‘രാമായണ’ സിനിമയുടെ നിർമാതാവും പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ ചെയർമാനുമായ നമിത് മൽഹോത്രയുടെ വീട്ടിലും സ്ഥാപനത്തിന്റെ മുംബൈയിലെ ഓഫിസിലും സ്റ്റുഡിയോയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. മൽഹോത്രയുടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തിലും പരിശോധന നടത്തിയതായി റിപ്പോർട്ടുകളുണ്ട്. വിദേശത്തേക്ക് നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഒക്ടോബർ 7ന് ആരംഭിച്ച പരിശോധന ബുധനാഴ്ച രാവിലെയും തുടർന്നു. എന്നാൽ ഏത് ഇടപാടുകളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളതെന്നോ പരിശോധനയ്ക്ക് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ ആദായനികുതി വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
‘രാമായണ’ റിലീസിന് കൃത്യം ഒരു മാസം മാത്രം ശേഷിക്കെയാണ് നമിത് മൽഹോത്രയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാതാവാണ് നമിത് മൽഹോത്ര. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ ഓഹരിയിലും ഇടിവുണ്ടായി. കമ്പനിയുടെ ഓഹരി വില ഏകദേശം എട്ട് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോർട്ടുകൾ.
മുംബൈയിലെ വിവിധ ഇടങ്ങളിലായാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്. ഫിലിം സിറ്റിയിലെ പ്രൈം ഫോക്കസിന്റെ ഓഫിസിലും സ്റ്റുഡിയോയിലും പരിശോധന നടത്തി. ഇതിന് പുറമെ നമിത് മൽഹോത്രയുടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തിലും പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥരെത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വിദേശത്തേക്ക് നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച നടി രാകുൽ പ്രീത് സിങ്, നിർമാതാവ് വഷു ഭഗ്‌നാനി, പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നടത്തിയ പരിശോധനയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധനയെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഈ കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞയാഴ്ച നടന്ന അന്വേഷണങ്ങളും പ്രൈം ഫോക്കസിലും നമിത് മൽഹോത്രയുമായി ബന്ധപ്പെട്ട ഇടങ്ങളിലുമുണ്ടായ പരിശോധനകളും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഔദ്യോഗിക ഏജൻസികളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ആദായനികുതി വകുപ്പിന്റെ നടപടി ഓഹരി വിപണിയിലും ഉടൻ പ്രതിഫലിച്ചതാണ് കുടുതൽ സമ്മർദങ്ങൾക്ക് കാരണമായത്. ആഗോള മീഡിയ, എന്റർടെയ്ൻമെന്റ് രംഗത്തെ പ്രമുഖ കമ്പനികളിലൊന്നാണ് പ്രൈം ഫോക്കസ്. വിഷ്വൽ എഫക്ട്സ്, ആനിമേഷൻ, പോസ്റ്റ് പ്രൊഡക്‌ഷൻ, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ മേഖലകളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. നമിത് മൽഹോത്രയാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ ഏകദേശം 92 ശതമാനവും വിദേശ പ്രവർത്തനങ്ങളിൽനിന്നാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന റിപ്പോർട്ടുകൾ കമ്പനിയെ സംബന്ധിച്ച് കൂടുതൽ ശ്രദ്ധേയമാകുകയാണ്.
നമിത് മൽഹോത്രയാണ് രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ നിർമിക്കുന്നത്. റിലീസിന് മുന്നോടിയായി ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്നു. സണ്ണി ഡിയോൾ, രാകുൽ പ്രീത് സിങ്, അരുൺ ഗോവിൽ, രവി ദുബെ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം ദീപാവലി റിലീസായി നവംബർ 5ന് തിയറ്ററുകളിലെത്തും. രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വമ്പൻ ബജറ്റ്, താരനിര, ഇതിഹാസകഥയെ നിതേഷ് തിവാരി എങ്ങനെ അവതരിപ്പിക്കുമെന്ന ആകാംക്ഷ എന്നിവയെല്ലാം ‘രാമായണ’ത്തെ നേരത്തെ തന്നെ വലിയ ചർച്ചയാക്കിയിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിന് ഒരു മാസം മാത്രം ശേഷിക്കെ നിർമാതാവ് നമിത് മൽഹോത്രയുടെ വസതിയിലും അദ്ദേഹം നേതൃത്വം നൽകുന്ന പ്രൈം ഫോക്കസിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയതോടെ ചിത്രം കൂടുതൽ വാർത്തകളിൽ ഇടംപിടിക്കുകയാണ്.
Income Tax officials conducted searches at the Mumbai home, office and studio of Prime Focus chairman and Ramayana producer Namit Malhotra. The action is reportedly linked to foreign remittances, though no official details have emerged. The searches come a month before Ramayana releases, while Prime Focus shares reportedly fell around 8%