ചില ഗായകര്‍ ഗാനങ്ങള്‍ക്ക് തങ്ങളുടെ ശബ്ദം നല്‍കുമ്പോള്‍, എസ്. ജാനകിയെന്ന തന്റെ ആത്മാവാണ് ഓരോ വരികള്‍ക്കും പകര്‍ന്നുനല്‍കിയത്. ആറ് പതിറ്റാണ്ടിലധികം കാലം ജാനകി വെറുതെ പാടുകയായിരുന്നില്ല, മറിച്ച് ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ പ്രണയവും വിരഹവും ദുഖവും സന്തോഷവും വാല്‍സല്യവും അനുഭവിപ്പിക്കുകയായിരുന്നു. ആ ശബ്ദത്തില്‍ പ്രണയത്തിന് കൂടുതല്‍ ആര്‍ദ്രതയുണ്ടായിരുന്നു, വിരഹത്തിന് കൂടുതല്‍ തീവ്രതയും. സന്തോഷങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതായപ്പോള്‍, ദുഖങ്ങള്‍ക്ക് അത് ആശ്വാസമായി മാറി. വാക്കുകള്‍ക്ക് മാത്രം പ്രകടിപ്പിക്കാന്‍ കഴിയാത്ത വികാരങ്ങളുടെ ആഴങ്ങളാണ് ജാനകിയുടെ ഓരോ സ്വരത്തിലും തുടിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ആ ഗാനങ്ങള്‍ വെറും ഈണങ്ങളല്ല, മറിച്ച് തലമുറകളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഓര്‍മകളാണ്.
ശബ്ദവൈവിധ്യത്തിന്റെ മാന്ത്രികത
എസ്. ജാനകിയുടെ ഏറ്റവും വലിയ സവിശേഷത അവരുടെ അസാധാരണമായ ശബ്ദവൈവിധ്യമാണ്. ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയിലേക്കും, നാണംകുണുങ്ങിയായ യുവതിയിലേക്കും, പ്രണയാതുരയായ കാമുകിയിലേക്കും, ദുഖം തളംകെട്ടിനില്‍ക്കുന്ന അമ്മയിലേക്കും അനായാസം മാറാന്‍ ആ ശബ്ദത്തിന് കഴിഞ്ഞു. വളരെ കുറച്ച് ഗായകര്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന പ്രതിഭയാണിത്. അവര്‍ പാടിയ കുട്ടിക്കവിതകള്‍ കേള്‍ക്കുമ്പോള്‍ ഒരു കൊച്ചുകുട്ടി തന്നെയാണ് അത് പാടുന്നതെന്ന് കേള്‍വിക്കാര്‍ വിശ്വസിച്ചു. അതേസമയം, ആ ആത്മാവ് തൊട്ടറിഞ്ഞ താരാട്ടുപാട്ടുകള്‍ ഓരോ മലയാളി വീടുകളുടെയും ഭാഗമായി മാറി, ഒട്ടനവധി തലമുറകളുടെ നിദ്രയ്ക്കാണ് ആ സ്വരം സാക്ഷിയായത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി ഉള്‍പ്പെടെ വിവിധ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങളാണ് അവര്‍ ആലപിച്ചത്. മലയാളത്തില്‍ 'തുമ്പി വാ തുമ്പക്കുടത്തില്‍', 'ഉണരൂ വേഗം നീ', 'വസന്ത പഞ്ചമി നാളില്‍', 'ഒരു കൊച്ചു സ്വപ്നത്തിന്‍', 'മാനസ മണിവേണുവില്‍', 'മിഴിയോരം', 'ആടിവാ കാറ്റേ', 'മഞ്ഞണി കൊമ്പില്‍', 'നാഥാ നീ വരും', 'മലര്‍ക്കൊടി പോലെ', 'ഉണ്ണി ആരാരിരോ', 'കിളിയേ കിളിയേ', 'സ്വര്‍ണ മുകിലേ', 'എന്‍ പൂവേ പൊന്‍ പൂവേ' അങ്ങനെ നീളുന്നു ആ സംഗീത മാന്ത്രികത. തമിഴില്‍ 'സെന്തൂര പൂവേ', 'കാറ്റില്‍ എന്തന്‍ ഗീതം', 'പൊന്മണി ഉരുകുതേ', 'ഇഞ്ചി ഇടുപ്പഴക', 'ഊരു സനം തൂങ്ങിടിച്ചു', 'തെന്‍ട്രല്‍ വന്ത് തീണ്ടുമ്പോത്', 'വാന്‍ നിലാ', 'മുത്തുമണി കണ്ണനുക്ക്', 'പൂവരസംപൂ' തുടങ്ങിയ ഗാനങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ നാഴികക്കല്ലുകളായി ഇന്നും തിളങ്ങിനില്‍ക്കുന്നു. ഏത് ഭാഷയില്‍ പാടുമ്പോഴും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഭാഷ അവര്‍ക്കൊരു തടസ്സമായില്ല. ആ ശബ്ദം നേരിട്ട് സംവദിച്ചത് മനുഷ്യഹൃദയങ്ങളോടായിരുന്നു.
