കാലം വിധിച്ച വിജയ-പരാജയങ്ങൾ അതേപടി ചരിത്രത്തിൽ നിലനിന്നു പോകണമെന്നില്ല, പ്രത്യേകിച്ച കലയുടെ കാര്യത്തിൽ. ഇത്തരത്തിൽ കാലം പരാജയ മാനദണ്ഡങ്ങളെ പുനർനിർവിച്ച അപൂർവ്വം ചില സിനിമകൾ മലയാളത്തിലും നിർമ്മിക്കപ്പെട്ടിട്ടുണ്ട്, റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകർ തള്ളിക്കളയും പിന്നീട് ഹൃദയത്തോട് ചേർക്കുകയും ചെയ്ത ചിത്രങ്ങൾ. വർഷങ്ങൾക്കിപ്പുറം അതേ സിനിമകളിൽ ചിലത് മലയാളത്തിലെ കൾട്ട് ക്ലാസിക്കുകളുടെ പട്ടികയിൽ വരെ ഇടംപിടിച്ചിട്ടുമുണ്ട്. പ്രമേയവും മേക്കിങുമെല്ലാം മനോഹരമായിട്ടും അന്ന് പരാജയപ്പെട്ട അത്തരം സിനിമകൾ കാലംതെറ്റി റിലീസ് ചെയ്യപ്പെട്ടവയാണെന്നാണ് പുതിയ പ്രേക്ഷകർ വിലയിരുത്താറ്.
ഞാൻ ഗന്ധർവ്വൻ
'ഞാൻ ഗന്ധർവ്വൻ, ചിത്രശലഭമാകാനും മേഘ മാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിലെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി', പുതു തലമുറയിലെ കുറച്ചുപേരൊഴിച്ചാൽ ഈ സംഭാഷണ ശകലം മനസിലാകാത്ത മലയാളികൾ വിരളമാണ്. മലയാളിയുടെ മുത്തശ്ശിക്കഥയിലെ ഗന്ധർവ്വനെ പത്മരാജൻ തിരശീലയിലെച്ചപ്പോൾ മലയാളത്തിന് പുതിയൊരു ദൃശ്യഭാഷയാണ് ലഭിച്ചത്, ഇതുവരെ പരീക്ഷക്കപ്പെടാത്ത മനോഹരമായ കാമുക ഭാവം കൂടിയായിരുന്നു ഞാൻ ഗന്ധർവ്വൻ. ജോൺസൺ മാഷിന്റെ സംഗീതം കൂടി ആയപ്പോഴേക്കും ചിത്രം അനശ്വരമായി അനുഭൂതിയായി. ഇപ്പോൾ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും തിയേറ്ററിൽ പരാജയമായിരുന്നു ചിത്രം. റീവാച്ചിൽ പക്ഷേ മലയാളിയുടെ മനസ് മാറി, ഇന്ന് സിനിമ ചർച്ചകളിൽനിന്ന് മാറ്റിനിർത്താനാവാത്ത ചിത്രമാണ് ഞാൻ ഗന്ധർവ്വൻ.
ദേവദൂതൻ
'അയാൾ സംഗീതത്തിന്റെ രാജാവാണ്' മോഹൻലാലിന്റെ ശബ്ദത്തിൽ പ്രേക്ഷകൻറെ കാതുകളെ ത്രസിപ്പിച്ച വാക്കുകൾ! എവർഗ്രീൻ പ്രണയചിത്രമായ 'ദേവദൂതനി'ലെ ഒരിക്കലും മറക്കാനാവാത്ത വാക്കുകൾ. 'എത്ര മനോഹരമായാണ് നിങ്ങളൊരാളെ സ്നേഹിക്കുന്നത്' എന്ന വിശാൽ കൃഷ്ണമൂർത്തിയുടെ അലീനയോടുള്ള ചോദ്യത്തിലൂടെ മുഴുവൻ സിനിമയും അടയാളപ്പെടുത്തപ്പെട്ട കൾട്ട് സിനിമ. വിദ്യാസാഗറെന്ന സംഗീത സാഗരത്തിന്റെ മന്ത്രികസ്പർശം കൂടിയായപ്പോൾ അത്ഭുതകരമായ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായി ദേവദൂതൻ മാറിയിരുന്നു. നിർഭാഗ്യവശാൽ ഗാനങ്ങൾക്ക് കിട്ടിയ സ്വീകാര്യത ചിത്രത്തിന് തിയേറ്ററിൽ നേടാനായില്ല. എന്നാൽ കാലം മാറിയപ്പോൾ ചർച്ച ചെയ്യപ്പെട്ട ചിത്രം വർഷങ്ങൾക്കിപ്പുറം റീ റിലീസ് ചെയ്യപ്പെട്ടപ്പോൾ ആയിരങ്ങളാണ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്.
