

മോഹൻലാലിന്റെ ഐക്കോണിക് കഥാപാത്രമായ ജോർജുകുട്ടി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. മേയ് 21 നാണ് 'ദൃശ്യം 3' യുടെ വേൾഡ് വൈഡ് റിലീസ്. ജീത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായിരിക്കുമോ എന്ന 'സസ്‌പെൻസ്' പ്രേക്ഷകരിൽ നിലനിൽക്കുകയാണ്.
അതേസമയം ബോക്‌സ്ഓഫീസിൽ ദൃശ്യം 3 ചരിത്രമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് 20 കോടി കടക്കുമെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. മോഹൻലാൽ നാലാമത്തെ തവണയാണ് പ്രീ സെയിൽ 20 കോടി കടക്കുന്നത്. മലയാളത്തിൽ ഈ നേട്ടം മറ്റൊരു നടനുമില്ല.
സാക്‌നിൽക് റിപ്പോർട്ട് പ്രകാരം 5.50 കോടിയാണ് കേരളത്തിൽ നിന്നു മാത്രമുള്ള പ്രീ സെയിൽ. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് ഏതാണ്ട് 10 കോടിക്ക് അടുത്തുണ്ട്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും ദൃശ്യം 3 ക്കു ഡിമാൻഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് 25 കോടി കടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിനു മികച്ച അഭിപ്രായം കൂടി ലഭിക്കുകയാണെങ്കിൽ ഏതാണ്ട് 35 കോടിയാണ് ആദ്യദിന വേൾഡ് വൈഡ് കളക്ഷനായി പ്രതീക്ഷിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്‌തേർ അനിൽ, മുരളി ഗോപി, സിദ്ധിഖ്, ആശ ശരത്ത്, ശാന്തി മായാദേവി, വീണ നന്ദകുമാർ എന്നിവരും ദൃശ്യം 3 യിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. അതേസമയം ദൃശ്യം ആദ്യഭാഗം വലിയ വിജയമാകുകയും ബോക്‌സ്ഓഫീസിൽ 50 കോടിക്കു മുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. മൂന്നാം ഭാഗവും വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ദൃശ്യം ടീം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
English Summary: Mohanlal is set to return as the iconic Georgekutty in Drishyam 3, which is scheduled for a worldwide release on May 21. Directed by Jeethu Joseph, the film has generated massive anticipation among audiences, with fans eagerly speculating whether this installment will mark the conclusion of the blockbuster Drishyam franchise.
Meanwhile, industry trackers report that Drishyam 3 is heading towards a historic box-office opening, with worldwide advance bookings expected to cross ₹20 crore before release. This marks the fourth time Mohanlal has achieved more than ₹20 crore in pre-sales, a milestone unmatched by any other Malayalam actor.