Entertainment News

'അവരെ വിളിച്ചു മടുത്തു', 'ഒരു വര്‍ഷത്തോളമായി ഒരേ ലുക്ക് നിലനിര്‍ത്താന്‍ നിര്‍ബന്ധിതനാകുന്നു'; 'ബെന്‍സ്' ചിത്രീകരണം വൈകുന്നതിനെതിരെ നിവിന്‍ പോളി

'സുഹൃത്തുക്കളെ, ഈ അഭിമുഖം കണ്ടതിന് ശേഷമെങ്കിലും ഒരു തീരുമാനമെടുത്ത് ആ സിനിമ പൂര്‍ത്തിയാക്കി തരൂ'

Entertainment Desk

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്ന 'ബെന്‍സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതിനെതിരെ കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് നിവിന്‍ പോളി. ചിത്രത്തില്‍ 'വാള്‍ട്ടര്‍' എന്ന വില്ലന്‍ വേഷത്തിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ഷൂട്ടിങ് ഷെഡ്യൂളുകള്‍ നിരന്തരം മാറ്റിവെക്കുന്നത് തന്റെ കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുന്നുണ്ടെന്ന് താരം തുറന്നുപറഞ്ഞു. ചിത്രത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കഥാപാത്രത്തിന്റെ ലുക്ക് നിലനിര്‍ത്താന്‍ കരാര്‍പ്രകാരം താന്‍ ബാധ്യസ്ഥനാണെന്നും അതിനാല്‍ മറ്റ് പ്രോജക്റ്റുകള്‍ക്കായി ലുക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നുമാണ് നിവിന്‍ പോളി രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് സിനിമകളിലുടനീളം ഒരേ ലുക്ക് നിലനിര്‍ത്തിയത് ബോധപൂര്‍വ്വമായ ഒരു 'നിവിന്‍ പോളി ഫാക്ടര്‍' ആണോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് നടന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 'അങ്ങനെയല്ല, ബെന്‍സ് എന്ന തമിഴ് ചിത്രത്തിന് നല്‍കിയ കമ്മിറ്റ്‌മെന്റിന്റെ ഭാഗമായാണ് എനിക്ക് ലുക്ക് മാറ്റാന്‍ കഴിയാത്തത്. ലുക്ക് നിലനിര്‍ത്തണമെന്ന് വ്യക്തമായ കരാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്, എന്നാല്‍ ഇത് നീണ്ടുപോവുകയാണ്', അദ്ദേഹം പറഞ്ഞു. സിനിമയുടെ അണിയറപ്രവര്‍ത്തകരെ നിരന്തരം ഫോണില്‍ വിളിച്ച് മടുത്തുവെന്നും ഇനി അടുത്ത ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ പോലും ഇതുവരെയും യാതൊരുവിധ വ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെന്‍സ് നിര്‍മാതാക്കളുമായുള്ള കരാര്‍ കാരണം 'ബെത്ലഹേം കുടുംബ യൂണിറ്റ്', 'സര്‍വം മായ', 'പ്രതിഛായ' 'ബേബി ഗേള്‍' എന്നീ ചിത്രങ്ങളില്‍ ഒരേ ലുക്ക് തന്നെ തുടരേണ്ടി വന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ബെന്‍സ്' സിനിമയ്ക്ക് ഇനിയും 30 മുതല്‍ 35 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. എല്‍സിയു ആക്ഷന്‍ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. കൂടാതെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യാത്ത ആദ്യ എല്‍സിയു ചിത്രം കൂടിയാണിത്. 'സുഹൃത്തുക്കളെ, ഈ അഭിമുഖം കണ്ടതിന് ശേഷമെങ്കിലും ഒരു തീരുമാനമെടുത്ത് ആ സിനിമ പൂര്‍ത്തിയാക്കി തരൂ' എന്നാണ് നിവിന്‍ അഭിമുഖത്തിനിടെ അഭ്യര്‍ഥിച്ചത്.

രാഘവ ലോറന്‍സ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ബെന്‍സില്‍ വില്ലന്‍ കഥാപാത്രമായി നിവിന്‍ പോളി എത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റര്‍ വന്‍ ചര്‍ച്ചയായി. ആരാണ് പോസ്റ്ററില്‍ ഉള്ളതെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. പിന്നീട് പുറത്തുവിട്ട വിഡിയോയിലൂടെ ആ നടന്‍ നിവിന്‍ പോളി തന്നെയാണെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു. നിവിന്‍ പോളിതന്നെ പിന്നീട് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഒരു ഡാര്‍ക്ക് ഫ്രേമില്‍ തോക്കു പിടിച്ച് നടന്നുവരുന്ന ഷാഡോ ഫേയ്ഡ് വില്ലന്‍. ഡാര്‍ക്ക്‌നസ് ലോഡിങ് എന്ന ക്യാപ്ഷനിലാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

രാഘവ ലോറന്‍സിനും നിവിന്‍ പോളിക്കും പുറമെ സംയുക്ത മേനോന്‍, രവി മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി സ്‌ക്വാഡിന്റെ ബാനറില്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും സഹരചന നിര്‍വ്വഹിക്കുന്നതും. ബാക്കിയരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2024-ലാണ് പ്രഖ്യാപിച്ചത്. സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. ദക്ഷിണേന്ത്യന്‍ സംഗീത ലോകത്ത് വളര്‍ന്നുവരുന്ന യുവതാരം സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Malayalam actor Nivin Pauly has expressed strong frustration over repeated delays in the shooting of Benz, an upcoming film connected to Lokesh Kanagaraj’s Cinematic Universe (LCU). Nivin, who plays the villain character Walter, said the uncertainty surrounding the shooting schedule has affected his other film commitments. According to Nivin, he is contractually required to maintain a specific look for the character and has been unable to change his appearance for more than a year. As a result, he had to retain the same look for several other projects, including Bethlehem Kudumba Unit, Sarvam Maya, Prathichaya and Baby Girl. The actor said he has repeatedly contacted the film’s team but still has no clarity on when the next shooting schedule will begin. Reports suggest that around 30 to 35 days of filming are still pending.