ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും മലയാളികളുടെ സ്വന്തം സഞ്ജു സാംസണും തമ്മിലുള്ള രസകരമായ സംഭാഷണത്തിൽ ഇടപെട്ടുകൊണ്ടാണ് മോഹൻലാൽ രംഗത്തെത്തിയത്. സച്ചിന്റെ ബാറ്റിൽനിന്ന് വരുന്ന ഓരോ സിക്സറുകൾക്ക് മുന്നിൽ നിൽക്കുന്ന ബൗളർക്കുള്ള സന്ദേശമാണ് ഈ ഡയലോഗെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവന്ന ഈ മറുപടി ഇതിനോടകം ക്രിക്കറ്റ് ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.
സംഭവങ്ങളുടെ തുടക്കം സച്ചിൻ തെൻഡുൽക്കർ റെഡ്ഡിറ്റിൽ നടത്തിയ Q & A ആണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ സഞ്ജു സാംസണുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചുള്ള ചോദ്യവും സച്ചിന് മുന്നിലെത്തി. ട്വന്റി20 ലോകകപ്പ് സമയത്ത് സഞ്ജു മാസങ്ങളോളം സച്ചിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും ഇരുവരും ദീർഘനേരം സംസാരിച്ചിരുന്നെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ സഞ്ജുവിന് നൽകിയ ഉപദേശം എന്തായിരുന്നുവെന്നായിരുന്നു ആരാധകന്റെ ചോദ്യം.
പിന്നാലെ സച്ചിന്റെ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ട് സഞ്ജുവും പ്രതികരണവുമായി എത്തി. ഇതിന്റെ യഥാർഥ അർഥം വിശദീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി നമ്മുടെ സ്വന്തം ലാലേട്ടനാണെന്നും അദ്ദേഹം തന്നെ പറഞ്ഞുതരട്ടെയെന്നും കുറിച്ചുകൊണ്ട് സഞ്ജു മോഹൻലാലിനെ ടാഗ് ചെയ്തു. ഇതോടെ ആരാധകരുടെ ശ്രദ്ധ മുഴുവൻ താരത്തിന്റെ പ്രതികരണത്തിലേക്കായി. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് മോഹൻലാലിന്റെ മറുപടി എത്തിയത്. സഞ്ജുവിനെ അഭിസംബോധന ചെയ്തുകൊണ്ട് 'മോനെ സഞ്ജു സച്ചിൻ ഒരു സിക്സർ അടിക്കുമ്പോൾ ബൗളറോട് പറയുന്ന സന്ദേശമാണ് 'നീ പോ മോനേ ദിനേശാ' എന്നതെന്ന് താരം വിശദീകരിച്ചു. അതായത്, അടുത്ത പന്ത് എറിയാൻ തയ്യാറായിക്കോളൂ എന്നർഥം. ഇപ്പോൾ സഞ്ജുവിന്റെ ബാറ്റും എതിരാളികളോട് പറയുന്നത് ഇതേ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നീ മുന്നോട്ട് പോകൂ, അടുത്ത ബൗളർ നിനക്കായി കാത്തിരിക്കുന്നുണ്ട്' എന്ന പ്രോത്സാഹനത്തോടെയാണ് മോഹൻലാൽ കുറിപ്പ് അവസാനിപ്പിച്ചത്.
2000-ൽ പുറത്തിറങ്ങിയ 'നരസിംഹം' എന്ന ചിത്രത്തിൽ പൂവള്ളി ഇന്ദുചൂഡനായി മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണിത്. കാലമെത്ര കഴിഞ്ഞിട്ടും മലയാളികളുടെ സിനിമാ ഓർമകളിൽ സജീവമായി നിൽക്കുന്ന ഈ വരികൾക്ക് പുതിയൊരു പശ്ചാത്തലം ലഭിച്ചതും ശ്രദ്ധേയമായി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിനും മലയാളികളുടെ സ്വന്തം സഞ്ജുവും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒരേ സംഭാഷണത്തിന്റെ ഭാഗമായി എത്തിയതോടെ സംഭവം ആരാധകർക്ക് ഇരട്ടി മധുരമായി. സിനിമയും ക്രിക്കറ്റും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് കൗതുകം പകരുന്ന ഈ സൗഹൃദസംഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്...
Sachin Tendulkar's witty reference to Mohanlal's iconic 'Nee Po Mone Dinesha' dialogue sparked a fun exchange with Sanju Samson. When Sanju asked Mohanlal to explain its meaning, the superstar offered a cricket-inspired interpretation, saying it was a message to bowlers after Sachin smashed a six. The exchange went viral.