iffi 2026: അതിർത്തികൾ മറികടക്കുന്ന ലോകസിനിമ

സിനിമ ഒരു ഭാഷയാണ് , അത് അധികാരത്തിൻ്റെ പലതരം അരിപ്പകൾ മറികടന്ന് വിദൂരദേശങ്ങളിൽ അതിനായി കാത്തിരിക്കുന്നവർക്കായുള്ള സന്ദേശങ്ങൾ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും. അതു കാണലും വായിയ്ക്കലുമാണ് സിനിമയുടെ സൗന്ദര്യം
iffi 2026: അതിർത്തികൾ മറികടക്കുന്ന ലോകസിനിമ
Published on: 

"ഇന്ത്യയുടെ 57 -ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ പാതിദൂരം പിന്നിട്ടു: സ്ഥിരം വേദിയായ ശേഷം 22-ാമത്തെ ചലച്ചിത്രോത്സവം . എത്ര വിഴുങ്ങാൻ ശ്രമിച്ചിട്ടും മുഴുവനായും കീഴ്പ്പെടാൻ വിസമ്മതിച്ചു നിൽക്കുന്ന യൗവ്വനമാണ് ലോക സിനിമയുടെ സൗന്ദര്യം "

"Stories Without Borders- അതിർത്തികൾ ഇല്ലാത്ത കഥകൾ " എന്നതാണ് ഈ വർഷത്തെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോവത്തിൻ്റെ താക്കോൽവാക്ക് . അധികാരത്തിൻ്റെ അന്തകവിത്തുകൾ സിനിമക്ക് മേൽ നിർമ്മിക്കുന്ന അതിർത്തികൾ ലംഘിച്ചാണ് എല്ലാ കാലത്തും മികച്ച സിനിമകൾ വെള്ളിത്തിരയിൽ എത്തിയത് . ഹിറ്റ്ലറുടെയും മുസോളിനിയുടെയും സ്റ്റാലിൻ്റെയും ഫ്രാങ്കോയുടെയും സ്വേച്ഛാധിപത്യങ്ങളെ സിനിമ മറികടന്നത് അങ്ങിനെയാണ് . ഇപ്പോഴും അതങ്ങിനെത്തന്നെയാണ് . സിനിമ ഒരു ഭാഷയാണ് , അത് അധികാരത്തിൻ്റെ പലതരം അരിപ്പകൾ മറികടന്ന് വിദൂരദേശങ്ങളിൽ അതിനായി കാത്തിരിക്കുന്നവർക്കായുള്ള സന്ദേശങ്ങൾ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും. അതു കാണലും വായിയ്ക്കലുമാണ് സിനിമയുടെ സൗന്ദര്യം .

ഇഫിഗോവ ടിക്കറ്റ് ബുക്കിങ്ങ് ആപ്പ് ഇത്തവണ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു . രാവിലെ കൃത്യം എട്ടുമണിക്ക് ബുക്കിങ് തുടങ്ങി അഞ്ചു മിനുട്ടിനകം എല്ലാ ടിക്കററും തീരും . അതുകൊണ്ട് തന്നെ luck by Chance എന്ന മട്ടിലാണ് കാര്യങ്ങൾ . ആഗ്രഹിച്ച സിനിമക്ക് നോക്കുമ്പോൾ ടിക്കറ്റ് കിട്ടിക്കൊള്ളണം എന്നില്ല.

iffi 2026: അതിർത്തികൾ മറികടക്കുന്ന ലോകസിനിമ
മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?

