'എന്തോ ഇഷ്ടമാണ് എല്ലാവർക്കും...' മോഹൻലാലിന് ഇന്ന് പിറന്നാൾ

നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ
'എന്തോ ഇഷ്ടമാണ് എല്ലാവർക്കും...' മോഹൻലാലിന് ഇന്ന് പിറന്നാൾ
Published on

തലമുറകൾ പലതും മാറി. മലയാള സിനിമയുടെ മുഖവും ഭാവവും മാറി. പുതിയ താരങ്ങൾ വന്നു, പുതിയ കഥകൾ വന്നു, സിനിമ കാണുന്ന രീതികൾ പോലും മാറി. എന്നാൽ കാലം എത്ര മുന്നോട്ടുപോയാലും മലയാളികളുടെ മനസ്സിൽ അതേ സ്നേഹത്തോടെയും ആവേശത്തോടെയും നിലനിൽക്കുന്ന ഒരു പേര് ഇപ്പോഴമുണ്ട്, 'മോഹൻലാൽ'. ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ സ്വന്തമാക്കി തലയെടുപ്പോടെ, തലമുറകളുടെ താരമായി തുടരുന്ന നടന വിസ്മയത്തിന് ഇന്ന് 66-ാം പിറന്നാള്‍.

മലയാളികൾക്ക് മോഹൻലാൽ വെറും ഒരു നടനല്ല. വീട്ടിലെ ഒരാളെപ്പോലെ സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വികാരമാണ്. അതുകൊണ്ടുതന്നെ താരപദവിക്ക് അപ്പുറത്ത് “ലാലേട്ടൻ” എന്ന പേരിലാണ് മലയാളികൾ ഇന്നും അദ്ദേഹത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ മോഹൻലാൽ തീർത്ത അഭിനയ നിമിഷങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ അതേ തീവ്രതയോടെ ജീവിക്കുന്നു. തിരശ്ശീലയിൽ ഒരു കഥാപാത്രം വേദനിക്കുമ്പോൾ പ്രേക്ഷകരുടെ കണ്ണുകളും നനയാൻ കാരണമായത് ആ അഭിനയത്തിന്റെ സ്വാഭാവികത തന്നെയായിരുന്നു. മോഹൻലാൽ ചിരിക്കുമ്പോൾ തിയറ്റർ മുഴുവൻ ചിരിക്കുകയും, മോഹൻലാൽ കരയുമ്പോൾ പ്രേക്ഷകരും കൂടെ കരയുകയും ചെയ്തത് അതുകൊണ്ടാണ്.

'എന്തോ ഇഷ്ടമാണ് എല്ലാവർക്കും...' മോഹൻലാലിന് ഇന്ന് പിറന്നാൾ
'ഇടവേള സിനിമയിൽ മാത്രം; സൗഹൃദത്തിൽ ഒരിക്കലുമില്ല'; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി

1960 മെയ് 21ന് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി ജനിച്ച മോഹൻലാൽ ബാല്യകാലം മുതൽ തന്നെ കലാരംഗത്തോട് അടുപ്പം പുലർത്തിയിരുന്നു. തിരുവനന്തപുരം മുടവൻമുകളിലെ ബാല്യവും സ്കൂൾ കാലഘട്ടവും പിന്നീട് അഭിനയജീവിതത്തിലേക്കുള്ള വലിയ യാത്രയുടെ തുടക്കമായി മാറി. സ്കൂൾ പഠനകാലത്ത് തന്നെ നാടകങ്ങളിൽ സജീവമായിരുന്ന മോഹൻലാൽ മികച്ച നടനുള്ള പുരസ്കാരങ്ങളും നേടിയിരുന്നു. പിന്നീട് കോളേജ് ജീവിതത്തിൽ സിനിമയോടുള്ള ഇഷ്ടം കൂടുതൽ ശക്തമായി. സുഹൃത്തുക്കളായ പ്രിയദർശനും സുരേഷ് കുമാറുമൊത്ത് പങ്കുവെച്ച സിനിമാ സ്വപ്നങ്ങൾ പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിലൊന്നായി മാറി. റിലീസ് ചെയ്യാതെ പോയ ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. എന്നാൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് മോഹൻലാൽ എന്ന നടനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ കാരണമായത്. വില്ലൻ വേഷത്തിൽ എത്തിയ ആ യുവാവ് പിന്നീട് മലയാള സിനിമയുടെ മുഖമായി മാറുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.

