പ്രേക്ഷകരുടെ ഏറെ നാൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പേട്രിയറ്റ് തിയേറ്ററുകളിൽ. മലയാളം ഇന്നുവരെ കണ്ടതിൽ ഏറ്റവും മെഗാ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഇന്നാണ് ആഗോളതലത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരേ സിനിമയിൽ ഒരുമിച്ചെത്തുന്ന ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം. 19 വർഷത്തിനുശേഷമാണ് ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ച് എത്തുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റിൽ നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, ദർശന രാജേന്ദ്രൻ, സറിൻ ശിഹാബ്, ഗ്രേസ് ആന്റണി എന്നു തുടങ്ങിയ വമ്പൻ താരനിര തന്നെയുണ്ട്. മോഹൻലാൽ കാമിയോ വേഷത്തിലാണ് ചിത്രത്തിൽ. ഈ റോളിലേക്കു ബോളിവുഡിൽ നിന്നോ മറ്റുമായി ഒരു താരത്തെ കൊണ്ടുവന്ന് പാൻ ഇന്ത്യൻ സിനിമയാക്കണമെന്നായിരുന്നു സംവിധായകന്റെ ആദ്യ പ്ലാൻ. മമ്മൂട്ടിയാണ് മോഹൻലാലിനെ നിർദേശിച്ചത്., 'നമുക്ക് ഇവിടെയൊരാളുണ്ടല്ലോ' എന്നു പറഞ്ഞാണ് ലാലിനെ മമ്മൂട്ടി സിനിമയുടെ ഭാഗമാക്കാൻ മുൻകൈ എടുത്തത്.
ഈ ചിത്രത്തിന്റെ കഥ ആദ്യമായി കേട്ടപ്പോൾ ഇത് മലയാളം പോലൊരു ഇന്ഡസ്ട്രിക്ക് താങ്ങാൻ പറ്റുന്നതാണോ എന്ന സംശയമായിരുന്നു എനിക്കെന്നാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറയുന്നത്. ഇതിനേക്കാൾ വലിയൊരു ഹൈപ്പ് ചിത്രത്തിന് വേറെ കിട്ടുവാനുണ്ടോ എന്നത് സംശയമാണ്. കാരണം അത്രയും വലിയ ക്യാൻവാസിൽ, വലിയ സ്കെയിലിൽ എടുക്കേണ്ടുന്ന ഒരു സിനിമ എങ്ങനെ നമ്മളെടുക്കും എന്നൊരു അതിശയോക്തിയായിരുന്നു എനിക്ക് ഉണ്ടായതെന്നാണ് മമ്മൂട്ടി പറയുന്നത്.
ചിത്രത്തിലെ ‘മനുഷ്യൻ’ എന്ന പാട്ടിന്റെ ഓഡിയോ ട്രാക്കും ലിറിക്ക് വിഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ലിറിക് ഗാനം. മമ്മൂട്ടിക്കൊപ്പം ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
മലയാളത്തെ സംബന്ധിച്ച് അത്ര വലിയ സിനിമയാണ് 'പേട്രിയറ്റ്'. ഈ ഒരു ഉത്കണ്ഠ മഹേഷുമായി സംസാരിക്കുകയും ആരാണ് നിർമിക്കുന്നത് എന്നെല്ലാം ചോദിക്കുകയും ചെയ്തിരുന്നതായും മമ്മൂട്ടി പറയുന്നിടത്ത് ആദ്യം മനസിലേക്ക് വരുന്ന രൂപം ആന്റോ ജോസഫ് എന്ന ഒരു നിർമ്മാതാവിന്റേതാണ്. കഥ പറയാനൊരു സംവിധായകനും അഭിനയിക്കാൻ ഒരു അഭിനേതാവും ഉണ്ടായത് കൊണ്ട് മാത്രമായില്ലല്ലോ. കൃത്യമായ സാമ്പത്തിക നിക്ഷേപം നടത്തുന്നതും ഒരർത്ഥത്തിൽ ഒരു കലാപ്രവർത്തനം തന്നെയാണ്. ഒരുപാട് ക്ലേശങ്ങളും തിരിച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാക്കളിലൊരാളായത് എന്ന വരികളോടെ ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ച ഒരു കുറിപ്പിൽ നമുക്കിത് വ്യക്തമാണ്. ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആന്റോ ജോസഫിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മഹേഷിന്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആന്റോ ആദ്യ ദിനം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ് എന്നും അദ്ദേഹം പറയുന്നു. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളെയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് സാധിക്കും എന്ന പ്രതീക്ഷയാണ് അദ്ദേഹം പറഞ്ഞുവെച്ചത്.
നമ്മുടെ കാലത്ത് സ്വകാര്യതയെന്നത് വെറും മിത്താണെന്ന സത്യം ഈ സിനിമയിലൂടെ പറയാൻ മഹേഷ് നാരായണൻ ശ്രമിക്കുന്നു. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മലയാളത്തിന്റെ മഹാ പ്രതിഭകളായ നടന്മാരുടെ ഓറയിൽനിന്നുകൊണ്ടുള്ള ഒരു സിനിമയല്ല 'പേട്രിയറ്റ്'. പക്ഷെ അവർ ഇരുവരെയും കൃത്യമായി ആവശ്യമുള്ളതും അവരിലൂടെ മാത്രം നീങ്ങുന്നതുമായ കഥയാണ് ചിത്രത്തിന്റേത്. അതിനുള്ള സാഹചര്യങ്ങൾ എല്ലാം തന്നെ സിനിമയിലുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധകരെയും അവരെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ചിരിക്കുന്നവരെയും തൃപ്തിപ്പെടുത്ത എല്ലാം തന്നെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന മഹേഷ് നാരായണന്റെ ഉറപ്പ് തീർച്ചയായും പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കുമെന്നതിൽ സംശയമൊന്നുമില്ല.
തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയിൽ സംഭവിക്കാനിരിക്കുന്ന ഒരു വലിയ ചുവടുവെപ്പിനെ അത്യന്തം പ്രതീക്ഷയുടെ കാത്തിരിക്കുന്ന മലയാള സിനിമ പ്രവർത്തകർ ഒരു പ്രതീക്ഷയാണ്. ആശംസകൾ അറിയിച്ചും, കാത്തിരിപ്പിന്റെ കുറിപ്പുകൾ പങ്കുവെച്ചും സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഓരോ പോസ്റ്റുകളും ഒരുമ കോട്ടയുടെ അടയാളങ്ങളാണ്.
English Summary: Patriot brings together Mohanlal and Mammootty after 19 years in a grand, high-budget Malayalam film directed by Mahesh Narayanan. With a stellar ensemble cast and a powerful storyline about privacy in modern times, the film has generated massive anticipation among fans and the industry.