ഒറ്റനോട്ടത്തിൽ സംഘപരിവാർ കീഴടക്കിയ ഇന്ത്യൻ പനോരമ സിനിമകളാണ് ഇഫി ഗോവയുടെ പ്രതിച്ഛായ തകർത്തിട്ടുള്ളത് . എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അത്തരമൊരു കീഴടക്കൽ തുടങ്ങിയിട്ട് . എന്തു തരം സിനിമകളാണോ ഇന്ത്യൻ സിനിമ എന്ന പേരിൽ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാൻ രാജ്യം ഭരിക്കുന്ന പ്രത്യയശാസ്ത്രം ആഗ്രഹിക്കുന്നത് അത്തരം സിനിമകൾ തിരഞ്ഞു പിടിച്ച് തിരഞ്ഞെടുക്കുന്ന ജൂറിമാരെ കണ്ടെത്തുക എന്ന ദൗത്യത്തിൽ അധികാരം വിജയിച്ചു കഴിഞ്ഞു . പാകിസ്ഥാനിൽ നൂണ്ടു കയറി ഭീകരരെ കൊന്നൊടുക്കുന്ന ഇന്ത്യൻ ഇൻ്റലിജൻസിൻ്റെ വീരഗാഥയായ ആദിത്യ ദറിൻ്റെ "ദുരന്തർ" ആയിരുന്നു പനോരമ ഉൽഘാടന ചിത്രം . ലോക സിനിമാ വിഭാഗത്തിൽ മത്സരത്തിന് മാറ്റുരയ്ക്കാൻ എത്തുന്ന ഇന്ത്യൻ ചിത്രങ്ങളിൽ "കാന്താര"യും "കേരള സ്റ്റോറി 2 "യുമുണ്ട് . കേരള സ്റ്റോറി ലോകം കാണണം എന്ന് തീരുമാനിച്ചു കയറ്റി വിട്ട ജൂറിയുടെ ഉദ്ദേശലക്ഷ്യങ്ങൾ അതോടെ വ്യക്തമാണ് . അത്തരമൊരു ജൂറി അടൂർ ഗോപാലകൃഷ്ണൻ്റെ "പദയാത്ര" പോലൊരു സിനിമക്ക് പനോരമ പ്രവേശനം അസാദ്ധ്യമാക്കും ഉറപ്പാണ് . ആര് ആഗ്രഹിച്ചിട്ടും ഒരു കാര്യവുമില്ല . സംഘപരിവാർ ഫിലിം ഫെസ്റ്റിവലിന് ചുക്കാൻ പിടിയ്ക്കുന്ന കാലത്തോളം ഇനി മറുരാഷ്ട്രീയം പറയുന്ന സിനിമകൾക്ക് വഴിതെറ്റി മാത്രമേ ഇഫിയിൽ കടന്നു കൂടാനാവൂ . അഖിൽ സത്യൻ്റെ "സർവ്വം മായ " , ശ്രീഹരി ഹരിദാസിൻ്റെ "അജയൻ്റെ മരണം ഒരു കേസ് സ്റ്റഡി " ശ്രുതി ശരണ്യത്തിൻ്റെ "ഒറ്റഞാവൽമരം" എന്നീ സിനിമകൾക്കാണ് ഇത്തവണ പനോരമ എൻട്രി കിട്ടിയത് . അഖിൽ സത്യൻ്റെ സിനിമ കേരളത്തിൽ റിലീസ് ചെയ്തപ്പോൾ കണ്ടതാണ് . മററു രണ്ട് സിനിമകളും റിലീസ് ചെയ്തിട്ടില്ല.

മറ്റു സിനിമകൾക്കൊന്നും ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ഒരൊറ്റ ഇന്ത്യൻ സിനിമക്കാണ് കയറിയത് . ഗാല പ്രിമിയർ വിഭാഗത്തിൽ "കൂട് " എന്ന തമിഴ് സിനിമക്ക് . ഫെസ്റ്റിവലിലെ ഏററവും വലിയ തിയറ്റർ ആയ ഐനോക്സ് ഒന്നിൽ ആയിരുന്നു പ്രദർശനം . എന്നാൽ അരമണിക്കൂറിനപ്പുറം അത് കണ്ടിരിക്കാനായില്ല എന്നു പറയുന്നതിൽ ഖേദമുണ്ട്. മലയാളത്തിലെ സാധാരണ ടെലിവിഷൻ സീരിയലുകൾക്ക് പോലും അതിലും ഗുണനിലവാരമുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം എന്നു ഉറപ്പിച്ചു പറയാനാകും .

