Entertainment News

'ആഭ്യന്തര വിഷയങ്ങൾ ഡിജിറ്റൽ കണ്ടന്റാക്കരുത്'; 'അമ്മ' വിവാദത്തിൽ രമേഷ് പിഷാരടി എംഎൽഎ

‘അമ്മ’യിലെ വിവാദങ്ങൾ പൊതുചർച്ചയാകാതെ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കണമെന്നും അത് ഡിജിറ്റൽ കണ്ടന്റായി മാറരുതെന്നും രമേഷ് പിഷാരടി

Entertainment Desk

താരസംഘടനയായ ‘അമ്മ’യിൽ ഉയർന്ന വിവാദ വിഷയത്തിൽ പ്രതികരണവുമായി നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. പരാതിയുമായി രംഗത്തെത്തിയ അൻസിബാ ഹസൻ, ആരോപണവിധേയനായ ടിനി ടോം, സംഘടനയുടെ പ്രസിഡൻ്റായ ശ്വേതാ മേനോൻ എന്നിവരുമായി സംസാരിച്ചതായി രമേഷ് പിഷാരടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നം കൂടുതൽ പൊതുചർച്ചയാകാതെ വേഗത്തിൽ പരിഹരിക്കണമെന്ന അഭ്യർഥനയും മൂവരോടും നടത്തിയതായി രമേഷ് പിഷാരടി പറഞ്ഞു.

ആഭ്യന്തര യോഗം വിളിക്കണമെന്ന് നിർദേശം

സംഘടനയിലെ മുതിർന്ന അംഗങ്ങളുടെ സഹായത്തോടെയോ മറ്റ് അംഗങ്ങളുടെ ഇടപെടലോടെയോ അടിയന്തര ആഭ്യന്തര യോഗം വിളിച്ചുകൂട്ടി വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ പുറത്തേക്കു വലിച്ചിഴക്കാതെ സംഘടനയ്ക്കുള്ളിൽ തന്നെ ചർച്ച ചെയ്ത് തീർക്കുന്നതാണ് ഉചിതമെന്നും പിഷാരടി അഭിപ്രായപ്പെട്ടു.

‘അമ്മ’യ്ക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുന്നു

‘അമ്മ’യിൽ ഏകദേശം 500ഓളം അംഗങ്ങൾ മാത്രമാണുള്ളതെന്നും, എന്നാൽ സിനിമാ സംഘടനയായതിനാൽ വലിയ മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. മറ്റ് സംഘടനകളിലും അംഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അത്രയും പൊതു ശ്രദ്ധ ലഭിക്കാത്തതിനാൽ അവ വലിയ ചർച്ചയാകാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഡിജിറ്റൽ കണ്ടന്റായി മാറരുത്’

സംഘടനയുടെ ആഭ്യന്തര വിഷയങ്ങൾ പൊതുജനങ്ങൾ വ്യാപകമായി ചർച്ച ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിക്കേണ്ടതില്ലായിരുന്നുവെന്ന് പിഷാരടി പറഞ്ഞു. വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് വേഗത്തിൽ പരിഹരിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും പിഷാരടി കൂട്ടിച്ചേർത്തു. ആഭ്യന്തരമായി പരിഹരിക്കാവുന്ന വിഷയങ്ങൾ ആളുകൾക്ക് പരിഹാസത്തിനോ വിനോദത്തിനോ വഴിയൊരുക്കുന്ന തരത്തിൽ പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഡിജിറ്റൽ കണ്ടന്റായോ പൊതുജനങ്ങൾക്ക് ചിരിക്കാവുന്ന വിഷയമായോ മാറരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

English Summary: Ramesh Pisharody urged that the ongoing AMMA controversy should be resolved internally and not become digital content or public entertainment. He said discussions should remain within the organization.