മലയാള സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പേട്രിയറ്റ്’ മെയ് 1ന് തിയറ്ററുകളിലെത്താനിരിക്കെ, റിലീസിന് മുൻപേ തന്നെ ശ്രദ്ധേയമായ നേട്ടങ്ങളാണ് ചിത്രം സ്വന്തമാക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ഇതിന്റെ പ്രധാന ആകർഷണം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന് ആവശ്യമായ പ്രചാരണമോ ഹൈപ്പോ ലഭിച്ചിട്ടില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിലെ ചില വിഭാഗങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ആ വിലയിരുത്തലുകൾ തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ പുറത്തുവരുന്നത്. നിർമ്മാതാക്കൾ മുൻകൂട്ടി അറിയിച്ചതുപോലെ, ഇന്ന് രാവിലെ ഒൻപത് മണിക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ഇതിനോടകം തന്നെ ചില വിദേശ വിപണികളിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ 10,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. നിലവിൽ മണിക്കൂറിൽ 12,000ത്തിലധികം ടിക്കറ്റുകളാണ് ഈ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിയുന്നത്.
ഈ മുന്നേറ്റം ബോക്സ് ഓഫീസ് കണക്കുകളിലും പ്രകടമാണ്. കേരള ബോക്സ് ഓഫീസിൽ 50 ലക്ഷം രൂപയുടെ നേട്ടം ചിത്രം വെറും 42 മിനിറ്റിനുള്ളിൽ കൈവരിച്ചു. ആദ്യ 45 മിനിറ്റിനുള്ളിൽ ഈ സംഖ്യ 55.68 ലക്ഷമായി ഉയർന്നു. ട്രാക്കർ ജെറിൻ ജോർജുകുട്ടിയുടെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം തന്നെ 3.50 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഈ കണക്കുകൾ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിച്ചിരിക്കുന്ന വലിയ കാത്തിരിപ്പിനെയാണ് സൂചിപ്പിക്കുന്നത്. റിലീസിന് മുമ്പുള്ള അവസാന ദിവസങ്ങളിൽ അഡ്വാൻസ് ബുക്കിംഗ് എത്രത്തോളം ഉയരുമെന്നതും ഇൻഡസ്ട്രിയിൽ വലിയ കൗതുകമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ആദ്യദിന കളക്ഷൻ റെക്കോർഡ് നേടാനാകുമോ എന്ന ചോദ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
കേരളത്തിൽ ഒരു സിനിമയുടെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നിലവിൽ ‘എമ്പുരാൻ’ എന്ന ചിത്രത്തിനാണ്, 14.07 കോടി രൂപയാണ് ചിത്രം റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് വിജയ് നായകനായ ‘ലിയോ’ ആണ്, 12 കോടി രൂപയാണ് ആ ചിത്രത്തിന്റെ കേരള ഓപ്പണിംഗ് കളക്ഷൻ. ഇത്തരം ശക്തമായ റെക്കോർഡുകൾക്കിടയിൽ ‘പേട്രിയറ്റ്’ പുതിയ ചരിത്രം സൃഷ്ടിക്കുമോ എന്നതാണ് ഇനി സിനിമാലോകം ഉറ്റുനോക്കുന്നത്.
English Summary: “Patriot,” starring Mohanlal and Mammootty together after 18 years, shows strong advance booking, collecting ₹3.5 crore globally even before release.