iffi 2026: അതിർത്തികൾ മറികടക്കുന്ന ലോകസിനിമ
സക്കറിയയുടെ ജീവിതവും എഴുത്തും സിനിമയില്‍ കണ്ടുമുട്ടുമ്പോള്‍

ഓർമ്മയിൽ നീറി നിൽക്കുന്ന 3 സിനിമകൾ

ഒന്ന് : തുർക്കിയിൽ നിന്നുള്ള സംവിധായകൻ ഫൈസാൽ സോയാലി ( Faysal Soysal ) ൻ്റെ റഹ്‌മ (Rahma ) . രാജ്യങ്ങളുടെ രൂപത്തിൽ മനുഷ്യർ മനുഷ്യർക്ക് മേൽ വരച്ചിടുന്ന അതിർത്തികൾ മനുഷ്യരോട് ചെയ്ത് കൂട്ടുന്ന ക്രൂരതകളുടെ ആഴം ഓർമ്മയിൽ കൊളുത്തിയിടുന്നു "റഹ്‌മ" . തുർക്കി അതിർത്തിയിൽ എത്തുന്ന സിറിയയിൽ നിന്നുള്ള അഭയാർത്ഥികളുടെ ജീവിത ദുരന്തങ്ങളാണ് സിനിമ പറയുന്നത് . പച്ച മരം നിന്നു കത്തുന്നത് പോലൊരു അനുഭവമാണ് നോക്കി ഒരു മരത്തണലിൽ കൊച്ചുമകൾ രഹ്‌മയെ നോക്കി നിൽക്കുമ്പോൾ അവളുടെ അച്ഛനമ്മമാർ ബോംബാക്രമണത്തിൽ കത്തിയമരുന്നത് . തുർക്കിയിൽ നിന്നും യൂറോപ്പിലേക്ക് ബോട്ട് മാർഗ്ഗമുള്ള സിറിയൻ അഭയാർത്ഥികളുടെ പാലായനത്തിൽ മരിച്ചു കിടക്കുന്ന അലൻ കുർദി എന്ന കൊച്ചു ബാലൻ്റെ ചിത്രം 2015 ൽ ലോകത്തെ നടുക്കിയതിൻ്റെ ഓർമ്മയിലാണ് രഹ്‌മ എന്ന അഭയാർത്ഥി പെൺകുട്ടിയുടെ ജീവിതയാത്ര ഫൈസാൽ സോയാൽ ഹൃദയസ്പർശിയായി ആവിഷ്‌ക്കരിക്കുന്നത് . ഗാസയിലും സിറിയയിലുമൊക്കെ വംശഹത്യ ചെയ്യപ്പെടുന്ന കുട്ടികളടെ ഓർമ്മക്കായി സമർപ്പിക്കപ്പെട്ട സിനിമയാണ് തൻ്റെ "രഹ്‌മ " യെന്ന് സംവിധായകൻ സിനിമക്ക് ശേഷം നടന്ന ചോദ്യോത്തര വേളയിൽ പറഞ്ഞത് ശ്രദ്ധേയമായിരുന്നു . സിനിമക്ക് അതിർത്തികൾ കടന്ന് കഥകൾ പറയാനാൻ ഇപ്പോഴും കഴിയും എന്നതിൻ്റെ സാക്ഷ്യമാണ് "രഹ്‌മ ".