റേഡിയോയില്‍ നിന്ന് തുടങ്ങിയ സംഗീത സ്വപ്നങ്ങള്‍
വിവിധ ഭാഷകളിലെ തന്റെ അനശ്വര ഗാനങ്ങളിലൂടെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന് സംഗീത പശ്ചാത്തലമൊരുക്കും മുന്‍പ്, സിസ്തല ജാനകി എന്ന എസ്. ജാനകി ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനടുത്തുള്ള പല്ലപട്ല എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. അക്കാലത്ത് വീട്ടിലെ ഒരു പെട്ടി റേഡിയോയില്‍ നിന്നും ഉയര്‍ന്നുകേട്ട പാട്ടുകളായിരുന്നു ആ കൊച്ചുപെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത്. റേഡിയോയ്ക്ക് മുന്നിലിരുന്ന് ലതാ മങ്കേഷ്‌കറുടെ ഗാനങ്ങള്‍ കേട്ട് മനംമറന്ന ആ നാളുകളെ കുറിച്ച് 'ലതയായിരുന്നു എന്റെ ആദ്യ ഗുരു' എന്ന് ജാനകി പിന്നീട് ആദരവോടെ പറഞ്ഞിട്ടുണ്ട്. നാല്‍പ്പതുകളിലും അമ്പതുകളിലും ആ റേഡിയോയ്ക്ക് മുന്നില്‍ ചെലവഴിച്ച വൈകുന്നേരങ്ങളാണ് ആറ് പതിറ്റാണ്ടോളം നീണ്ടുനിന്ന ആ വിസ്മയകരമായ സംഗീതജീവിതത്തിന് വിത്തുപാകിയത്. ലതാ മങ്കേഷ്‌കറോട് ആഴമേറിയ ആദരവുണ്ടായിരുന്നപ്പോഴും തന്റേത് മാത്രമായ ഒരു തനത് ആലാപന ശൈലി രൂപപ്പെടുത്താന്‍ ജാനകിക്ക് കഴിഞ്ഞു. ആ സവിശേഷമായ പാതയാണ് അവരെ 'ദക്ഷിണേന്ത്യയുടെ വാനമ്പാടി'യായും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ശബ്ദമായും മാറ്റിയത്.
സിര്‍സില്ലയിലെ വേദികളില്‍ നിന്ന് ചെന്നൈയിലേക്ക്
തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ജാനകി ചെലവഴിച്ചത് വസ്ത്രവ്യാപാര നഗരമായ സിര്‍സില്ലയിലായിരുന്നു. നാടകപ്രവര്‍ത്തകനായ അമ്മാവന്‍ നാടകങ്ങളുടെ ഇടവേളകളില്‍ ലതാ മങ്കേഷ്‌കറുടെ പാട്ടുകള്‍ പാടാന്‍ ജാനകിയെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയൊരു നാടകവേദിയില്‍ വെച്ചാണ് തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ബി.ആര്‍ പന്തുലുവും സംഗീത സംവിധായകന്‍ ടി.ജി ലിംഗപ്പയും ഈ അപൂര്‍വ്വ പ്രതിഭയെ തിരിച്ചറിയുന്നത്. അവരുടെ നിര്‍ദേശപ്രകാരം ചെന്നൈയിലെത്തിയ ജാനകി, 1957-ല്‍ 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചു. കരിയറിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ആറ് ഭാഷകളില്‍ പാടിക്കൊണ്ടാണ് അവര്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചത്. ജാനകിയുടെ കരിയറിന്റെ വളര്‍ച്ചയിലും വിജയത്തിലും ഭര്‍ത്താവ് വി. രാംപ്രസാദ് നല്‍കിയ പിന്തുണയും പങ്കും വളരെ വലുതായിരുന്നു.
