Entertainment News

സൈജു കുറുപ്പിന്‍റെ 'മോഹിനിയാട്ടം'; 'വെല്‍ ക്രാഫ്റ്റഡ്' മലയാളം പടം

ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചതെങ്കിൽ, അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ നിന്നാണ് 'മോഹിനിയാട്ടം' തുടങ്ങുന്നത്

Entertainment Desk

സൈജു കുറുപ്പ് നായകനായി കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ ഫാമിലി ഡ്രാമാ ഴോണറിൽ എത്തിയ 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'മോഹിനിയാട്ടം'. രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത് രസകരമായ ഡാർക്ക് ഹ്യൂമറിന്റെ അകമ്പടിയോടെയാണ്. 'ഭരതനാട്യ'ത്തിന് തിയേറ്ററുകളിൽ ലഭിക്കാതെ പോയ സ്വീകാര്യത ഒടിടി റിലീസിലൂടെ ലഭിച്ചതിലൂടെ കിട്ടിയ ആത്മവിശ്വാസമാണ് രണ്ടാം ഭാഗത്തിലേക്ക് നയിച്ചതെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്. വിശ്വാസം തെറ്റിയില്ല, ചിത്രം ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്.

'ആദ്യ സിനിമ തിയേറ്ററിൽ ഭേഷായി പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം' എന്ന് ടൈറ്റിൽ ക്രെഡിറ്റ്സിൽ എഴുതി കാണിച്ചാണ് 'മോഹിനിയാട്ടം' ആരംഭിക്കുന്നത്. ജയസൂര്യ നായകനായ മിഥുന്റെ 'ആട്' ആദ്യഭാഗത്തിന് തിയേറ്ററിൽ വൻ പാരാജയമാണ് നേരിട്ടത്. എന്നാൽ പിന്നീടുള്ള അനുഭവം അതായിരുന്നില്ല. അതേ വീഴ്ചയും ഉയിർത്തെഴുന്നേൽപ്പുമാണ് ഭരതനാട്യത്തിനും സംഭവിച്ചത്.

'ഭരതനാട്യ'ത്തിന്റെ തുടർച്ചയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചതെങ്കിൽ, അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളിൽ നിന്നാണ് 'മോഹിനിയാട്ടം' തുടങ്ങുന്നത്. രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും ഭാവി സുരക്ഷിതമാക്കുന്നതിനായി ശശിധരൻ നായരും കുടുംബവും ശ്രീകണ്ഠപുരത്തേക്ക് എത്തുന്നതും അവിടെ അവരെ കാത്തിരുന്ന പ്രതിസന്ധികളുമാണ് സിനിമയെ നയിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാൻ കുടുംബം ചെയ്യുന്ന കാര്യങ്ങളെയാണ് ഡാർക്ക് ഹ്യൂമറിലൂടെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുന്നത്.

സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ജിനിൽ റെക്സ്, ജിവിൻ റെക്സ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരുടെ അഭിനയപ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോർട്ട് എന്നിവർ കൂടി എത്തിയതോടെ ചിത്രം നൽകുന്ന നർമാനുഭവം അസാധ്യമാണെന്നാണ് പ്രതികരണങ്ങൾ.

'ഒന്ന് ട്രൈ ചെയ്യൂ, നിങ്ങൾക്ക് സിനിമ ഇഷ്ടമാകും', എന്ന് പറഞ്ഞ് അഭിനന്ദിച്ച് ദുൽഖുർ സൽമാനും,കൂടാതെ ടൊവിനോ തോമസ്, അജു വർഗീസ് തുടങ്ങി സമൂഹ മാധ്യങ്ങളിലൂടെ മികച്ച താര പിന്തുണയാണ് ചിത്രത്തെ തേടി വരുന്നത്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

English Summary: Mohiniyattam, the sequel to Bharatanatyam starring Saiju Kurup, is winning praise for its dark humor and engaging family narrative. Following the OTT success of the first part, the sequel explores a family's struggles with a blend of comedy and emotion, backed by strong performances and positive word of mouth.