ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് നടന്‍ പ്രകാശ് രാജ്. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ഞായറാഴ്ച രാത്രി സമരപന്തലില്‍ ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ നടന്ന പാര്‍ലമെന്റ് പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. സത്യം വിളിച്ചുപറയാന്‍ തനിക്ക് ഭയമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മരിക്കുന്നതിന് മുന്‍പ് പ്രതികരണശേഷി നഷ്ടപ്പെടുത്തി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. സോനം വാങ്ചുക് നിരാഹാരം കിടക്കുമ്പോഴും പ്രകാശ് രാജ് സമരപ്പന്തല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍, പ്രതികരിക്കാന്‍ ഇപ്പോള്‍ ഭയമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണത്തിന് പ്രകാശ് രാജ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, 'സുഹൃത്തേ, കള്ളം പറയാനല്ലേ ഭയപ്പെടേണ്ടത്. സത്യം പറയാന്‍ എന്തിനാണ് പേടിക്കുന്നത്?'. രാജ്യത്തിന്റെ ചിന്താഗതിയില്‍ വന്ന മാറ്റത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 'ഈ രാജ്യത്ത് കാര്യങ്ങള്‍ എപ്പോഴാണ് ഇത്രത്തോളം മാറിപ്പോയത്? സത്യത്തോടൊപ്പം നില്‍ക്കുക എന്നത് ഭയപ്പെടേണ്ട കാര്യമല്ല', പ്രകാശ് രാജ് പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മുന്നില്‍ താന്‍ ഭയപ്പെടില്ലെന്നും തന്റെ മനസ്സാക്ഷിയോട് നീതി പുലര്‍ത്താനാണ് സമരരംഗത്തിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ ചിന്താഗതികളില്‍ വന്ന മാറ്റങ്ങളെ ചോദ്യം ചെയ്ത താരം, നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കള്‍ പകര്‍ന്നുനല്‍കിയ ആദര്‍ശങ്ങളെയും ഓര്‍മ്മിപ്പിച്ചു. ഭഗത് സിങോ, മഹാത്മാഗാന്ധിയോ, നെല്‍സണ്‍ മണ്ടേലയോ, ഡോ. ബി.ആര്‍ അംബേദ്കറോ ഭയന്നു പിന്മാറാന്‍ നമ്മെ പഠിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായല്ല താന്‍ ഇവിടെ എത്തിയിട്ടുള്ളതെന്നും തന്റെ പ്രതികരണങ്ങള്‍ സ്വന്തം മനസ്സാക്ഷിയുടെ വിളികേട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ ഇത് ആര്‍ക്കുവേണ്ടിയാണ് ചെയ്യുന്നതെന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ഞാന്‍ ഇത് രാജ്യത്തിന് വേണ്ടിയല്ല ചെയ്യുന്നത്, മറിച്ച് എനിക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത്. എനിക്ക് ഒരൊറ്റ മനസ്സാക്ഷിയേ ഉള്ളൂ, അതിനോട് എനിക്ക് നീതി പുലര്‍ത്തിയേ തീരൂ.' നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കള്‍ രാജ്യത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ താന്‍ ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വിമര്‍ശനങ്ങളും വളരെ നിസ്സാരമാണെന്നും പറഞ്ഞാണ് പ്രകാശ് രാജ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Actor Prakash Raj joined the ongoing protest organised by the Cockroach Janata Party (CJP) at Delhi's Jantar Mantar, expressing solidarity with the demonstrators. He spent Sunday night at the protest site and actively participated in the Parliament protest on Monday morning. Addressing the media, Prakash Raj said he has no fear in speaking the truth and would rather face criticism than remain silent. He also questioned the changing social and political climate in the country, invoking the ideals of leaders such as Bhagat Singh, Mahatma Gandhi, Nelson Mandela, and Dr. B.R. Ambedkar. The actor clarified that his participation was driven by his conscience and not by any political agenda.