Entertainment News

‘അത് അങ്ങനെയല്ല’; വിവാദ പരാമർശത്തിൽ വിശദീകരണവുമായി സഞ്ജയ് ദത്ത്

‘ഇന്ത്യയിൽ പഴയ സമാധാനം തോന്നുന്നില്ല’ എന്ന പരാമർശം ചർച്ചയായതിന് പിന്നാലെ പ്രതികരണം; ടോക്ക് ഷോയിലെ സംഭാഷണം മുൻകൂട്ടി തയ്യാറാക്കിയതും ഹാസ്യാത്മകവുമായിരുന്നുവെന്ന് താരം

Entertainment Desk

രാജ്യത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് നടൻ സഞ്ജയ് ദത്ത് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി താരം. ‘ശേഖർ ടുനൈറ്റ്’ എന്ന ടോക്ക് ഷോയിൽ നടത്തിയ സംഭാഷണത്തിലെ പരാമർശങ്ങൾ ഉദ്ദേശിച്ച സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്താണ് വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് സഞ്ജയ് ദത്ത് വ്യക്തമാക്കുന്നത്.

ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു സഞ്ജയ് ദത്തിന്റെ പരാമർശം. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാജ്യത്ത് മുമ്പുണ്ടായിരുന്ന തരത്തിലുള്ള സമാധാനം ഇപ്പോൾ അനുഭവപ്പെടുന്നില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയും വിശാലമനസ്കതയും ചൂണ്ടിക്കാട്ടിയ താരം, രാജ്യത്ത് വീണ്ടും സമാധാനവും ഐക്യവും നിറയണമെന്ന ആഗ്രഹവും പങ്കുവച്ചു.

പരാമർശം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ചർച്ചകളും ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ പരോക്ഷമായി പരിഹസിക്കുന്ന തരത്തിലുള്ള സംഭാഷണവും പരിപാടിക്കിടെ സഞ്ജയ് ദത്ത് നടത്തിയിരുന്നു. ‘മുന്നാഭായ്’ സിനിമകളിലെ കഥാപാത്രത്തിന്റെ ശൈലി പിന്തുടർന്നായിരുന്നു താരത്തിന്റെ അവതരണം.

‘ഉദ്യേശിച്ചത് അതായിരുന്നില്ല’

വിവാദം ശക്തമായതോടെയാണ് സഞ്ജയ് ദത്ത് വിശദീകരണവുമായി രംഗത്തെത്തിയത്. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ സ്ഥാപനത്തെയോ അപമാനിക്കാനോ തനിക്ക് ഉദ്യേശ്യമുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കി. പരിപാടിയിൽ പറഞ്ഞത് മുൻകൂട്ടി തയ്യാറാക്കിയ, ലളിതവും ഹാസ്യാത്മകവുമായ സംഭാഷണത്തിന്റെ ഭാഗമായിരുന്നുവെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ‘മുന്നാഭായ്’ ചിത്രങ്ങളിലെ ഹാസ്യവും പരിഹാസവും, പ്രത്യേകിച്ച് ‘ഗാന്ധിഗിരി’ എന്ന ആശയവും മുന്നോട്ടുവയ്ക്കുന്ന സ്നേഹം, ഊഷ്മളത, ഐക്യം, സൗഹൃദം തുടങ്ങിയ സന്ദേശങ്ങളായിരുന്നു തന്റെ പരാമർശങ്ങൾക്ക് പിന്നിലെന്നും താരം വിശദീകരിച്ചു.താൻ ഉദ്യേശിച്ച സന്ദർഭത്തിൽ നിന്ന് മാറ്റിനിർത്തിയാണ് വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടതെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു.

ഇതോടെ വിവാദത്തിന് പിന്നിലെ പ്രധാന ചർച്ചയും മാറുകയാണ് — സഞ്ജയ് ദത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടായിരുന്നോ, അതോ ‘മുന്നാഭായ്’ ശൈലിയിലുള്ള ഒരു ആസൂത്രിത ഹാസ്യസംഭാഷണമോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അതേസമയം, സഞ്ജയ് ദത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത് ‘ഖലനായക് റിട്ടേൺസ്’ ആണ്. 1993ലെ ‘ഖലനായക്’ എന്ന ചിത്രത്തിലെ ബല്ലു ബൽറാം എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം.

Sanjay Dutt has clarified his remarks about the lack of peace in India that sparked controversy on social media. The actor said his comments on the talk show were part of a pre-planned, humorous conversation inspired by Munna Bhai’s Gandhigiri. He stressed that he never intended to hurt or insult anyone.