Entertainment News

'ഞാനല്ലേ ഒറിജിനലിലെ നായകന്‍?'; 'ഹൈവാനി'ലേക്ക് പ്രിയദര്‍ശന്‍ വിളിച്ചപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചത്

"എന്റെ ആദ്യ സിനിമയിലെ നായകന്‍ അദ്ദേഹമായിരുന്നു. ഇപ്പോള്‍ എന്റെ നൂറാമത്തെ ചിത്രത്തിലെ നായകനും അദ്ദേഹം തന്നെയാണ്. ഇതൊരു മികച്ച യാത്രയായിരുന്നു. ഇത്രയും മഹാനായ ഒരു നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്"

Entertainment Desk

അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഹൈവാന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതിച്ചതിനെ കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കര്‍ണാടക സംഗീതത്തിന് പ്രാധാന്യമുള്ള ഒരു മ്യൂസിക്കല്‍ ചിത്രത്തിലൂടെ തങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

'ഹൈവാനി'ല്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയദര്‍ശന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ചിത്രവുമായി സമീപിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ ആദ്യ പ്രതികരണം അദ്ദേഹം ഓര്‍ത്തെടുത്തു. 'ഞാന്‍ അദ്ദേഹത്തോട് ഈ വേഷം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 'ഞാനല്ലേ ഇതിന്റെ ഒറിജിനല്‍ സിനിമയിലെ നായകന്‍, ഇപ്പോള്‍ എന്നെക്കൊണ്ട് എന്താണ് ചെയ്യിപ്പിക്കാന്‍ പോകുന്നത്?' എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ കഥ കേട്ടതിനുശേഷം, 'ശരി, ഞാന്‍ ഇത് ചെയ്യാം' എന്ന് അദ്ദേഹം പറയുകയായിരുന്നു', പ്രിയദര്‍ശന്‍ ഓര്‍ത്തു.

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാലുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധത്തെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു. 'ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്റെ കരിയറിലെ ഏകദേശം 50 ശതമാനം ചിത്രങ്ങളും അദ്ദേഹത്തോടൊപ്പമായിരുന്നു. എന്റെ ആദ്യ സിനിമയിലെ നായകന്‍ അദ്ദേഹമായിരുന്നു. ഇപ്പോള്‍ എന്റെ നൂറാമത്തെ ചിത്രത്തിലെ നായകനും അദ്ദേഹം തന്നെയാണ്. ഇതൊരു മികച്ച യാത്രയായിരുന്നു. ഇത്രയും മഹാനായ ഒരു നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്,' അദ്ദേഹം പറഞ്ഞു.

'അദ്ദേഹം എന്റെ സുഹൃത്താണെങ്കിലും ഓരോ സിനിമയിലും എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു നടനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം ഒരു അപൂര്‍വ രത്‌നമാണ്,' പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ നൂറാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പമാണെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.'കര്‍ണാടക സംഗീതത്തെ ആസ്പദമാക്കി മോഹന്‍ലാലിനെ വെച്ച് ഒരു മ്യൂസിക്കല്‍ സിനിമ ചെയ്യാനാണ് ഇനി എന്റെ ആഗ്രഹം', അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദുരൂഹവും ഭീകരവുമായ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ഒരു ഡാര്‍ക്ക് ത്രില്ലറാണ് 'ഹൈവാന്‍' എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും പോലീസുകാരും അവരുടെ കുടുംബങ്ങളുമാണ്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങളും ട്രെയിലറിലുണ്ട്. ഭീതി പടരുമ്പോള്‍, പ്രതികാരദാഹത്തിന് ഇനിയെത്ര നിരപരാധികളുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെടേണ്ടി വരും എന്ന ചോദ്യമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പം ബൊമാന്‍ ഇറാനി, സയാമി ഖേര്‍, ശ്രിയ പില്‍ഗാവ്കര്‍, രാജ്പാല്‍ യാദവ്, ഷരീബ് ഹാഷ്മി, രാജേഷ് ശര്‍മ്മ, പഹല്‍ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെപ്റ്റംബര്‍ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Director Priyadarshan has opened up about Mohanlal’s decision to make a special appearance in Haivaan, starring Akshay Kumar and Saif Ali Khan. Priyadarshan recalled that Mohanlal was initially surprised when he was approached for the role, asking why he was being offered a part when he had been the lead in the original film. After hearing the story, however, the actor agreed to take it up. Priyadarshan also spoke about his decades-long association with Mohanlal, noting that nearly half of his films have featured the actor. Mohanlal was the lead in Priyadarshan’s debut film and will also headline his 100th movie. The director described him as a rare talent and revealed that he hopes to reunite with Mohanlal for a musical film centred on Carnatic music.