Entertainment News

'പെൺകുട്ടിയല്ലേ കൊന്നുകളഞ്ഞേക്കാൻ അവരെന്നോട് പറഞ്ഞു, ഒരമ്മയല്ലേ ഞാൻ എങ്ങനെ കഴിയും അതിന്'; ഭർതൃവീട്ടിലെ ഓർമകൾ പങ്കുവച്ച് പൂജ ചോപ്രയുടെ അമ്മ

"വീടുവിട്ടിറങ്ങിയപ്പോൾ ഞാനെന്റെ ഭർതൃവീട്ടുകാരോട് പറഞ്ഞ ഒരു കാര്യമുണ്ട്- നിങ്ങളെന്നോട് കൊല്ലാൻ പറഞ്ഞ ഈ കുഞ്ഞിനെയോർത്ത് ഒരു ദിവസം ഞാൻ അഭിമാനിക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു"

Entertainment Desk

ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളുടെ ജെൻഡർ വെളിപ്പെടുത്തുന്നതിന് കർശന വിലക്കുണ്ട് ഇന്ത്യയിൽ. ഇതിനുള്ള ഒരു പ്രധാനകാരണം പെൺകുട്ടികളുടെ വർധിച്ചുവരുന്ന കൊലപാതകങ്ങളും പെൺഭ്രൂണഹത്യകളുമാണ്. കുട്ടി പെണ്ണാണെന്നറിഞ്ഞാൽ ഉടനെ കൊന്നുകളയുക എന്നതിന് ഇന്ത്യയിലിപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇതിനൊരുദ്ദാഹരണമായി മുൻ മിസ് ഇന്ത്യയും നടിയുമായ പൂജ ചോപ്രയുടെ കഥ നമുക്ക് മുന്നിലുണ്ട്.

പൂജയുടെ അമ്മ നീര, മകളുടെ ജനനത്തിന് ശേഷം താൻ നേരിട്ട കഠിനമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള ഹൃദയഭേദകമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു റിയാലിറ്റി ഷോയിലൂടെ. തും ഹോ ന-ഘർ കീ സൂപ്പർസ്റ്റാറിൽ അവതാരകനായ രാജീവ് ഘാൻഡെൽവാളുമായി നടത്തിയ വികാരനിർഭരമായ സംഭാഷണത്തിനിടെയാണ് നീര ഈ കഥ വെളിപ്പെടുത്തിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് രണ്ട് പെൺമക്കളെ വളർത്തിയെടുത്ത തന്റെ ജീവിതയാത്രയും, അവർ വിജയത്തിലെത്തുന്നതിന് മുമ്പ് അനുഭവിച്ച കഷ്ടപ്പാടുകളും ഷോയിലവർ പങ്കുവെച്ചു.

നീരയുടെ വാക്കുകൾ:

"വിവാഹം കഴിഞ്ഞ് ചെന്ന സമയത്ത് വളരെ നല്ല സമീപനമായിരുന്നു ഭർത്താവിന്റെ വീട്ടുകാർക്ക്. ഞങ്ങൾ ഒരു മധ്യവർഗ കുടുംബമായിരുന്നു. വിവാഹശേഷം ജീവിതസാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. എന്റെ ആദ്യ മകൾ ജനിച്ചപ്പോൾ എല്ലാവരുടെയും പെരുമാറ്റം നല്ലതായിരുന്നു. എന്നാൽ മകൾക്ക് ഏകദേശം ഒന്നര വയസ്സായപ്പോൾ അമ്മായിയമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചു

അവരെ പരിചരിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതിനിടെ ഞാൻ പലപ്പോഴും ചോദിക്കുമായിരുന്നു, 'മമ്മി, എല്ലാം ശരിയാകുമല്ലോ?' അപ്പോൾ അവർ പറയും, 'നിനക്ക് ഒരു ആൺകുട്ടി ജനിച്ചാൽ വീട്ടിലെ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടും.'

വർഷങ്ങൾക്ക് ശേഷം, തന്റെ രണ്ടാമത്തെ മകൾ പൂജ ചോപ്ര ജനിച്ചപ്പോൾ, ജീവിതം എത്രത്തോളം വേദനാജനകമായ ഒരു വഴിത്തിരിവിലൂടെയാണ് കടന്നുപോയതെന്നും അത് തന്നെ ഉള്ളിൽ നിന്ന് എങ്ങനെ തകർത്തുകളഞ്ഞുവെന്നും അവർ പറയുകയുണ്ടായി.