തലമുറകളെ വിസ്മയിപ്പിച്ച സംഗീത കൂട്ടുകെട്ടുകള്‍
എം.എസ് വിശ്വനാഥന്‍, ജി.കെ വെങ്കിടേഷ്, ഇളയരാജ എന്നിവര്‍ മുതല്‍ രാജന്‍-നാഗേന്ദ്ര, എം.എം കീരവാണി, എ.ആര്‍ റഹ്‌മാന്‍ വരെയുള്ള വിവിധ തലമുറകളിലെ പ്രഗത്ഭരായ സംഗീത സംവിധായകര്‍ക്കൊപ്പം അവര്‍ പ്രവര്‍ത്തിച്ചു. 1976-ല്‍ ഇളയരാജയുടെ അരങ്ങേറ്റ ചിത്രമായ 'അന്നക്കിളി'യില്‍ ജാനകി പാടിയ മൂന്ന് ഗാനങ്ങള്‍ അവരെ പിന്നണി ഗാനരംഗത്തിന്റെ നെറുകയിലെത്തിച്ചു. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകാലം ആ സിംഹാസനത്തില്‍ അവര്‍ എതിരാളികളില്ലാതെ തുടര്‍ന്നു. 'ദില്‍ മേം ഹോ തും', 'യാര്‍ ബിനാ ചൈന്‍ കഹാന്‍ രേ' തുടങ്ങിയ അവരുടെ ഹിന്ദി ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നിരവധി സംസ്ഥാന ബഹുമതികളും ഈ അസാധാരണ പ്രതിഭയെ തേടിയെത്തി.
നിലപാടുകളുടെ ജാനകിയമ്മ
2013-ല്‍ രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജാനകിയമ്മ അത് നിരസിച്ചു. 55 വര്‍ഷത്തെ വിജയകരമായ സംഗീതജീവിതത്തിന് ശേഷം ഈ അംഗീകാരം വളരെ വൈകിയാണ് വന്നതെന്നും ഭാരതരത്‌നയില്‍ കുറഞ്ഞതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു അവരുടെ ശക്തമായ നിലപാട്. ദക്ഷിണേന്ത്യന്‍ കലാകാരന്മാര്‍ക്ക് അര്‍ഹമായ ദേശീയ അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെയുള്ള ഒരു വലിയ പ്രതിഷേധം കൂടിയായിരുന്നു അത്. 2017-ലാണ് അവര്‍ പിന്നണി ഗാനരംഗത്തുനിന്നും സ്റ്റേജ് ഷോകളില്‍ നിന്നും പൂര്‍ണ്ണമായി വിരമിച്ചത്.
ബാക്കിയാവുന്ന പൈതൃകം
എസ്. ജാനകിയുടെ ഏറ്റവും വലിയ സമ്പാദ്യം അവര്‍ പാടിയ ആയിരക്കണക്കിന് ഗാനങ്ങളോ അവര്‍ക്ക് ലഭിച്ച അസംഖ്യം പുരസ്‌കാരങ്ങളോ മാത്രമാവില്ല. മറിച്ച് സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ അവര്‍ക്കുള്ള സ്ഥാനമായിരിക്കാം. തന്റെ കുഞ്ഞിനെ ഉറക്കാന്‍ ഒരു അമ്മ മൂളുന്ന താരാട്ടിലും പ്രണയകാലത്തെ ഓര്‍ത്തെടുക്കുന്ന കാമുകീകാമുകന്മാരുടെ ഈണങ്ങളിലും, ജീവിതത്തിലെ കഠിനമായ നിമിഷങ്ങളില്‍ ഒരു ഗാനത്തിലൂടെ ആശ്വാസം കണ്ടെത്തുന്നവരിലും ഒരു കുടുംബം ഒത്തുകൂടുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന അവരുടെ സന്തോഷ ഗാനങ്ങളിലും ജാനകി ഇന്നും ജീവിക്കുന്നു. ആ സ്വരം ഇന്ന് മൈക്രോഫോണിന് മുന്നില്‍ നിശബ്ദമായിരിക്കാമെങ്കിലും അത് ഉണര്‍ത്തിയ വികാരങ്ങള്‍ ഒരിക്കലും മരിക്കില്ല. വരുന്ന ഓരോ പുതിയ തലമുറയും എസ്. ജാനകിയെ പുതുതായി കണ്ടെത്തിക്കൊണ്ടേയിരിക്കും.
S. Janaki is widely regarded as one of India's greatest playback singers, with a career spanning more than six decades and over 40,000 songs in multiple languages, including Malayalam, Tamil, Telugu, Kannada and Hindi. Renowned for her unmatched vocal versatility and emotional depth, she transformed every song into a memorable experience. From timeless Malayalam classics like Thumbi Vaa and Mizhiyoram to iconic Tamil hits such as Senthoora Poove and Inji Idupazhaga, Janaki's voice became the emotional soundtrack of millions.