രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിന് പിന്നണിയിലെ അധ്വാനം വെളിപ്പെടുത്തി സംവിധായകൻ നിതേഷ് തിവാരി. രാവണനും ജടായുവും തമ്മിലുള്ള പോരാട്ടരംഗം പൂർത്തിയാക്കാൻ ആറര വർഷമെടുത്തെന്നാണ് സംവിധായകൻ അറിയിച്ചത്. രാവണന്റെ വാഹനമായ പുഷ്പകവിമാനത്തിന്റെ രൂപകൽപ്പനയ്ക്കായി മാത്രം 40 മുതൽ 50 വരെ ഡിസൈനുകൾ തയ്യാറാക്കിയെന്നും അന്തിമ രൂപത്തിലെത്താൻ ഏകദേശം രണ്ട് വർഷം വേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രേയാസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിതേഷ് തിവാരി പങ്കുവെച്ചത്.
''ഒരു ആക്ഷൻ രംഗം ഒരുക്കുന്നതിന് പിന്നിൽ അത്രത്തോളം ആസൂത്രണവും അധ്വാനവും ആവശ്യമാണ്. രാവണനും ജടായുവും തമ്മിലുള്ള പോരാട്ടം പൂർത്തിയാക്കാൻ ഞങ്ങൾക്ക് എത്ര സമയമെടുത്തെന്ന് അറിയാമോ? ആദ്യത്തെ ആർട്ടിസ്റ്റിനോട് രംഗത്തെക്കുറിച്ച് വിശദീകരിച്ച സമയം മുതൽ എല്ലാം പൂർത്തിയാകുന്നതുവരെ ആറര വർഷം. രാവണനും ജടായുവും തമ്മിലുള്ള പോരാട്ടരംഗത്തിന്റെ ആദ്യഘട്ട ചർച്ച മുതൽ പൂർത്തീകരണം വരെയുള്ള യാത്രയ്ക്കാണ് ആറര വർഷം വേണ്ടിവന്നത്. ഒരു ആക്ഷൻ രംഗത്തിന് മാത്രം. എല്ലാം ആദ്യം മുതൽ ഒരുക്കാൻ എത്രത്തോളം അധ്വാനം വേണ്ടിവന്നെന്ന് വിശദീകരിക്കാൻ തന്നെ എനിക്ക് ഒരു മണിക്കൂർ സംസാരിക്കാനാകും. ആയിരക്കണക്കിന് ആളുകളാണ് ഇതിനായി പ്രവർത്തിച്ചത്," നിതേഷ് തിവാരി പറഞ്ഞു.
ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ പുഷ്പകവിമാനത്തിന്റെ രൂപകൽപ്പനയും ഏറെ സമയമെടുത്ത ജോലിയായിരുന്നുവെന്ന് സംവിധായകൻ വെളിപ്പെടുത്തി. ''രാവണന്റെ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന, പുരാണത്തിലെ വിമാനത്തിന്റെ രൂപം തീരുമാനിക്കാൻ ഏകദേശം രണ്ട് വർഷത്തോളമാണ് അണിയറപ്രവർത്തകർ ചെലവഴിച്ചത്. ആദ്യം വിഭാവനം ചെയ്ത രൂപത്തിൽ നിന്ന് അന്തിമ ഡിസൈൻ ഏറെ വ്യത്യസ്തമായിരുന്നു. ആദ്യത്തെ പുഷ്പകവിമാനത്തിന്റെ രൂപം മനസ്സിൽ കണ്ടുകൊണ്ടാണ് രാവണൻ–ജടായു പോരാട്ടരംഗത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പിന്നീട് അന്തിമ ഡിസൈൻ മാറ്റിയതോടെ നേരത്തെ തയ്യാറാക്കിയ രംഗത്തിലും നിരവധി തിരുത്തലുകൾ വേണ്ടിവന്നു. 40 മുതൽ 50 വരെ വ്യത്യസ്ത ഡിസൈനുകൾ പരിശോധിച്ച ശേഷമാണ് സിനിമയിൽ കാണുന്ന രൂപം തിരഞ്ഞെടുത്തത്''- നിതേഷ് വ്യക്തമാക്കി.
വെറുതെ പറക്കാൻ കഴിയുന്ന ഒരു വാഹനം എന്നതിലുപരി അതിന് പിന്നിൽ ഒരു ശാസ്ത്രീയ അടിത്തറ കൂടി ഉണ്ടാകണമെന്നായിരുന്നു ടീമിന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. അന്നത്തെ കാലത്ത് നടന്നിരുന്ന കാര്യങ്ങൾക്കെല്ലാം പിന്നിൽ ശാസ്ത്രം ഉണ്ടായിരുന്നുവെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ , ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികളെക്കുറിച്ച് നടൻ രൺബീർ കപൂറും അടുത്തിടെ പ്രതികരിച്ചിരുന്നു. സിനിമകളിലെ സങ്കീർണമായ സിജിഐ രംഗങ്ങളെല്ലാം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വിലയിരുത്തുന്ന പ്രവണതയോടായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പ്. ഇത്തരം പ്രതികരണങ്ങൾ വിഎഫ്എക്സ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ അധ്വാനത്തെ ചെറുതാക്കി കാണുന്നതിന് തുല്യമാണെന്ന് രൺബീർ പറഞ്ഞു.
ആയിരക്കണക്കിന് ആർട്ടിസ്റ്റുകളാണ് ചിത്രത്തിന്റെ ദൃശ്യങ്ങൾ ഒരുക്കുന്നതിനായി തുടർച്ചയായി പ്രവർത്തിക്കുന്നതെന്നും ഒരു ഫ്രെയിം കൃത്യമായി പൂർത്തിയാക്കാൻ പോലും ദിവസങ്ങളുടെ അധ്വാനം ആവശ്യമാണെന്നും താരം ചൂണ്ടിക്കാട്ടി. ഓരോ രംഗത്തിനും പിന്നിലുള്ള സാങ്കേതിക പ്രവർത്തനങ്ങളും ആർട്ടിസ്റ്റുകളുടെ സംഭാവനകളും പരിഗണിക്കണമെന്നും രൺബീർ വ്യക്തമാക്കി.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, DNEG, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027ലെ ദീപാവലി റിലീസായി എത്തുമാണ് പ്രതീക്ഷ.
Actor Ranbir Kapoor has defended the hard work behind the VFX of Ramayana: Rise of a Legend, disagreeing with claims that complex CGI scenes are entirely AI-generated. He highlighted the contribution of thousands of artists and technicians, stressing that creating even a single frame requires considerable time and effort.