ആ ദുഷ്‌കരമായ കാലഘട്ടത്തെക്കുറിച്ച് സംസാരിക്കവേ അവർ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:

"ഏഴ് വർഷങ്ങൾക്ക് ശേഷം, എന്റെ മൂത്ത മകൾക്ക് ഏഴ് വയസ്സുള്ളപ്പോൾ, എനിക്ക് രണ്ടാമതൊരു മകൾ കൂടി ജനിച്ചു. ഞാനവൾക്ക് പൂജ എന്ന് പേരിട്ടു. പക്ഷേ വീട്ടിലെ സാഹചര്യം ഒട്ടും നല്ലതായിരുന്നില്ല. ആശുപത്രിയിൽ എന്നെ കാണാൻ മൂന്ന് ദിവസത്തേക്ക് ആരും തന്നെ വന്നില്ല. കുഞ്ഞിനെ കുളിപ്പിക്കാൻ പോലും ആരുമുണ്ടായില്ല. എന്റെ മുന്നിൽ മറ്റൊരു ഓഫീസറുടെ ഭാര്യ ഉണ്ടായിരുന്നു, അവർക്ക് രണ്ടാമതും ഒരു ആൺകുഞ്ഞാണ് ജനിച്ചത്. അവർ തന്റെ കുഞ്ഞിന്റെ വസ്ത്രങ്ങൾ അറ്റൻഡന്റിന് കൊടുത്തിട്ട് പറഞ്ഞു, 'ഇത് അവളുടെ കുഞ്ഞിനെ ധരിപ്പിക്കൂ എന്ന്.

പത്ത് ദിവസത്തിന് ശേഷം എന്നെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് വന്നു. അദ്ദേഹത്തിനൊരു സന്തോഷവുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മുഖത്ത് പോലും നോക്കിയില്ല. വീട്ടിൽ ചെന്ന് പിറ്റേദിവസം, അതായത് 11ാം നാൾ മുതൽ ഞാൻ വീട്ടിലെ ജോലികൾ ചെയ്തുതുടങ്ങി. അന്നു മുതൽ നരകമായിരുന്നു ആ വീട്. കുഞ്ഞിനെ കൊന്നുകളയാനും അനാഥാലയത്തിലേൽപ്പിക്കാനുമൊക്കെ സമ്മർദം കൂടി വന്നു. ഒരമ്മയല്ലേ ഞാൻ, എങ്ങനെ അതിന് സാധിക്കും. അങ്ങനെ കുഞ്ഞിന് 21 ദിവസം തികഞ്ഞ അന്ന് ഞാനാ വീടുവിട്ടിറങ്ങി.

കയ്യിൽ രണ്ട് കുഞ്ഞുങ്ങളും 81 രൂപയുമായാണ് കൊൽക്കത്തയിൽ നിന്ന് ഞാൻ മുംബൈയിലെത്തുന്നത്. അവിടെ എന്റെ മാതാപിതാക്കളുണ്ടായിരുന്നു. ജോലി തേടി എല്ലായിടത്തുമലഞ്ഞു. അങ്ങനെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലി അന്വേഷിച്ചു ചെന്നപ്പോഴാണ് മോന ചൌളയെ പരിചയപ്പെടുന്നത്. അവരൊരു സംവിധായകയായിരുന്നു എന്നൊന്നും എനിക്കറിയില്ലായിരുന്നു. മാം ഒരു ജോലി തരണേ എന്ന് ഞാനവരോട് അപേക്ഷിച്ചു. അവരെനിക്കൊരു ജോലി തന്നു. അവരുടെ അസിസ്റ്റന്റുമാരിൽ ഒരാളായി.

മാസം 900 രൂപയായിരുന്നു ശമ്പളം. അത് അതേപടി അമ്മയ്ക്ക് കൊടുക്കുമായിരുന്നു ഞാൻ. ആറ് വർഷം അങ്ങനെ കടന്നുപോയി. തുടർന്ന് എനിക്ക് മറ്റൊരിടത്ത് മെച്ചപ്പെട്ട ജോലി കിട്ടി. 6000 രൂപ ശമ്പളത്തിൽ. പിന്നീട് പതിയെ പതിയെ ഞങ്ങളുടെ ജീവിതം പച്ച പിടിക്കാൻ തുടങ്ങി.

വീടുവിട്ടിറങ്ങിയപ്പോൾ ഞാനെന്റെ ഭർതൃവീട്ടുകാരോട് പറഞ്ഞ ഒരു കാര്യമുണ്ട്- നിങ്ങളെന്നോട് കൊല്ലാൻ പറഞ്ഞ ഈ കുഞ്ഞിനെയോർത്ത് ഒരു ദിവസം ഞാൻ അഭിമാനിക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു. എന്റെ മകളാണിന്നെന്റെ ഏറ്റവും വലിയ അഭിമാനം. അവൾ കാരണമാണ് ഞാനിന്നിവിടെ വന്നിരിക്കുന്നതും.

Summary: India has strict laws prohibiting the disclosure of a baby's gender during pregnancy. One of the key reasons is the persistent problem of female foeticide and the killing of girl children. Even today, attitudes toward female children have not changed completely, and cases of discrimination continue to surface.

A striking example is the story of former Miss India and actress Pooja Chopra. Her mother, Neera, has shared the heartbreaking hardships she faced after the birth of her daughter.

Neera revealed her story during an emotional conversation with host Rajeev Khandelwal on the reality show Tum Ho Naa – Ghar Ki Superstar. She spoke about her journey of raising two daughters against all odds and the struggles she endured before seeing them achieve success.