മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സൈജു കുറുപ്പ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘പ്രേംപാറ്റ’യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ സിനിമയിൽ പലപ്പോഴും കുട്ടികളുടെയോ ന്യൂജൻ കഥാപാത്രങ്ങളുടെയോ ഉപദേശകനായോ ചേട്ടനായോ ആണ് തനിക്ക് വേഷങ്ങൾ ലഭിക്കാറുള്ളതെന്ന് താരം പറഞ്ഞു. എന്നാൽ യഥാർഥ ജീവിതത്തിൽ സ്വന്തം മക്കളെപ്പോലും താൻ ഉപദേശിക്കാറില്ലെന്ന രസകരമായ വെളിപ്പെടുത്തലും സൈജു നടത്തി.
സിനിമയിൽ പലപ്പോഴും ഒരു അഡ്വൈസറുടെ വേഷമാണ് തനിക്ക് ലഭിക്കാറുള്ളതെന്നും എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെയല്ലെന്നും സൈജു കുറുപ്പ് പറഞ്ഞു. ‘പ്രേംപാറ്റ’യിലും പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് താരം എത്തുന്നത്. അത്യാവശ്യം ചില കള്ളത്തരങ്ങളുള്ള തന്റെ കഥാപാത്രമാണ് എൻഎസ്എസ് ക്യാമ്പിലെത്തുന്ന കുട്ടികളുടെ ഗാർഡിയന്റെ റോൾ കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
“യഥാർഥ ജീവിതത്തിൽ സ്വന്തം മക്കളെപ്പോലും ഞാൻ ഉപദേശിക്കാറില്ല. അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണ്. എന്നാൽ സിനിമയിലെത്തുമ്പോൾ ഒരു ചേട്ടനായോ ഉപദേശകനായോ എത്തുന്ന കഥാപാത്രങ്ങളാണ് എന്നെ തേടിയെത്താറുള്ളത്,” സൈജു കുറുപ്പ് പറഞ്ഞു. തന്നെ കാണുമ്പോൾ അത്തരമൊരു സുരക്ഷിതത്വബോധം തോന്നുന്നതുകൊണ്ടാകാം ഇത്തരം കഥാപാത്രങ്ങൾ ലഭിക്കുന്നതെന്നും സൈജു കുറുപ്പ് പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് നിരവധി പേർ തനിക്ക് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അന്ന് ലഭിച്ച ഉപദേശങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, അനാവശ്യമായി ആരെയും ഉപദേശിക്കരുതെന്നതാണ് ജീവിതത്തിൽ താൻ പിന്തുടരുന്ന പ്രധാന നിലപാടുകളിലൊന്നെന്നും സൈജു കുറുപ്പ് പറഞ്ഞു. ആരെങ്കിലും തന്നോട് അഭിപ്രായം ചോദിച്ചാൽ മാത്രമേ ഉപദേശം നൽകാറുള്ളൂവെന്നും അല്ലാതെ സ്വമേധയാ ഉപദേശിക്കുന്ന സ്വഭാവം തനിക്കില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു. അത്തരത്തിലുള്ള ഉപദേശങ്ങൾ പലർക്കും അരോചകമായി തോന്നിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ ഇത്തരത്തിൽ ഒരാൾക്ക് നൽകിയ ഉപദേശം അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും അതോടെയാണ് മറ്റുള്ളവരെ സ്വമേധയാ ഉപദേശിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും സൈജു കുറുപ്പ് രസകരമായി പറഞ്ഞു.
സിഗരറ്റ് വലിക്കുന്ന ഒരാൾ വലിക്കാത്ത മറ്റൊരാൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ചുള്ള അനുഭവമാണ് ഇതിന് ഉദാഹരണമായി സൈജു കുറുപ്പ് ചൂണ്ടിക്കാട്ടിയത്. സിഗരറ്റ് വലിക്കുന്നവരോട് ഉപദേശകർ പതിവായി ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഒരു ദിവസം എത്ര എണ്ണം വലിക്കുമെന്നത്. എണ്ണം അറിഞ്ഞുകഴിഞ്ഞാൽ, പെട്ടെന്ന് നിർത്താൻ കഴിയില്ലെന്ന് അറിയാമെങ്കിലും സിഗരറ്റിന്റെ എണ്ണം കുറച്ചുകൂടേയെന്ന് ഉപദേശിക്കാൻ തുടങ്ങും. ഇത്തരം ഉപദേശങ്ങൾ കേൾക്കുമ്പോൾ സിഗരറ്റ് വലി കുറയ്ക്കുന്നതിന് പകരം രണ്ട് സിഗരറ്റ് അധികം വലിക്കാനാണ് തോന്നാറുള്ളതെന്നും സൈജു കുറുപ്പ് രസകരമായി പറഞ്ഞു.
ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫുൾ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. യുവത്വത്തിന്റെ കാഴ്ചപ്പാടുകളും പുതിയ കാലത്തിന്റെ സോഷ്യൽ മീഡിയ സംസ്കാരവുമാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം.
മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വിപി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അങ്കിത് മേനോനാണ്. സുഹൈൽ എം കോയയും മുത്തുവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ചിത്രം നവംബർ 27 ന് തിയറ്ററുകളിലെത്തും.
Actor Saiju Kurup opens up about his on-screen image as an advisor and guardian to younger characters, while revealing that he rarely gives advice even to his own children. Sharing anecdotes from his upcoming film Prempata, directed by Ameer Pallikkal, he explains why unsolicited advice can sometimes be annoying.