രണ്ട്: ജർമ്മൻ സംവിധായകനായ വോൾകർ സ്കോൺഡ്രോഫിൻ്റെ ( Volker Schlöndorff ) "വിസിറ്റേഷൻ" ആണ് അവിസ്മരണീയമായ ഒരു ഫെസ്റ്റിവൽ അനുഭവം നൽകിയ സിനിമ . ഒരു ഉൾനാടൻ തടാകക്കരയിലെ ഒരേ വീടിൻ്റെ പല കാലങ്ങളുടെ ജീവിതത്തിലൂടെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രം മറനീക്കി കാണിയ്ക്കുന്നു. ഹിറ്റ്ലറുടെ വരവും പോക്കും ജർമ്മനിയിലെ സോവിയറ്റ് അധിനിവേശവും ജർമ്മൻ വിഭജനവും ജർമ്മൻ മതിലിൻ്റെയും സോവിയറ്റ് പതനവും വരെ നീളുന്ന ചരിത്രം ഒരൊറ്റ വീടിൻ്റെ പല ഉടമകളുടെ ജീവിതത്തിലൂടെ പറയുന്ന മനോഹരമായ ഓർമ്മച്ചിത്രമാണ് വിസിറ്റേഷൻ .

"വിസിറേറഷൻ" എന്ന സിനിമ കാണുമ്പോൾ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ലോകപ്രശസ്ത ചലച്ചിത്ര ചിന്തകനും ചലച്ചിത്ര അദ്ധ്യാപകനുമായ ഡോ. ബാബു തളിയത്ത് എഴുതിയ പ്രതികരണം ആ സിനിമയെക്കുറിച്ച് അറിയാത്ത ഒരു ചരിത്രത്തിലേക്ക് വലിയ വാതിൽ തുറക്കുന്നതായത് കൊണ്ട് ആ പോസ്റ്റ് കൂടി ഇവിടെ ചേർക്കുന്നു :

" I know the author of 'Visitation' (Heimsuchung), Jenny Erpenbeck, very well. I translated her novel Kairos for the KLF last year. When we visited her in Berlin this summer, she took us to the shooting location – the old family home around which the story revolves. In fact, I’m going to translate the novel 'Heimsuchung' directly from German into Malayalam. Just let me know what you think of the film."

കഴിഞ്ഞ കേരള ലിട്രേച്ചർ ഫെസ്റ്റിലൂടെ ബാബു തളിയത്ത് ജർമ്മനിയിൽ നിന്നും നേരിട്ട് മലയാളത്തിൽ എത്തിച്ച നോവലിസ്റ്റ് Jenny Erpenbeck ൻ്റെ Visitation എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ എന്ന അറിവ് മലയാളിയുടെ വായനാ യാത്രാപഥങ്ങളെക്കുറിച്ച് അഭിമാനത്തോടെ ഓർക്കാൻ പറ്റുന്ന കാര്യമാണ് . അവരുടെ "kairos" നോവലാണ് ബാബു തളിയത്ത് മലയാളത്തിൽ എത്തിച്ചത് . Visitation നും ജർമ്മനിയിൽ നിന്നും നേരിട്ട് മലയാളത്തിലെത്തിയ്ക്കാൻ പോകുന്ന ബാബു തളിയത്തിന് ഒരഭിനന്ദനം ഇവിടെ ചേർക്കുന്നു . മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹിറോയിൻ മിസ്സ് കുമാരിയുടെ മകനാണ് ബാബു തളിയത്ത് . മിസ്സ് കുമാരിയുടെ ഒരപൂർവ്വ ജീവചരിത്രവും ഒരു കവിതാ സമാഹാരവും ബാബുവിൻ്റെതായി മലയാളത്തിലുണ്ട് . ജർമ്മൻ ഭാഷയിലെഴുതിയ ആന്ദ്രേ താർക്കോവ്സ്കിയുടെ സിനിമകളെക്കുറിച്ചുള്ള ബാബുവിൻ്റെ പഠനഗ്രന്ഥവും മലയാളത്തിൽ എത്തിയ്ക്കാനും ശ്രമം നടക്കുന്നുണ്ട് .

iffi 2026: അതിർത്തികൾ മറികടക്കുന്ന ലോകസിനിമ
സൂര്യയല്ല, നസ്‍‍‍ലനാണ് സീൻ!

