Entertainment News

തോക്കെടുക്കാനും നക്സലൈറ്റ് ആകാനുമായിരുന്നു ആഗ്രഹം, പിന്തിരിപ്പിച്ചത് ചിരഞ്ജീവി: പവൻ കല്യാൺ

തന്റെ കൗമാരകാലത്ത് വഴിപിഴച്ചു പോകുമായിരുന്ന ജീവിതത്തെ തിരികെ കൊണ്ടുവന്ന ജ്യേഷ്ഠനോടുള്ള കടപ്പാട് പവൻ കല്യാൺ പല വേദികളിലും ആവർത്തിക്കാറുണ്ട്.

Entertainment Desk

കൗമാരകാലത്ത് സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടാൻ നക്സലൈറ്റ് സംഘടനകളിൽ ചേരാൻ താൽപര്യമുണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ. നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ താൻ ഏറെക്കുറെ തീരുമാനിച്ചിരുന്നുവെന്നും ചിരഞ്ജീവിയുടെ ചോദ്യത്തിൽ പിന്നീട് ആ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പവൻ കല്യാൺ എഎൻഐ പോഡ്‌കാസ്റ്റിനിടെ പറഞ്ഞു.

തന്റെ 17 മുതൽ 21 വയസ്സുവരെയുള്ള കാലഘട്ടം കടുത്ത മാനസിക സംഘർഷങ്ങളുടേതായിരുന്നുവെന്ന് പവൻ കല്യാൺ ഓർക്കുന്നു."എനിക്ക് നക്സലൈറ്റ് സംഘടനകളിൽ ചേരാൻ പോലും ആഗ്രഹമുണ്ടായിരുന്നു. കൗമാരത്തിന്റെ അവസാന നാളുകളിൽ ഒരു ഘട്ടത്തിൽ... കയ്യിൽ തോക്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആ സമയത്താണ് കൂടുതൽ ക്രിയാത്മകമായ മറ്റൊന്നിലേക്ക് എന്റെ സഹോദരൻ എന്നെ തിരിച്ചുവിട്ടത്. 'എവിടെ നിന്നാണ് ഈ ഭ്രാന്തൻ ദേഷ്യം വരുന്നത്?' എന്ന് അദ്ദേഹം ചോദിച്ചു. 'ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ അത് ചെയ്യണം ഇത് ചെയ്യണം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വളരെ ആശങ്കാകുലനായിരുന്നു. 17 മുതൽ 21 വയസ്സ് വരെ ഇത് നീണ്ടുനിന്നു. എടുത്തുചാടാൻ തോന്നുന്ന പ്രായമാണത്."

ആരും തിരിച്ചറിയാത്ത വിദ്യാർത്ഥി കൂട്ടായ്മകളിൽ പങ്കെടുത്തിരുന്നതായും ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതിനായി മുംബൈയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പോയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഉള്ളിലെ അസംതൃപ്തിയും ദേഷ്യവും അപ്പോഴും അടങ്ങിയിരുന്നില്ല.

"എന്റെ മനസ്സ് പല ചിന്തകൾ കൊണ്ട് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായിരുന്നു. എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. ആ സമയത്താണ് എന്റെ സഹോദരൻ ഇടപെടുന്നത്. അദ്ദേഹം ഒരൊറ്റ കാര്യം മാത്രമേ ചോദിച്ചുള്ളൂ, 'നിന്റെ ജ്യേഷ്ഠൻ ചിരഞ്ജീവി അല്ലായിരുന്നെങ്കിൽ, നിനക്ക് കുടുംബത്തോട് ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നിന്റെ ശമ്പളത്തെയും കഠിനാധ്വാനത്തെയും ആശ്രയിച്ചാണ് മറ്റുള്ളവർ ജീവിച്ചിരുന്നതെങ്കിൽ നീ ഇതേ കാര്യം ചെയ്യുമായിരുന്നോ?' എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. എന്റെയടുത്ത് ഉത്തരമില്ലായിരുന്നു. ഞാൻ നിശബ്ദനായി," പവൻ കല്യാൺ പറഞ്ഞു.

1980-കളിൽ ലോകത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ശ്രീലങ്കയിലെ എൽ ടി ടി ഇ സമരം, ശീതയുദ്ധം, ജർമ്മനിയിലെ അശാന്തി, ഖാലിസ്ഥാൻ തീവ്രവാദം എന്നിവയെല്ലാം തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൗമാരകാലത്ത് വഴിപിഴച്ചു പോകുമായിരുന്ന ജീവിതത്തെ തിരികെ കൊണ്ടുവന്ന ജ്യേഷ്ഠനോടുള്ള കടപ്പാട് പവൻ കല്യാൺ പല വേദികളിലും ആവർത്തിക്കാറുണ്ട്. മാർച്ചിൽ നടന്ന 'ഉസ്താദ് ഭഗത് സിംഗ്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിലും ചിരഞ്ജീവിയാണ് തന്റെ ഒരേയൊരു ഹീറോ എന്ന് പവൻ കല്യാൺ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ കണ്ട് ചിരഞ്ജീവി നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതിനിടയിലാണ്, തനിക്ക് എന്നും അദ്ദേഹം മാത്രമാണ് ഹീറോ എന്ന് താരം മനസ്സ് തുറന്നത്.