ലോസ് ഏഞ്ചൽസിലെ ചരിത്രപ്രധാനമായ റാഡ്ഫോർഡ് സ്റ്റുഡിയോ സെന്റർ 380 മില്യൺ ഡോളറിന് സ്വന്തമാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ഹോളിവുഡിലെ പ്രധാന പ്രൊഡക്ഷൻ കേന്ദ്രങ്ങളിലൊന്നായ സ്റ്റുഡിയോ ഏറ്റെടുക്കുന്നതോടെ ലോസ് ഏഞ്ചൽസിലെ സിനിമാ നിർമ്മാണ മേഖലയിൽ നെറ്റ്ഫ്ലിക്സിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകും. ചൊവ്വാഴ്ചയോടെ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
റാഡ്ഫോർഡ് സ്റ്റുഡിയോയുടെ മുൻ ഉടമകളായ ഹാക്ക്മാൻ ക്യാപിറ്റൽ പാർട്ണേഴ്സ് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് സ്റ്റുഡിയോ വിൽപ്പനയിലേക്ക് എത്തിയത്. പ്രദേശത്ത് സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നതും കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. തുടർന്ന് സ്വത്ത് ഏറ്റെടുത്ത വായ്പാദാതാക്കളായ ഗോൾഡ്മാൻ സാക്സ് നേതൃത്വം നൽകിയ സംഘവുമായി നെറ്റ്ഫ്ലിക്സ് ചർച്ച നടത്തി ഏറ്റെടുക്കൽ കരാറിലെത്തുകയായിരുന്നു.
2021ൽ ഹാക്ക്മാൻ ക്യാപിറ്റൽ പാർട്ണേഴ്സ് റാഡ്ഫോർഡ് സ്റ്റുഡിയോ സ്വന്തമാക്കിയത് 1.85 ബില്യൺ ഡോളറിനായിരുന്നു. എന്നാൽ ഇപ്പോൾ 380 മില്യൺ ഡോളറിനാണ് നെറ്റ്ഫ്ലിക്സ് ഇത് വാങ്ങുന്നത്. മുൻ ഇടപാടുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 80 ശതമാനത്തോളം വിലയിടിവാണ് പുതിയ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. ലോസ് ഏഞ്ചൽസിൽ നിന്നും കാലിഫോർണിയയിൽ നിന്നും സിനിമാ ചിത്രീകരണ പ്രവർത്തനങ്ങൾ മറ്റ് മേഖലകളിലേക്ക് മാറുന്നതിന്റെ സൂചനയായും ഈ വിലവ്യത്യാസം വിലയിരുത്തപ്പെടുന്നു.
ഏറ്റെടുക്കലിന്റെ ഭാഗമായി 10.9 മില്യൺ ഡോളറിന് മുകളിൽ വിലയുള്ള സ്വത്തുക്കൾക്ക് ബാധകമായ 5.5 ശതമാനം മാൻഷൻ ടാക്സും നെറ്റ്ഫ്ലിക്സ് അടച്ചിട്ടുണ്ട്. സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ കൈമാറുന്നതും തുടർനടത്തിപ്പും ഏകോപിപ്പിക്കാൻ ലൂയിസ് ഡാർഗൻസിയോയുടെ സ്റ്റുഡിയോ സർവീസസ് സ്ഥാപനമായ സെല്ലോയുമായി നെറ്റ്ഫ്ലിക്സ് കരാറിലേർപ്പെട്ടു. സ്ഥാപനത്തിന്റെ എന്റർടെയ്ൻമെന്റ് അഡ്വൈസറി വിഭാഗമായ ZVantage ആയിരിക്കും പ്രവർത്തനങ്ങളുടെ മാറ്റം നിയന്ത്രിക്കുക. നിർമ്മാണ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ഡാർഗൻസിയോയുടെ മറ്റൊരു സ്ഥാപനമായ Cinelease-ഉം സേവനങ്ങൾ നൽകുന്നതിനായി പങ്കാളിയാകും.
