവൻ. പക്ഷെ അവൾ വളരെ ബോൾഡ് ആയി അഭിനയിച്ചു. അതിനാൽ സിനിമാറ്റൊഗ്രാഫിലും അത് കൊണ്ടുവരാൻ സാധിച്ചു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഒരേ കടൽ'. മമ്മൂട്ടിയും മീര ജാസ്മിനും പ്രധാന കഥാപത്രങ്ങളെത്തിയ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ മീര ജാസ്മിന്റെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്‌ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ മനോഹരമായ സംഗീതസംവിധാനത്തിന് ഔസേപ്പച്ചന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചു. നരേൻ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

English Summary: Cinematographer Alagappan revealed that Meera Jasmine completely transformed into her character during the shoot of Ore Kadal. He recalled initial concerns about her acting alongside Mammootty, but she delivered a bold and immersive performance, impressing the entire team.