മൂന്ന്: ഡാനിയേൽ മോൺസോൺ സംവിധാനം ചെയ്ത സ്പാനിഷ് സിനിമ "Pray For Us " . സ്പെയിനിൽ സ്വാതന്ത്ര്യ തൃഷ്ണകൾ പ്രകടിപ്പിക്കുന്ന പെൺകുട്ടികളെ കന്യാസ്ത്രീകൾ നടത്തുന്ന അച്ചടക്കം പഠിപ്പിക്കുന്ന സ്‌കൂളുകളിൽ ഇട്ടു പീഡിപ്പിക്കുന്ന നരകതുല്യമായ ജീവിതങ്ങളിലേക്കാണ് സിനിമ നമ്മെ കൊണ്ടു പോകുന്നത് . അതിജീവനത്തിൻ്റെ വഴികൾ തേടുന്നവർക്ക് വലിയ വിലയാണ് അവിടെ കൊടുക്കേണ്ടി വരുന്നത് . മഠത്തിലെ ജയിലുകൾക്ക് തുല്യമായ അങ്കണത്തിൽ വളരുന്ന റോസാ പൂക്കൾക്ക് പ്രായമാകാത്ത പെൺകുട്ടികൾ പ്രസവിച്ച കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്തിൻ്റെ ഗന്ധമുണ്ടെന്ന സൂചന നൽകുന്നുണ്ട് സിനിമ .

ലോകം മുഴുവനും അധികാരം നിശബ്ദമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും സിനിമകൾ തളരുന്നില്ല എന്നതിൻ്റെ വ്യക്തമായ സൂചന ഇഫി ഗോവ അതിൻ്റെ 57 -ാം അദ്ധ്യായത്തിലും നൽകുന്നു എന്നത് ആഹ്ലാദകരമായ അനുഭവമാണ് . 2004 ലാണ് ഇന്ത്യയുടെ ചലച്ചിത്രോത്സവം ഗോവയിൽ എത്തുന്നത് . അതിനിപ്പോൾ പ്രായപൂർത്തിയായി ! 22 വയസ്സ് . അതിൽ ഒന്നൊഴികെ എല്ലാ 21 ഫെസ്റ്റിവലുകളുടെയും ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട് , കോവിഡ് കാലത്തടക്കം ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതും ഓർമ്മയാണ് . ഗോവയിൽ പല കയറ്റിറക്കങ്ങൾ കണ്ടു . പണ്ട് ഒപ്പമുണ്ടായിരുന്ന പലരെയും കാണാതായി . പുതുതായി പലരും വന്നു ചേർന്നു കൊണ്ടിരിക്കുന്നു . ഗോവയിൽ സിനിമയോടുള്ള ആവേശത്തെ സമ്പൂർണ്ണമായി തളർത്താൻ അധികാര രാഷ്ട്രീയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഗോവയിൽ സിനിമയുടെ വിജയം . എണ്ണമെടുത്താൻ ഭൂരിപക്ഷം മലയാളികൾ ആയിരിക്കുമെന്നതും നമ്മുടെ ചലച്ചിത്ര യാത്രകളുടെ വിജയമാണ് , മലയാളികളുടെയും . അതിർത്തികൾ മറികടന്നെത്തുന്ന സിനിമകൾക്കായുള്ള കാത്തിരുപ്പിൻ്റെ ആലോഷമാണ് ഗോവ.

Summary

The 57th International Film Festival of India (IFFI), held in Goa, has crossed its halfway mark, marking the 22nd edition since Goa became its permanent venue. This year's theme, “Stories Without Borders,” celebrates the universal language of cinema and its ability to transcend geographical, political and ideological boundaries. The article reflects on how cinema has historically challenged authoritarian regimes and continued to communicate powerful messages across borders. It also highlights the challenges faced by festivalgoers due to the IFFI ticket-booking app, where tickets often sell out within minutes of bookings opening, making access to preferred screenings a matter of luck.