Entertainment News

കിക്ക് ബോക്‌സിങ് വരുത്തിയ വിന; പുനീത് രാജ്കുമാറിന്റെ മരണത്തെ കുറിച്ച് വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടര്‍

'ഇത് ഒരു സാധാരണ ഹൃദയാഘാതമായിരുന്നില്ല, മറിച്ച് കഠിനമായ വ്യായാമം മൂലമുണ്ടായ അമിതമായ ആയാസമായിരുന്നു. എന്തോ വലിയ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നി', ഡോ. രമണ റാവു

Entertainment Desk

കന്നഡ സിനിമയുടെ പ്രിയപ്പെട്ട നടന്‍ പുനീത് രാജ്കുമാറിന്റെ വേര്‍പാട് കര്‍ണാടകയെ മാത്രമല്ല, രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേമികളെയാണ് വലിയ ദുഖത്തിലാഴ്ത്തിയത്. 46-ാം വയസ്സില്‍, ജിം സെഷനു ശേഷം കുഴഞ്ഞുവീണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 29-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിതാ, പുനീത് രാജ്കുമാറിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചും അന്നത്തെ വ്യായാമത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഡോക്ടറായിരുന്ന ഡോ. രമണ റാവു.

'ജസ്റ്റ് ക്യൂറിയസ് കന്നഡ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ നിമിഷങ്ങള്‍ പങ്കുവെച്ചത്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് പുനീത് ചെയ്ത വ്യായാമം അദ്ദേഹത്തിന്റെ സാധാരണ ഫിറ്റ്നസ് രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് ഡോ. രമണ റാവു പറയുന്നു. അന്ന് ആദ്യമായി കിക്ക് ബോക്‌സിങ് പരീക്ഷിച്ച അദ്ദേഹം, ഏകദേശം ഒന്നര മണിക്കൂറോളം അതിനായി ചെലവഴിച്ചിരുന്നു. ജിം സെഷനു ശേഷം വന്‍തോതില്‍ വിയര്‍ത്തൊലിച്ച നിലയിലാണ് പുനീത് ക്ലിനിക്കിലെത്തിയത്. അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഡോക്ടറോട് പറയുകയും ചെയ്തു. എന്നാല്‍ പുനീതന്റെ അമിതമായ വിയര്‍പ്പും അവസ്ഥയും കണ്ട ഡോക്ടര്‍ക്ക് കാര്യം ഗുരുതരമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ ഒരു ഇ.സി.ജി പരിശോധന നടത്തി. അതില്‍ ഹൃദയത്തിന് കടുത്ത ആയാസം അനുഭവപ്പെടുന്നതായി വ്യക്തമായി.

'ഇത് ഒരു സാധാരണ ഹൃദയാഘാതമായിരുന്നില്ല, മറിച്ച് കഠിനമായ വ്യായാമം മൂലമുണ്ടായ അമിതമായ ആയാസമായിരുന്നു. എന്തോ വലിയ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നി', ഡോ. രമണ റാവു ഓര്‍ത്തെടുത്തു. ഇ.സി.ജി ഫലം കണ്ടയുടന്‍ ഡോക്ടര്‍ പുനീതിന് പ്രാഥമിക മരുന്നുകള്‍ നല്‍കുകയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ഡോ. രംഗ നായക് വഴിയാണ് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏകോപിപ്പിച്ചത്. സ്വന്തം കാറിലാണ് പുനീത് ആശുപത്രിയിലേക്ക് തിരിച്ചത്. യാത്രയ്ക്കിടയിലും അദ്ദേഹം ഡോക്ടറോട് സംസാരിക്കുന്നുണ്ടായിരുന്നു. കാറില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചെങ്കിലും, ഭാര്യ അശ്വനിയുടെ മടിയില്‍ തലവെച്ച് കിടക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

'ആശുപത്രിയില്‍ എത്തുന്നതിന് കൃത്യം ഒരു മിനിറ്റ് മുമ്പ് പുനീതിന്റെ ഹൃദയമിടിപ്പ് നിലച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല', ഡോക്ടര്‍ പറയുന്നു. ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെ മെഡിക്കല്‍ സംഘം ജീവന്‍ രക്ഷിക്കാന്‍ സകല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. 'ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്റെ ജീവിതത്തില്‍ നിരവധി ദുരന്തങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പുവിന്റെ വേര്‍പാട് എനിക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടതുപോലെയായിരുന്നു. അവനും എന്റെ രണ്ടാമത്തെ മകനും നല്ല കൂട്ടുകാരായിരുന്നു,' ഡോ. രമണ റാവു കൂട്ടിച്ചേര്‍ത്തു.

Five years after the sudden passing of Kannada superstar Puneeth Rajkumar at the age of 46, his personal physician, Dr. Ramana Rao, has shed light on the actor’s final hours in a recent interview. Dr. Rao revealed that Puneeth’s sudden cardiac arrest on October 29, 2021, was not preceded by a standard workout, but rather by 1.5 hours of kickboxing—an intense new activity he tried that day. The actor arrived at the clinic sweating profusely and showing signs of severe physical strain on an ECG. Despite emergency medication and immediate transfer to the hospital, Puneeth's heart stopped beating just a minute before arrival. Medical teams at Vikram Hospital in Bengaluru were unable to revive him, leaving millions of fans and the entire film fraternity in deep grief.