Patriot 
Entertainment News

'20.5 കോടി'; റിലീസിന് മുന്നേ കളക്ഷൻ വാരിക്കൂട്ടി പേട്രിയറ്റ്

രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും 1.6 കോടിയും ഓവർസീസിൽ നിന്നും 13.25 കോടി രൂപയും പേട്രിയറ്റ് നേടിയിട്ടുണ്ട്

Madism Desk

പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘പേട്രിയറ്റ്’ മലയാള സിനിമാപ്രേമികളുടെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പ്രഖ്യാപനഘട്ടം മുതൽ തന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ച ഈ ചിത്രം, ഓരോ അപ്ഡേറ്റും പുറത്തുവന്നപ്പോഴും അതേ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ആരംഭിച്ച് നിമിഷങ്ങൾക്കകം തന്നെ പ്രീ സെയിൽ കളക്ഷൻ കണക്കുകൾ ശ്രദ്ധ നേടുകയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ട്രാക്കർമാർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കേരളത്തിൽ നിന്നുമാത്രം ‘പേട്രിയറ്റ്’ 5.65 കോടി രൂപയുടെ ഫൈനൽ പ്രീ സെയിൽ കളക്ഷൻ നേടിയിട്ടുണ്ട്. രാജ്യത്തെ മറ്റു ഭാഗങ്ങളിൽ നിന്നായി 1.6 കോടി രൂപയും, വിദേശ വിപണിയിൽ നിന്ന് 13.25 കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഈ കണക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ ആഗോളതലത്തിൽ ‘പേട്രിയറ്റ്’ റിലീസിന് മുൻപേ 20.5 കോടി രൂപയുടെ പ്രീ സെയിൽ കളക്ഷൻ നേടിയത് ശ്രദ്ധേയമാണ്. ആദ്യദിന കളക്ഷൻ 50 കോടി രൂപയ്ക്ക് സമീപം എത്താമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ.

മലയാള സിനിമയിൽ നിലവിൽ ആദ്യദിന കളക്ഷനിൽ മുന്നിലെത്തിയിരിക്കുന്നത് ‘എമ്പുരാൻ’ ആണ്. സാക്നിൽക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചിത്രം റിലീസ് ദിനത്തിൽ ആഗോളതലത്തിൽ 67.34 കോടി രൂപയാണ് നേടിയത്. ‘പേട്രിയറ്റ്’ ഈ റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷ ചില ട്രാക്കർമാർ പങ്കുവയ്ക്കുന്നുണ്ടെങ്കിലും, അന്തിമ കണക്കുകൾ വ്യക്തമാകാൻ കൂടുതൽ സമയം വേണ്ടിവരും. കേരളത്തിലെ പ്രീ സെയിൽ കളക്ഷൻ കണക്കുകൾ പ്രകാരം ‘പേട്രിയറ്റ്’ രണ്ടാം സ്ഥാനത്താണ്. 5.65 കോടി രൂപയുടെ കളക്ഷനോടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ദിലീപ് ചിത്രം ‘ഭഭബ’യെ പിന്തള്ളിയാണ് ഈ സ്ഥാനത്തെത്തിയത്.

കേരളത്തിൽ റിലീസിന് പ്രീ സെയിൽ ബുക്കിംഗിൽ മുൻനിരയിൽ ഇടം നേടിയ ചിത്രങ്ങളുടെ ലഭ്യമായ കണക്കുകൾ പ്രകാരം 12.4 കോടി രൂപയുടെ കളക്ഷനോടെ ‘എമ്പുരാൻ’ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. 5.65 കോടി രൂപ നേടിയ ‘പേട്രിയറ്റ്’ രണ്ടാം സ്ഥാനത്തും, 4.3 കോടി രൂപയുമായി ‘ഭഭബ’ മൂന്നാം സ്ഥാനത്തുമുണ്ട്. തുടർന്ന് ‘മലൈക്കോട്ടൈ വാലിബൻ’ 3.80 കോടി രൂപയോടെ നാലാം സ്ഥാനവും, ‘കിംഗ് ഓഫ് കൊത്ത’ 3.7 കോടി രൂപയോടെ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. 3.5 കോടി രൂപ വീതം നേടി ‘ടർബോ’യും ‘ആടുജീവിതം’യും ആറാം, ഏഴാം സ്ഥാനങ്ങളിൽ ഇടം പിടിച്ചപ്പോൾ, 3.4 കോടി രൂപയോടെ ‘ആട് 3’ എട്ടാം സ്ഥാനത്താണ്. 2.35 കോടി രൂപ നേടിയ ‘ഭീഷ്മപർവ്വം’ ഒൻപതാം സ്ഥാനത്തും, 2.3 കോടി രൂപയോടെ ‘തുടരും’ പത്താം സ്ഥാനത്തുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

English Summary: The Malayalam film Patriot, starring Mohanlal and Mammootty, has earned ₹20.5 crore in global pre-sales before release, creating strong expectations of a massive opening day at the box office