

'ജയിലർ 2' സെറ്റിൽ എസ്.ജെ. സൂര്യയുടെ അർപ്പണബോധവും പെർഫെക്ഷനും തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടൻ രജിനികാന്ത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർ ഷോയിൽ സംസാരിക്കവെയാണ് എസ്.ജെ. സൂര്യയുടെ അഭിനയശൈലിയെയും പ്രകടനത്തെയും കുറിച്ച് രജിനികാന്ത് മനസ്സുതുറന്നത്. ചിത്രത്തിൽ ബോധി കൽപക് എന്ന കഥാപാത്രത്തെയാണ് എസ്.ജെ. സൂര്യ അവതരിപ്പിക്കുന്നത്. സെറ്റിലെ അദ്ദേഹത്തിന്റെ പ്രവർത്തനരീതിയും കഥാപാത്രത്തോടുള്ള സമീപനവും തന്നെ ഏറെ വിസ്മയിപ്പിച്ചുവെന്നും രജിനികാന്ത് പറഞ്ഞു.
"മറ്റ് സിനിമകളിൽ എസ്.ജെ. സൂര്യയുടെ പ്രകടനം കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴാണ് യഥാർഥ കഴിവ് നേരിട്ട് മനസ്സിലാക്കിയത്. ഷോട്ട് ഓക്കെയാണെന്ന് സംവിധായകൻ പറഞ്ഞാലും തൃപ്തിവരാതെ വീണ്ടും ടേക്കുകൾ ആവശ്യപ്പെടുന്നതാണ് അദ്ദേഹത്തിന്റെ രീതി. സാധാരണ ഒരു സീൻ ഓക്കെയായാൽ അഭിനേതാക്കൾ പോയി കസേരയിലിരിക്കും. എന്നാൽ എസ്.ജെ. സൂര്യ സംവിധായകനെ വെറുതെ വിടില്ല. 'സാർ, വൺ മോർ, വൺ മോർ' എന്ന് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ എട്ടും പത്തും പന്ത്രണ്ടും ടേക്കുകൾ വരെ പോകും. അതിനുശേഷവും എന്തോ ഒന്ന് മിസ്സായെന്ന് പറഞ്ഞ് വീണ്ടും റിഹേഴ്സൽ തുടരും. അടുത്ത് ഞാനും രമ്യാ കൃഷ്ണനുമൊക്കെ നിൽക്കുന്നുണ്ടാകും. എനിക്ക് 75 വയസ്സായി, സാർ ഒന്ന് ഇരുന്നോളൂ എന്ന് റിഹേഴ്സൽ സമയത്തുപോലും അദ്ദേഹം പറയില്ല. അത്രയും മികച്ച പെർഫോമൻസാണ് അദ്ദേഹം പുറത്തെടുക്കുന്നത്," രജിനികാന്ത് പറഞ്ഞു.
ഒരു സീൻ പൂർണതയിലെത്തിക്കാൻ എത്ര ടേക്കുകൾ വേണമെങ്കിലും ചെയ്യാൻ മടിക്കാത്ത എസ്.ജെ. സൂര്യയുടെ ഈ പെർഫെക്ഷനിസം സഹപ്രവർത്തകരെയും അണിയറപ്രവർത്തകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നതാണെന്നും രജിനികാന്ത് കൂട്ടിച്ചേർത്തു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' വൻ താരനിരയുമായാണ് എത്തുന്നത്. രജിനികാന്ത്, രമ്യാ കൃഷ്ണൻ, എസ്.ജെ. സൂര്യ തുടങ്ങിയവർക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ആദ്യഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ ഒരുങ്ങുന്ന രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ആഗോളതലത്തിൽ 600 കോടിയിലധികം രൂപ കളക്ഷൻ നേടിയ 2023-ലെ വൻ ഹിറ്റിന്റെ തുടർച്ചയായി എത്തുന്ന ചിത്രം ഒക്ടോബർ 15-ന് വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ടൈഗർ മുത്തു, അഥവാ ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും സ്ക്രീനിലെത്തുമ്പോൾ വൻ വരവേൽപ്പാണ് ബോക്സ് ഓഫീസിൽ ചിത്രത്തിന് ലഭിക്കുന്നത്.
ഇന്ത്യയിൽ മാത്രം 57 കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗ് നേടിയ ചിത്രം വിദേശ വിപണിയിൽ നിന്ന് 25 കോടിയിലധികം കരസ്ഥമാക്കിയിട്ടുണ്ട്. റിലീസ് ദിനത്തിൽ തന്നെ ആഗോളതലത്തിൽ 100 കോടിയിലധികം കളക്ഷൻ നേടി രജനികാന്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ചിത്രം മാറുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.
Rajinikanth praises SJ Suryah’s dedication and perfectionism while sharing his experience working with the actor on Jailer 2. He recalls how Suryah repeatedly asks for more takes and rehearsals until he is satisfied with a scene.