മലയാളികളെ ചിരിപ്പിച്ച് ചിരിപ്പിച്ച് സലിം കുമാർ ഓർമയായി. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തന്റെ കരൾ രോഗത്തെ കുറിച്ചും വ്യാജ വൈദ്യൻമാർ കാരണം അനുഭവിച്ച പ്രയാസങ്ങളും പഴയൊരു അഭിമുഖത്തിൽ സലിം കുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.
കരളിനു അസുഖമാണെന്നു അറിഞ്ഞപ്പോൾ ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി. കരൾ മാറ്റിവയ്ക്കൽ അല്ലാതെ വേറെ വഴിയില്ലെന്ന് അപ്പോൾ മനസ്സിലായി. എന്നാൽ അത് ചെയ്യേണ്ടതില്ലെന്നും വേറെ എന്തെങ്കിലും ചികിത്സകൾ ലഭിക്കുമോ എന്നും നോക്കാമെന്നായി സലിം കുമാറിന്. അങ്ങനെ മരുന്ന് ചെയ്താൽ അസുഖം മാറുമോ എന്ന് തിരക്കി തുടങ്ങി. അപ്പോഴാണ് പൊലീസുകാരനായ ഒരു സുഹൃത്ത് ഒറ്റപ്പാലത്ത് ഒരു വൈദ്യൻ ഉണ്ടെന്നു പറഞ്ഞ് അങ്ങോട്ടു കൊണ്ടുപോകുന്നത്. ലിവർ സിറോസിസ് 51 ദിവസം കൊണ്ട് മാറ്റിത്തരാമെന്നാണ് ആ വൈദ്യർ പറഞ്ഞത്. നിലംപരണ്ട എന്നൊരു മരുന്നുണ്ട്. അത് 51 ദിവസം കുടിക്കാൻ പറഞ്ഞു. 501 ദിവസം കുടിച്ചിട്ടും തന്റെ അസുഖം മാറിയില്ലെന്നാണ് സലിം കുമാർ ഈ അഭിമുഖത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞത്.
ഇതുകഴിഞ്ഞ് അതേ പൊലീസുകാരൻ തന്നെ ചേർത്തലയിലുള്ള മറ്റൊരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി. അതാണ് മോഹനൻ വൈദ്യർ. ലിവർ സിറോസിസിനു ഇംഗ്ലീഷിൽ മരുന്നില്ലെന്നും അയാൾ തരുന്ന മരുന്നുകൾ കഴിച്ചാൽ മതിയെന്നും പറഞ്ഞു. മരുന്നാണെന്ന് പറഞ്ഞ് പശു കഴിക്കുന്ന തരം ഒരു പുല്ല് പറിച്ചു തന്നു. താൻ ഇത് കഴിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ചോര ഛർദിക്കാൻ തുടങ്ങി.
എന്റെ മകൻ വൈദ്യരെ വിളിച്ചു ചോദിച്ചു, 'എന്താണ് ഇങ്ങനെ'? വൈദ്യർ പറയുകയാണ് അകത്ത് കുറച്ച് ബ്ലഡ് കിടപ്പുണ്ട്, അത് പുറത്തുകളയാൻ ഞാൻ ഒരു മരുന്ന് കൊടുത്തിട്ടുണ്ട്. അത് ഛർദിച്ച് പോകട്ടെ എന്ന്. അകത്തു കിടന്നതും പോയി പിന്നെ കുടൽ കൂടി പുറത്തു വരുന്ന തരത്തിൽ ചോര ഛർദിക്കുകയാണ്. വീണ്ടും അയാളെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.
അതുകഴിഞ്ഞ് ഇതേ പൊലീസ് സുഹൃത്ത് മലയാറ്റൂരിൽ ഒരു വൈദ്യൻ ഉണ്ടെന്നു പറഞ്ഞ് അങ്ങോട്ടും പോയി. അയാൾ പറഞ്ഞത് 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കുക. വേറെ എന്തോ സാധനവും കൂടി അതിൽ ഇടും. എന്നിട്ട് അത് കഴിക്കാനാണ്. ഭാര്യ രാവിലെ മുതൽ രാത്രി വരെ തേങ്ങയുടെ വെള്ളമെടുത്ത് ഇത് ഉണ്ടാക്കും. ഈ മരുന്ന് കഴിച്ചുതുടങ്ങിയതും വീണ്ടും ഛർദി രൂക്ഷമായി. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു, 'ശരീരം റിജക്ട് ചെയ്യുകയാണ്, നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോൾ പുരട്ടാം വച്ചേക്കൂ'. ശരീരം പൊള്ളുമ്പോൾ ലിവർ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഇതുപോലെ കുറേ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സലിം കുമാർ പറഞ്ഞത്.
English Summary: Veteran Malayalam actor Salim Kumar, who passed away after a prolonged battle with liver disease, had previously spoken candidly about the dangers of relying on unproven medical treatments. In an old interview, he revealed how, after being diagnosed with liver cirrhosis, he desperately searched for alternatives to a liver transplant and was led to several self-styled healers who claimed they could cure his condition.