കലാരംഗത്ത് വർധിച്ചുവരുന്ന സെൻസർഷിപ്പ് പ്രവണതകൾക്കെതിരെ പ്രശസ്ത സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമോദോവർ വിമർശനവുമായി രംഗത്ത്. അമേരിക്കയിലും ഫ്രാൻസിലും ഉൾപ്പെടെ കലാ-സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ഭയവും സമ്മർദ്ദവും കാരണം സ്വന്തം നിലപാടുകൾ തുറന്നുപറയാൻ മടിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകപ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ തന്റെ പുതിയ ചിത്രം ‘ബിറ്റർ ക്രിസ്മസ്’ സംബന്ധിച്ച പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അൽമോദോവർ.
'യൂറോപ്പ് ഒരിക്കലും ഡൊണാൾഡ് ട്രംപിന് കീഴടങ്ങരുത്' എന്ന നിലപാടും അദ്ദേഹം മുന്നോട്ടുവെച്ചു. കലാകാരന്മാർ രാഷ്ട്രീയ വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്നും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തുറന്ന നിലപാട് സ്വീകരിക്കുന്നത് കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാൻ മേളയുടെ റെഡ് കാർപെറ്റിൽ പലസ്തീൻ അനുകൂല ബാഡ്ജ് ധരിച്ചെത്തിയ അദ്ദേഹം, കലാകാരന്മാർ സ്വന്തം ശബ്‌ദം ഉയർത്തേണ്ട സമയമാണിതെന്നും ഓർമിപ്പിച്ചു.
ഫ്രഞ്ച് ടെലിവിഷൻ ശൃംഖലയായ കനാൽ പ്ലസുമായി ബന്ധപ്പെട്ട വിവാദത്തെയും അൽമോദോവർ വിമർശിച്ചു. വിൻസെന്റ് ബൊല്ലോറെയുടെ വലതുപക്ഷ രാഷ്ട്രീയ നിലപാടുകൾക്കെതിരെ കത്തെഴുതിയ നൂറുകണക്കിന് കലാകാരന്മാരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികൾ ഉയർന്നുവന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അൽമോദോവർ ശക്തമായ പ്രതികരണം നടത്തിയത്. പ്രശസ്ത ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷെ അടക്കമുള്ള കലാകാരന്മാർ ആ കത്തിൽ ഒപ്പുവെച്ചിരുന്നു.
ഓസ്കാർ വേദികളിലെ രാഷ്ട്രീയ മൗനത്തെയും അദ്ദേഹം വിമർശിച്ചു. യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും സംബന്ധിച്ച് ശക്തമായ പ്രതികരണങ്ങൾ ഉയരാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സ്പാനിഷ് നടൻ ഹാവിയർ ബാർഡെം മാത്രമാണ് പലസ്തീൻ വിഷയത്തിൽ തുറന്ന നിലപാട് എടുത്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ അമേരിക്കയെ പൂർണ ജനാധിപത്യ രാഷ്ട്രമായി കണക്കാക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടായിട്ടും ഏകാധിപത്യ സ്വഭാവമുള്ള ഭരണരീതിയിലേക്ക് രാജ്യം നീങ്ങുന്നുവെന്നത് ആശങ്കാജനകമാണെന്നും അൽമോദോവർ അഭിപ്രായപ്പെട്ടു.
അതേസമയം, കാൻ ചലച്ചിത്ര മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘ബിറ്റർ ക്രിസ്മസ്’ ശ്രദ്ധനേടി. പ്രദർശനത്തിനുശേഷം ആറര മിനിറ്റ് നീണ്ടുനിന്ന സ്റ്റാൻഡിങ് ഒവേഷൻ ചിത്രത്തിന് ലഭിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള അതിർത്തികളെ പരിശോധിക്കുന്ന ഓട്ടോഫിക്ഷൻ സ്വഭാവമുള്ള ഈ ചിത്രം, കല സൃഷ്ടിക്കുന്ന പ്രക്രിയയിൽ വ്യക്തിജീവിതത്തെയും ചുറ്റുപാടുകളെയും ഉപയോഗിക്കുന്നതിന്റെ ധാർമ്മികതയെക്കുറിച്ചുള്ള ചർച്ച ഉയർത്തുന്നതായി വിലയിരുത്തപ്പെടുന്നു. ലിയോണാർഡോ സ്‌ബരാഗ്ലിയ, ബാർബറ ലെന്നി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയത്.
1999-ൽ ‘ഓൾ എബൗട്ട് മൈ മദർ’ എന്ന ചിത്രത്തിലൂടെ കാൻ മേളയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ അൽമോദോവർ, 2006-ലെ ‘വോൾവർ’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.
English Summary: Spanish filmmaker Pedro Almodóvar criticized rising censorship in the arts, political silence at the Oscars, and warned against authoritarian tendencies, including comments on Donald Trump, during the Cannes Film Festival. His film Bitter Christmas received a standing ovation.