പിൻഗാമി
തിരക്കഥ കൊണ്ടും അവതരണ ശൈലിയിലെ പ്രത്യേകതകളിലൂടെയും വ്യത്യസ്തമായെത്തിയ മോഹൻലാൽ-തിലകൻ ചിത്രമായിരുന്നു പിൻഗാമി. മരിച്ചുപോയ 'കുമാരേട്ടനി'ലൂടെ നീങ്ങിയ കഥ അക്കാലമത്രയും ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും വേറിട്ടുനിന്നതായിരുന്നു. ഫ്ലാഷ്‌ബാക്ക് കഥകളിലൂടെ ഒരു ചിത്രം മുഴുവൻ അവസാനിപ്പിക്കാൻ സാധിച്ചത് ഒരു മികച്ച സംവിധായകന്റെ വിജയം തന്നെയായിരുന്നിട്ടും പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു തിയേറ്റർ അനുഭവം. വർഷങ്ങൾക്കിപ്പുറം സിനി-ഫയലുകളായ മലയാളികൾ റീറിലീസിനു ആവശ്യപ്പെടുന്ന ചിത്രങ്ങളിൽ പിൻഗാമിയും ഉൾപ്പെടുന്ന വിധത്തിൽ ചിത്രം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
തൂവാനത്തുമ്പികൾ
ക്ലാസ്സിക്ക് സംവിധാകനായി മലയാളികൾ അംഗീകരിച്ച പത്മരാജന്റെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ് 'തൂവാനത്തുമ്പികൾ'. സദാചാര മലയാളിയുടെ സകല ചിന്തകൾക്കും വിപരീതമായ തരത്തിലായിരുന്നു ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയത്തെ പപ്പേട്ടൻ അവതരിപ്പിച്ചത്. തന്റെ ബോധ്യങ്ങളെ മാത്രം ബോധിപ്പിച്ച് വ്യത്യസ്തമായ തിരക്കഥകൾ സമ്മാനിച്ച പപ്പേട്ടന്റെ മറ്റൊരു പരാജയ ചിത്രമായിരുന്നു ഇതും. പക്ഷെ ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞത് പോലെ 'കാലത്തെ അതിജീവിച്ച സിനിമകളായി' ഈ പരാജിത ചിത്രവും അതിലെ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെട്ടു.
സിനിമകൾക്ക് ഒരു സമയം മാത്രമല്ല, പല സമയങ്ങളുമുണ്ട്. ഒരിക്കൽ പ്രേക്ഷകർ തള്ളിപ്പറഞ്ഞ ഈ ചിത്രങ്ങൾ, പിന്നീട് അവരുടെ മനസുകളിൽ ഇടംനേടി വീണ്ടും ജീവിക്കുന്നത് അതിന്റെ മികച്ച ഉദാഹരണമാണ്. കാലം മാറുമ്പോൾ രുചികളും കാഴ്ചപ്പാടുകളും മാറും; പക്ഷേ മികച്ച സൃഷ്ടികൾ ഒരിക്കലും മറഞ്ഞുപോകില്ല. അവ വീണ്ടും തിരിച്ചെത്തും, കൂടുതൽ ശക്തിയായി.
English Summary: Classic Malayalam films like Njan Gandharvan, Daivadoothan, Pingami, and Thoovanathumbikal were initially box office failures but later evolved into cult classics celebrated by audiences