55 ഏക്കർ വിസ്തൃതിയിലുള്ള റാഡ്ഫോർഡ് ക്യാമ്പസ് സ്വന്തമാക്കുന്നതോടെ നിലവിൽ വിവിധ സ്റ്റുഡിയോകളിലായി നടക്കുന്ന ചിത്രീകരണ പ്രവർത്തനങ്ങൾ ഒരിടത്തേക്ക് ഏകോപിപ്പിക്കാൻ നെറ്റ്ഫ്ലിക്സിന് സാധിച്ചേക്കും. വർഷങ്ങളായി സൺസെറ്റ് സ്റ്റുഡിയോയിലെ പ്രധാന വാടകക്കാരായിരുന്ന നെറ്റ്ഫ്ലിക്സ് റാലി സ്റ്റുഡിയോയിലും ചിത്രീകരണം നടത്തിയിരുന്നു. പുതിയ ഏറ്റെടുക്കൽ വാടകച്ചെലവുകൾ കുറയ്ക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ലോസ് ഏഞ്ചൽസിലും കാലിഫോർണിയയിലുമുള്ള നിക്ഷേപം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റാഡ്ഫോർഡ് സ്റ്റുഡിയോ വാങ്ങുന്നതെന്ന് ജീവനക്കാർക്ക് അയച്ച മെമ്മോയിൽ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി. ലോസ് ഏഞ്ചൽസ് തങ്ങളുടെ സ്വന്തം നഗരമാണെന്നും ഇവിടുത്തെ നിക്ഷേപം തുടരുമെന്നും കമ്പനി അറിയിച്ചു. സിനിമാ മേഖലയിലെ എഴുത്തുകാർ, നിർമ്മാണ പ്രവർത്തകർ, ഇലക്ട്രീഷ്യൻമാർ, ഡ്രൈവർമാർ, ഡിസൈനർമാർ, അഭിനേതാക്കൾ എന്നിവരെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ കണ്ടെത്തുമെന്നും മെമ്മോയിൽ പറയുന്നു.
2018 മുതൽ ഇതുവരെ 300ലധികം സിനിമകളും ടെലിവിഷൻ പരിപാടികളും നെറ്റ്ഫ്ലിക്സ് ലോസ് ഏഞ്ചൽസിൽ പ്രധാനമായും ചിത്രീകരിച്ചിട്ടുണ്ട്. ദി റിപ് , ദി ഫർദർ മിസ്-അഡ്വെഞ്ചേഴ്സ് ഓഫ് ക്ലിഫ് ബൂത്ത്, ഗ്ലോ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം മാത്രം 45ലധികം ചിത്രീകരണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ ഏറ്റെടുക്കൽ നെറ്റ്ഫ്ലിക്സിന്റെ ഓഫീസ് പ്രവർത്തനങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. നിലവിൽ സൺസെറ്റ് സ്റ്റുഡിയോയിലെ ഐക്കോൺ , എപിക് , ക്യൂ കെട്ടിടങ്ങളിലായി 7 ലക്ഷത്തിലധികം ചതുരശ്ര അടി ഓഫീസ് സ്ഥലം കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്. ഈ കരാറുകൾ 2031ലാണ് അവസാനിക്കുന്നത്. എന്നാൽ സമീപഭാവിയിൽ ഓഫീസ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്നാണ് നെറ്റ്ഫ്ലിക്സിന്റെ നിലപാട്. കാലിഫോർണിയ സർക്കാരിന്റെയും ലോസ് ഏഞ്ചൽസ് നഗരസഭയുടെയും സഹകരണത്തോടെ സംസ്ഥാനത്തെ സിനിമാ വ്യവസായത്തിൽ പുതിയ നിക്ഷേപങ്ങൾക്ക് തുടക്കമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Netflix is acquiring Los Angeles’ historic Radford Studio Center for $380 million, expanding its Hollywood production presence. The 55-acre campus could help streamline filming operations and reduce rental costs. The deal follows former owner Hackman Capital Partners’ mortgage default and comes as Netflix reaffirms its commitment to investing in California’s entertainment industry.