Entertainment News

അങ്ങനെ അവർ വീണ്ടും ഒന്നിക്കുകയാണ്.. നിവിൻ- അൽഫോൺസ് ചിത്രം NP50

വരുന്ന 27-ആം തീയതി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് എറണാകുളം പത്മ തീയേറ്ററിൽ വച്ച് നടക്കും

Entertainment Desk

ഒടുവിൽ അത് സംഭവിക്കുന്നു! മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടൻ-സംവിധായകൻ കൂട്ടുകെട്ടുകളിലൊന്ന് ഒടുവിൽ തിരിച്ചെത്തുന്നു. വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് നിവിൻ പോളിയും അൽഫോൻസ് പുത്രനും പുതിയ ചിത്രത്തിനായി വീണ്ടും കൈകോർക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെ 50-ാമത്തെ ചിത്രമാണ് അൽഫോൺസ് ഒരുക്കുന്നത്. വരുന്ന 27-ആം തീയതി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് എറണാകുളം പത്മ തീയേറ്ററിൽ വച്ച് നടക്കും.

അൽഫോൻസ് പുത്രൻ തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. കൊച്ചിയിലെ പ്രശസ്തമായ പത്മ തിയേറ്ററിൽ വെച്ച് ജൂൺ 27-ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് ചടങ്ങിലേക്ക് ആരാധകരെ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്.

"പത്മ തിയേറ്ററിൽ നേരിട്ട് വന്ന് ഞങ്ങളോടൊപ്പം ചേരൂ. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എപ്പോഴത്തെയും പോലെ കൂടെയുണ്ടാകണം," അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച 'നേരം', 'പ്രേമം' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയെല്ലാം അൽഫോൻസ് പുത്രൻ തന്നെയാണ് നിർവഹിക്കുന്നത്. മോട്ടോക്രോസ് (ബൈക്ക് റേസിങ്) പശ്ചാത്തലമാക്കിയുള്ള ഒരു കായിക ത്രില്ലർ ആയിരിക്കും ഈ സിനിമയെന്നാണ് പുറത്തുവരുന്ന പ്രാഥമിക സൂചനകൾ.

മലയാളത്തിലെ ഏക്കാലത്തെയും ട്രെൻഡ് സെറ്റർ ചിത്രമായ പ്രേമം ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. വെറുമൊരു ബോക്സ് ഓഫീസ് വിജയം എന്നതിലുപരി, കേരളത്തിലെ പോപ്പ് കൾച്ചറിൽ വലിയ സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിന് സാധിച്ചു. ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റി നടക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളും സംഭാഷണങ്ങളും ഗാനങ്ങളും സമ്മാനിച്ചത് ഈ ഹിറ്റ് കോമ്പോയാണ്.

പിന്നീട് പൃഥ്വിരാജ്-നയൻതാര കൂട്ടുകെട്ടിൽ അൽഫോൻസ് പുത്രൻ 'ഗോൾഡ്' എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും, ആരാധകരുടെ കാത്തിരിപ്പ് നിവിൻ പോളിയുമായുള്ള ഈ ഒത്തുചേരലിനായിരുന്നു. അൽഫോൻസ് പുത്രൻ എന്ന സംവിധായകന്റെ തനതായ സിനിമാ ശൈലി പ്രേക്ഷകരിലേക്ക് എത്തുന്നതിൽ 'നേരം', 'പ്രേമം' എന്നീ ചിത്രങ്ങളിലെ നിവിൻ പോളിയുടെ സ്വാഭാവിക പ്രകടനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ മാജിക് വീണ്ടും വെള്ളിത്തിരയിൽ ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് 'NP50' യാഥാർത്ഥ്യമാകുമ്പോൾ സിനിമാലോകം കാത്തിരിക്കുന്നത്.

Putting an end to years of rumors and eager anticipation from fans, actor Nivin Pauly and director Alphonse Puthren are officially reuniting for a new film. Directed by Alphonse, this highly anticipated project marks the 50th movie in Nivin Pauly's career. The official title launch event for the film is scheduled to take place on the 27th of this month at the Padma Theatre in Ernakulam.