Entertainment News

'സാമന്തയുടെ കരിയർ നശിപ്പിച്ചത് താനല്ല'; വ്യാജ വാർത്തകൾക്കെതിരെ കോടതിയെ സമീപിച്ച് നാഗചൈതന്യ

സാമന്തയെ ചുറ്റിപ്പറ്റിയ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ച് നാഗചൈതന്യ

Entertainment Desk

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു നടി സാമന്തയും നടൻ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹമോചനം. വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2017-ൽ വിവാഹിതരായ ഇരുവരും 2021-ൽ വേർപിരിയുകയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലുമായി നിരവധി അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽതന്റെ വ്യക്തിത്വാവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നാഗ ചൈതന്യ.

മുൻഭാര്യ സാമന്തയെ വഞ്ചിച്ചതായും, അവരുടെ കരിയർ തകർത്തുവെന്നാരോപിക്കുന്നതുമായ വ്യാജവും അപകീർത്തികരവുമായ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങളോട് കൂടിയ വാർത്തകൾ തന്റെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

തന്റെ പേരും ചിത്രവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ കടുത്ത നിലപാടാണ് നാഗചൈതന്യ സ്വീകരിച്ചിരിക്കുന്നത്. അനധികൃതമായി വിപണിയിൽ എത്തുന്ന മെർച്ചൻഡൈസ് ഉത്‌പന്നങ്ങൾ, എഐയുടെ സഹായത്തോടെ സൃഷ്ടിച്ച വ്യാജ പോസ്റ്ററുകൾ, അശ്ലീല സ്വഭാവമുള്ള കണ്ടന്റുകളുടെ എസ്ഇഒ എന്നിവയിൽ തന്റെ പേര് ഉപയോഗിക്കുന്നത് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്സ് ക്ലോണിംഗ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകളും ഉള്ളടക്കങ്ങളും വ്യക്തികളുടെ സ്വകാര്യതയെ ഗുരുതരമായി ലംഘിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ചില വെബ്സൈറ്റുകൾ ട്രാഫിക് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഇത്തരം അപകീർത്തികരമായ കീവേഡുകൾ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.

കേസിന്റെ സ്വഭാവവും പ്രാധാന്യവും പരിഗണിച്ച് കോടതി സെപ്റ്റംബർ 30-ലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വിവാഹമോചനത്തിന് ശേഷം ഇരുവരും ജീവിതത്തിന്റെ പുതിയ പാതയിലാണ്. നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയെയും, സാമന്ത സംവിധായകൻ രാജ് നിദിമോരുവിനെയും വിവാഹം ചെയ്തിരുന്നു. എങ്കിലും, ആരാധകരെ സംബന്ധിച്ച് ഇരുവരുടെയും വിവാഹമോചനം വലിയ വേദനയുണ്ടാക്കിയതിനാൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഇന്നും സജീവമാണ്.

English Summary: Actor Naga Chaitanya has approached the Delhi High Court against defamatory fake content accusing him of harming Samantha’s career, seeking protection of his privacy and personality rights.