Entertainment News

'തട്ടിക്കൊണ്ടു പോകുന്നത് കൂടിയാൽ രാമായണത്തെ കുറ്റം പറയുമോ ?'; രാം ഗോപാൽ വർമയ്ക്ക് വിമർശനം

സിനിമകളിലെ വയലൻസ് രംഗങ്ങളെ ന്യായീകരിച്ചുള്ള രാം ഗോപാൽ വർമയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ.

Entertainment Desk

ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് പിന്നാലെ സിനിമകളിലെ വയലൻസിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതികരണവുമായി സംവിധായകൻ രാം ഗോപാൽ വർമ. യഥാർഥ ജീവിതത്തിലെ കുറ്റകൃത്യങ്ങൾക്ക് സിനിമകളെ ഉത്തരവാദികളാക്കുന്ന രീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. എന്നാൽ, അദ്ദേഹത്തിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

സിനിമകളിൽ കാണിക്കുന്ന അക്രമരംഗങ്ങളാണ് സമൂഹത്തിലെ കുറ്റകൃത്യങ്ങൾക്ക് കാരണമെന്ന വാദത്തോട് യോജിക്കാനാകില്ലെന്നാണ് രാം ഗോപാൽ വർമയുടെ നിലപാട്. കുറ്റകൃത്യങ്ങൾ വർധിക്കുമ്പോൾ സിനിമകളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാം ഗോപാൽ വർമ തന്റെ നിലപാട് വ്യക്തമാക്കിയത്.

"കുറ്റകൃത്യങ്ങൾ കൂടുമ്പോൾ സിനിമകളെ കുറ്റപ്പെടുത്തുന്നത്, തട്ടിക്കൊണ്ടു പോകുന്നത് കൂടുമ്പോൾ രാമായണത്തെ കുറ്റപ്പെടുത്തുന്നത് പോലെയാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിനിമയിലെ വയലൻസും യഥാർഥ ജീവിതത്തിലെ കുറ്റകൃത്യങ്ങളും തമ്മിൽ നേരിട്ട് ബന്ധപ്പെടുത്തുന്നതിനോടുള്ള വിയോജിപ്പാണ് ഈ വാക്കുകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്.

എന്നാൽ, രാം ഗോപാൽ വർമയുടെ വാദത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. പുസ്തകങ്ങൾക്കും സാഹിത്യകൃതികൾക്കും മനുഷ്യരുടെ ചിന്തകളെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ കഴിയുമെങ്കിൽ സിനിമകൾക്കും അതിന് സാധിക്കില്ലേയെന്നാണ് വിമർശകർ ഉയർത്തുന്ന ചോദ്യം. രാമായണത്തിലെ തട്ടിക്കൊണ്ടുപോകൽ പോലുള്ള സംഭവങ്ങളെ ഉദാഹരണമായി കാണിക്കുന്നത് ശരിയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. കാരണം, രാമായണത്തിൽ ഇത്തരം പ്രവൃത്തികളെ മഹത്വവത്കരിക്കുകയല്ല, മറിച്ച് അതിന് പിന്നിലെ കഥാപാത്രങ്ങളെ മോശമായാണ് അവതരിപ്പിക്കുന്നതെന്നാണ് ഇവരുടെ വാദം.

സിനിമകളിൽ അക്രമം ചെയ്യുന്ന കഥാപാത്രങ്ങളെ പലപ്പോഴും ഹീറോകളായി അവതരിപ്പിക്കുകയും അവരുടെ പ്രവൃത്തികളെ ആഘോഷിക്കുകയും ചെയ്യുന്നുണ്ടെന്നും വിമർശകർ ആരോപിക്കുന്നു. ഇത്തരം അവതരണങ്ങൾ പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇവർ പറയുന്നു.

അനന്തപുർ ജില്ലയിലെ റാപ്താഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ നടന്ന ആക്രമണമാണ് പുതിയ വിവാദങ്ങൾക്ക് പശ്ചാത്തലമായത്. 21-കാരനായ ഹേമന്ത് എന്നയാൾ സ്കൂളിലെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പത്താം ക്ലാസ് വിദ്യാർഥിനിയെ ചെയിൻസോ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റു. വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാർഥിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിന് പിന്നാലെയാണ് സിനിമകളിലെ അക്രമരംഗങ്ങൾ യഥാർഥ ജീവിതത്തിലെ കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന ചർച്ച വീണ്ടും ഉയർന്നത്. ഈ സാഹചര്യത്തിലാണ് സിനിമകളെ കുറ്റപ്പെടുത്തുന്നതിനെതിരെ രാം ഗോപാൽ വർമ പ്രതികരിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കാത്തവരും സമൂഹമാധ്യമങ്ങളിൽ വിമർശനം തുടരുകയാണ്.

Filmmaker Ram Gopal Varma has faced social media criticism after comparing blaming films for rising crimes to blaming the Ramayana for kidnappings. His remarks came after a schoolgirl was attacked with a chainsaw in Andhra Pradesh, reigniting debate over whether cinematic violence influences real-life behaviour