മുംബൈയിൽ നടന്ന ‘രാമായണം’ പ്രീ-റിലീസ് പരിപാടിയിൽ ‘ജയ് ശ്രീറാം’ വിളിച്ച് യൂറ്റ്യൂബർ മിസ്റ്റർ ബീസ്റ്റ്. വേദിയിൽ റൺബീർ കപൂർ മിസ്റ്റർ ബീസ്റ്റിനോട് ‘ജയ് ശ്രീറാം’ പറയാൻ ആവശ്യപ്പെടുകയായിരുന്നു. റൺബീറിന്റെ ആവശ്യപ്രകാരം മിസ്റ്റർ ബീസ്റ്റ് ‘ജയ് ശ്രീറാം’ എന്ന് ഏറ്റുപറഞ്ഞതോടെ സദസ്സിൽ നിന്ന് വലിയ കൈയടിയും ആർപ്പുവിളികളുമുയർന്നു.
മുംബൈയിൽ നടന്ന ‘രാമായണ’ സിനിമയുടെ പ്രമോഷൻ ചടങ്ങിലാണ് സിനിമാലോകത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയ സംഭവം അരങ്ങേറിയത്. ചിത്രത്തിൽ ശ്രീരാമനായി എത്തുന്ന റൺബീർ കപൂറിനൊപ്പം പ്രശസ്ത യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് എന്ന ജിമ്മി ഡൊണാൾഡ്സണും വേദിയിലെത്തി. റൺബീറിന്റെയും പാപ്പരാസികളുടെയും ആവശ്യപ്രകാരം മിസ്റ്റർ ബീസ്റ്റ് ‘ജയ് ശ്രീറാം’ വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തെ വിമർശിച്ചും പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.
ചടങ്ങിനിടെ ‘രാമായണ’ത്തിന്റെ കഥയുടെയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും റൺബീർ കപൂർ മിസ്റ്റർ ബീസ്റ്റിന് വിശദീകരിച്ചുനൽകി. തുടർന്ന് റൺബീറിന്റെ ആവശ്യപ്രകാരം മിസ്റ്റർ ബീസ്റ്റ് ജനക്കൂട്ടത്തെ സാക്ഷിനിർത്തി ‘ജയ് ശ്രീറാം’ എന്ന് ഉച്ചത്തിൽ വിളിച്ചു. നിറഞ്ഞ കൈയടികളോടെയാണ് സദസ്സിലുണ്ടായിരുന്നവർ അതിനെ സ്വീകരിച്ചത്. അതേസമയം, മിസ്റ്റർ ബീസ്റ്റിനെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതിനെ വിമർശിച്ച് ചില പ്രേക്ഷകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. ഇന്ത്യയിൽ ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരാളെക്കൊണ്ട് ഇത് വിളിപ്പിച്ചത് അനുചിതമായ നടപടിയാണെന്നാണ് ചിലരുടെ പ്രതികരണം. ഹിന്ദുത്വവാദികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ച സംഭവങ്ങളും, അത് നിരസിച്ചതിന്റെ പേരിൽ ആക്രമണങ്ങൾ നടന്നെന്ന ആരോപണങ്ങളും ചിലർ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടി.
ആഗോള പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാതാക്കൾ മിസ്റ്റർ ബീസ്റ്റിനെ പ്രമോഷന്റെ ഭാഗമാക്കിയത്. രണ്ട് ഭാഗങ്ങളായി തിയേറ്ററുകളിലെത്തിക്കാൻ ഒരുങ്ങുന്ന ചിത്രത്തിനായി രാജ്യാന്തര തലത്തിൽ വിപുലമായ റിലീസ് തന്ത്രങ്ങളാണ് അണിയറപ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്. ഭാരതീയ ഇതിഹാസമായ ‘രാമായണം’ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നിർമാതാവ് നമിത് മൽഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്നു. ലക്ഷ്മണന്റെ വേഷത്തിൽ രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളുമാണ് അണിനിരക്കുന്നത്. റൺബീറിനും മിസ്റ്റർ ബീസ്റ്റിനും പുറമെ സായ് പല്ലവി, രവി ദുബെ, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ‘രാമായണ’ത്തിന്റെ ആദ്യ ഭാഗം 2026 നവംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027-ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
MrBeast chanted “Jai Shri Ram” after Ranbir Kapoor prompted him at a Mumbai promotional event for Ramayana. The moment drew loud cheers and also sparked criticism from some social media users over the slogan’s political associations in India.