Entertainment News

സല്‍മാന്‍ ഖാന്‍ വില്‍ സ്മിത്തിനെപ്പോലെ, ഷാരുഖ് ഖാനൊപ്പം സിനിമ ചെയ്യണം; '7 ഡോഗ്‌സ്' സംവിധായകര്‍

'7 ഡോഗ്‌സ്' എന്ന ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായ 'രഞ്ജീത്' എന്ന ഇന്ത്യന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.

Entertainment Desk

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും തങ്ങളില്‍ ഉണ്ടാക്കിയ സ്വാധീനം വെളിപ്പെടുത്തി '7 ഡോഗ്‌സ്' എന്ന ആക്ഷന്‍ ചിത്രത്തിന്റെ സംവിധായകരായ ആദില്‍ അല്‍ അര്‍ബിയും ബിലാല്‍ ഫലാഹും. ഇന്ത്യന്‍ നടന്മാരുടെ മാസ് ഓണ്‍-സ്‌ക്രീന്‍ പ്രസന്‍സും ആക്ഷന്‍ സിനിമകളിലെ അനുഭവസമ്പത്തും തങ്ങള്‍ക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കിയെന്ന് 'ബാഡ് ബോയ്‌സ്' ഫ്രാഞ്ചൈസിയിലൂടെ പ്രശസ്തരായ ഈ സംവിധായകര്‍ പറഞ്ഞു. സല്‍മാന്റെ താരപ്പകിട്ടിനെ ഒരു 'മാസ്റ്റര്‍ക്ലാസ്' എന്ന് വിശേഷിപ്പിച്ച ഇരുവരും സഞ്ജയ് ദത്തിന്റെ സാങ്കേതിക തികവിനെയും അഭിനന്ദിച്ചു.

വിവിധ രാജ്യങ്ങളിലെ പ്രമുഖ അഭിനേതാക്കള്‍ അണിനിരക്കുന്ന '7 ഡോഗ്‌സ്' എന്ന ചിത്രത്തില്‍ സല്‍മാനും സഞ്ജയ് ദത്തിനും സുപ്രധാന വേഷങ്ങളുണ്ട്. അഹമ്മദ് എസ്, കരീം അബ്ദുള്‍ അസീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മോണിക്ക ബെല്ലൂച്ചി, ജിയാങ്കാര്‍ലോ എസ്‌പോസിറ്റോ എന്നിവരും അഭിനയിക്കുന്നു.

ക്യാമറയ്ക്ക് മുന്നിലെത്തുന്ന നിമിഷം മുതല്‍ സല്‍മാന്‍ ഖാന്‍ ഉണ്ടാക്കുന്ന ഇംപാക്റ്റ് അവിസ്മരണീയമാണെന്ന് ആദില്‍ അല്‍ അര്‍ബി പറയുന്നു. വില്‍ സ്മിത്തുമായി തങ്ങള്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അതേ അനുഭവമാണ് സല്‍മാനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ചതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. 'ഒരു യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ ഇതാണ് എന്ന് തോന്നിപ്പോകും. ക്യാമറ അദ്ദേഹത്തിന് നേരെ തിരിയുമ്പോള്‍ തന്നെ ആ സ്‌ക്രീനില്‍ ഒരു മാജിക് സംഭവിക്കുകയായി. രംഗം എന്താണെന്ന് വളരെ വേഗം മനസ്സിലാക്കുന്ന സല്‍മാന്‍, അതിലേക്ക് സ്വന്തം ഭാവന കൂടി കൂട്ടിച്ചേര്‍ക്കും. അത് ശരിക്കും നേരിട്ട് കണ്ടുപഠിക്കേണ്ട ഒരു അനുഭവമാണ്', ആദില്‍ വ്യക്തമാക്കി. ചിത്രത്തില്‍ മുന്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായ 'ജൗഹര്‍' എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്.

'7 ഡോഗ്‌സ്' എന്ന ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായ 'രഞ്ജീത്' എന്ന ഇന്ത്യന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കൃത്രിമ മരുന്നായ 'പിങ്ക് ലേഡി' ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ചുമതലയാണ് ഈ കഥാപാത്രത്തിനുള്ളത്. സഞ്ജയ് ദത്തിന്റെ പുതിയ ചിത്രമായ 'ധുരന്ധര്‍' എന്ന സ്‌പൈ ത്രില്ലറിന്റെ വന്‍ വിജയത്തെക്കുറിച്ചും സംവിധായകര്‍ സംസാരിച്ചു. ബോളിവുഡിലെ ആക്ഷന്‍ രംഗങ്ങളുടെ നിര്‍മ്മാണ രീതി ഹോളിവുഡിനേക്കാള്‍ വിപുലവും സങ്കീര്‍ണ്ണവുമാണെന്ന് ആദില്‍ അഭിപ്രായപ്പെട്ടു. മുംബൈ സന്ദര്‍ശന വേളയില്‍ സഞ്ജയ് ദത്തുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞതായും അദ്ദേഹത്തിനൊപ്പം ഇനിയും പ്രോജക്ടുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ബിലാല്‍ ഫലാഹ് വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയില്‍ തങ്ങളെ ആദ്യം ആകര്‍ഷിച്ച ചിത്രം ഷാരൂഖ് ഖാന്റെ 'മൈ നെയിം ഈസ് ഖാന്‍' ആണെന്ന് സംവിധായകര്‍ പറഞ്ഞു. 9/11 സംഭവങ്ങള്‍ക്ക് ശേഷമുള്ള മുസ്ലിം പ്രവാസി ജീവിതവും വംശീയതയും ചര്‍ച്ച ചെയ്ത ആ ചിത്രം മൊറോക്കന്‍ വംശജരായ തങ്ങള്‍ക്ക് വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതാവുകയായിരുന്നു എന്നും സംവിധായകര്‍ പറഞ്ഞു. ഭാവിയില്‍ ബോളിവുഡുമായി കൂടുതല്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ഇരുവരും ഷാരൂഖ് ഖാനെയും വില്‍ സ്മിത്തിനെയും ഒരുമിച്ച് അണിനിരത്തി ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് വലിയൊരു സ്വപ്നമാണെന്നും കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 21-ന് '7 ഡോഗ്‌സ്' ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഇന്ത്യന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Directors Adil El Arbi and Bilall Fallah have spoken about the impact Bollywood stars Salman Khan and Sanjay Dutt had on them while working on the action film 7 Dogs. Known for directing the Bad Boys franchise, the filmmakers praised the Indian actors’ screen presence, action experience and technical skills. Adil El Arbi described Salman Khan’s screen presence as a “masterclass”, comparing the experience of working with him to working with Hollywood star Will Smith. Salman plays Johar, a former Interpol officer, in the film.