Entertainment News

മന്ദാകിനിയായി പ്രിയങ്ക ചോപ്ര; രാജമൗലി-മഹേഷ് ബാബു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!

മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

Entertainment Desk

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'വാരണാസി'യിലെ പ്രിയങ്ക ചോപ്രയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രിയങ്ക ചോപ്രയുടെ 44-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ അവരുടെ കഥാപാത്രമായ 'മന്ദാകിനി'യുടെ ലുക്ക് അണിയറപ്രവർത്തകർ പങ്കുവെച്ചത്. മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

"അവൾ ചിരിക്കുമ്പോൾ സൗമ്യയാണ്, അല്ലാത്തപ്പോൾ തീയാണ്" (Grace when she smiles. Fire when she doesn't) എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ രാജമൗലി പ്രിയങ്കയുടെ വ്യത്യസ്തമായ രണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കറുത്ത വസ്ത്രത്തിലുള്ള തീക്ഷ്ണമായ ഒരു ലുക്കും, ചിരിച്ചുകൊണ്ടുള്ള മറ്റൊരു ലുക്കുമാണ് പോസ്റ്ററുകളിലുള്ളത്.

ചിത്രത്തിലെ നായകനായ മഹേഷ് ബാബുവും, പ്രതിനായകനായി എത്തുന്ന പൃഥ്വിരാജും തങ്ങളുടെ സഹതാരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ 'ദി സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിന് ശേഷം പ്രിയങ്ക ചോപ്ര വീണ്ടും ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

മഹേഷ് ബാബു 'രുദ്ര' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, 'കുംഭ' എന്ന ശക്തനായ വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഇതിന് പുറമെ ഇതിഹാസ കാവ്യമായ രാമായണ യുദ്ധം ചിത്രീകരിക്കുന്ന ഏകദേശം 20 മിനിറ്റ് നീളുന്ന ഒരു രംഗത്തിൽ മഹേഷ് ബാബു 'ശ്രീരാമനായും' ഒരു ഇരട്ട വേഷത്തിൽ എത്തുമെന്ന പുതിയ വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 'മന്ദാകിനി' എന്ന സുപ്രധാന വേഷത്തിലാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുന്നത്. പ്രകാശ് രാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഇതിഹാസ ആക്ഷൻ-അഡ്വഞ്ചർ ചിത്രമാണ് വാരണാസി. ഇന്ത്യയിലെ പുരാതന നഗരമായ വാരണാസിക്ക് പുറമെ ആഫ്രിക്കൻ കാടുകളിലും അന്റാർട്ടിക്കയിലുമൊക്കെയായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നേരത്തെ 'ഗ്ലോബ്‌ട്രോട്ടർ' (GlobeTrotter) എന്ന് വിളിച്ചിരുന്ന ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വർഷം ഹൈദരാബാദിൽ വെച്ചാണ് നടന്നത്.

വാരണാസിയിൽ അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും നൃത്ത രംഗങ്ങളും തനിക്കുണ്ടെന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. "കഴിഞ്ഞ 14 മാസമായി ഞാൻ ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. രാജമൗലി സിനിമകൾ പൂർത്തിയാക്കാൻ അത്രയും സമയമെടുക്കുന്ന ആളാണ്. ലോകമെമ്പാടും സമയത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ഇതിഹാസ സാഹസിക ചിത്രമാണിത്. ഇതിൽ എനിക്ക് അതിഗംഭീരമായ ഒരുപാട് സ്ലോ-മോഷൻ ജമ്പുകൾ ഉണ്ട്."

"അപകടകരമാംവിധം അതിരുകളില്ലാത്ത മാനസികാവസ്ഥയുള്ളവൻ" (dangerously unlimited in his mentality) എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന വില്ലൻ കഥാപാത്രത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ കഥ വികസിക്കുമ്പോൾ രുദ്രനും (മഹേഷ് ബാബു) കുംഭനും (പൃഥ്വിരാജ്) ഇടയിൽ പെട്ടുപോകുന്ന ഒരു അവസ്ഥയിലാണ് പ്രിയങ്കയുടെ മന്ദാകിനി എത്തിച്ചേരുന്നത്.

ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 2027 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 1,400 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള പ്രൊജകറ്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

On the occasion of her 44th birthday, director SS Rajamouli unveiled Priyanka Chopra’s first look from his highly anticipated globe-trotting epic, Varanasi. The actress will be playing a central character named Mandakini