പിന്നീട് മലയാള സിനിമ കണ്ടത് അപൂർവമായ ഒരു വളർച്ചയായിരുന്നു. വില്ലനായും നായകനായും ഹാസ്യതാരമായും ആക്ഷൻ ഹീറോയുമായും കുടുംബനാഥനായും ഒരേ സ്വാഭാവികതയോടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായി മോഹൻലാൽ മാറി. ‘രാജാവിന്റെ മകൻ’ മുതൽ ‘കിരീടം’ വരെ, ‘ഭരതം’ മുതൽ ‘വാനപ്രസ്ഥം’ വരെ, ‘തന്മാത്ര’ മുതൽ ‘ദൃശ്യം’ വരെ ഓരോ കാലത്തും പ്രേക്ഷകർക്ക് സ്വന്തമെന്ന് തോന്നിയ കഥാപാത്രങ്ങളായിരുന്നു മോഹൻലാൽ സമ്മാനിച്ചത്. ഒരു കഥാപാത്രത്തിനുവേണ്ടി അമിതാഭിനയം നടത്താതെ, ജീവിതത്തിൽ നമ്മൾ കാണുന്ന മനുഷ്യരെ അതേപടി തിരശ്ശീലയിൽ എത്തിക്കുകയായിരുന്നു മോഹൻലാൽ ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമ കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തുടർന്നു ജീവിച്ചു. സാധാരണക്കാരന്റെ വേദനയും നിസ്സഹായതയും പ്രണയവും നഷ്ടങ്ങളും അത്രയും യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞത് മോഹൻലാലിന്റെ അഭിനയ മികവിന്റെ ഏറ്റവും വലിയ തെളിവായിരുന്നു.

'എന്തോ ഇഷ്ടമാണ് എല്ലാവർക്കും...' മോഹൻലാലിന് ഇന്ന് പിറന്നാൾ
പ്രീ സെയിൽ 20 കോടി കടന്നു; ഇത് മോഹൻലാൽവുഡ്, ദൃശ്യം വീണ്ടുമെത്തുമ്പോൾ

മലയാളത്തിന് പുറത്തും തന്റെ സാന്നിധ്യം ശക്തമായി അറിയിക്കാൻ മോഹൻലാലിന് കഴിഞ്ഞു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ‘ഇരുവർ’, ‘കമ്പനി’, ‘ജയിലർ’ പോലുള്ള സിനിമകളിൽ മോഹൻലാലിന്റെ പ്രകടനം വലിയ ശ്രദ്ധനേടി. അതേസമയം മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലും മോഹൻലാൽ നിർണായക പങ്കുവഹിച്ചു. ‘പുലിമുരുകൻ’ മലയാള സിനിമയുടെ ആദ്യ നൂറുകോടി ചിത്രം എന്ന നേട്ടം സ്വന്തമാക്കിയപ്പോൾ അത് ഒരു താരത്തിന്റെ വിജയം മാത്രമായിരുന്നില്ല, മലയാള സിനിമയുടെ വളർച്ചയുടെ അടയാളം കൂടിയായിരുന്നു. അഭിനയത്തിന് പുറമെ ഗായകനായും നിർമ്മാതാവായും അവതാരകനായും മോഹൻലാൽ തന്റെ സാന്നിധ്യം തെളിയിച്ചു. ഇപ്പോൾ സംവിധായകനായും പുതിയൊരു അധ്യായവും കുറിച്ചു.

നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മോഹൻലാലിനോടുള്ള പ്രേക്ഷക സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഓരോ തലമുറയ്ക്കും സ്വന്തം ലാലേട്ടൻ സിനിമകളുണ്ട്. കാലം മാറിയാലും മോഹൻലാൽ എന്ന വികാരത്തിന് മലയാളികളുടെ മനസ്സിൽ മാറ്റമില്ലെന്നതിന് അതാണ് ഏറ്റവും വലിയ തെളിവ്. മലയാള സിനിമയുടെ ചരിത്രത്തിൽ മാറ്റിനിർത്താനാകാത്ത അധ്യായമായി മാറിയ മോഹൻലാൽ ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കേരളക്കരയുടെ സ്വന്തം ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

English Summary: A tribute to Mohanlal and his four-decade-long journey in Malayalam cinema, celebrating his unforgettable performances, emotional connection with audiences, and enduring legacy as “Lalettan.”

Madism Digital
madismdigital.com