Entertainment News

'സണ്ണി ഡിയോളിനെ ഒരു മുസ്ലിമായി കാണാന്‍ കഴിയുന്നില്ലേ?'; 'ബത്വാര 1947'-ന്റെ പരാജയത്തില്‍ പ്രതികരിച്ച് ഷബാന ആസ്മി

'ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ-പാകിസ്താന്‍ വിഷയം തൊടാന്‍ പോലും കഴിയില്ലെന്നത് വളരെ നിരാശാജനകമാണ്. രാഷ്ട്രീയമായി യാതൊരു തെറ്റുമില്ലാത്ത ചിത്രമാണിത്'

Entertainment Desk

ബോക്സ് ഓഫീസില്‍ വലിയ പ്രതീക്ഷകളോടെ എത്തിയ 'ബത്വാര 1947' നേരിട്ട പരാജയത്തിനു കാരണം സണ്ണി ഡിയോള്‍ അവതരിപ്പിച്ച മുസ്ലിം കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്തതാകാമെന്ന് നടി ഷബാന ആസ്മി. ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 53.96 കോടി രൂപ മാത്രമാണ് നേടിയത്. അതേദിവസം തന്നെ റിലീസ് ചെയ്ത ഇമ്രാന്‍ ഹാഷ്മിയുടെ 'ആവാരപന്‍ 2' ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങള്‍ കേട്ടിട്ടും തിയറ്ററുകളില്‍ പരാജപ്പെട്ടതില്‍ താന്‍ അത്ഭുതപ്പെടുന്നുവെന്ന് ഷബാന ആസ്മി പറഞ്ഞു.

രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നിര്‍മ്മിച്ച 'ബത്വാര 1947' ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. 'ഘട്ടക്', 'ഗദ്ദര്‍' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സണ്ണി ഡിയോളും രാജ്കുമാര്‍ സന്തോഷിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീതി സിന്റ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

സണ്ണി ഡിയോളിനെ ഒരു മുസ്ലിം കഥാപാത്രമായി ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കാത്തതാണ് പരാജയത്തിന് പ്രധാന കാരണമായി ഷബാന ആസ്മി ചൂണ്ടിക്കാണിക്കുന്നത്. മുന്‍കാലങ്ങളില്‍ അമിതാഭ് ബച്ചന്‍ ഇത്തരം വേഷങ്ങള്‍ ('കൂലി', 'ദീവാര്‍') ചെയ്തപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നും അവര്‍ സൂം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'കൂലി' ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അമിതാഭ് ബച്ചന്‍ മുസ്ലിം കഥാപാത്രങ്ങളെ വളരെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. 'ദീവാര്‍' എന്ന ചിത്രത്തില്‍ അദ്ദേഹം '786' എന്ന നമ്പറുള്ള ബില്ല ചാര്‍ത്തുന്നത് പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. മനപ്പൂര്‍വം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ഒരു അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുകയാണോ? എനിക്ക് കാര്യങ്ങള്‍ വ്യക്തമാകുന്നില്ല', ശബാന ആസ്മി പറഞ്ഞു.

ചിത്രത്തിലെ സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ പലരും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഷബാന ആസ്മി ചൂണ്ടിക്കാട്ടി. 'ആളുകളുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തുന്നു. സിനിമ കണ്ടവര്‍ പോലും സണ്ണി ഡിയോള്‍ ഒരു പാകിസ്താനിയുടെ വേഷമാണ് ചെയ്തതെന്ന് കരുതുന്നു. എന്നാല്‍ അദ്ദേഹം ഒരു പാകിസ്താനിയല്ല. ആ കാര്യം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തുന്നതേയില്ല. ചിത്രത്തിലെ ഭാഷയെക്കുറിച്ച് പാകിസ്താന്‍ നടി ബുഷ്റ അഹമ്മദും എതിര്‍പ്പ് പ്രകടിപ്പിച്ചു. വില്ലന്‍ കഥാപാത്രം സംസാരിക്കുന്ന പഞ്ചാബി ഭാഷാശൈലി ശരിയല്ലെന്നാണ് അവര്‍ പറഞ്ഞത്. ഇരുവിഭാഗങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അത് സിനിമയുടെ സത്യസന്ധതയെയാണ് കാണിക്കുന്നത്', ഷബാന പറഞ്ഞു.

'ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ-പാകിസ്താന്‍ വിഷയം തൊടാന്‍ പോലും കഴിയില്ലെന്നത് വളരെ നിരാശാജനകമാണ്. രാഷ്ട്രീയമായി യാതൊരു തെറ്റുമില്ലാത്ത ചിത്രമാണിത്. ഇതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിയില്ല. സണ്ണി തന്റെ ജോലി വളരെ മികച്ചതാക്കി', അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഭജനകാലത്തെ പ്രതിസന്ധികളില്‍ അകപ്പെടുന്ന 'സിക്കന്ദര്‍ മിര്‍സ' എന്ന ഇന്ത്യന്‍ മുസ്ലിമായാണ് സണ്ണി ഡിയോള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 15 വര്‍ഷം മുമ്പ് ഈ സിനിമ ആലോചിച്ചപ്പോള്‍ തന്നെ സണ്ണി ഡിയോളിനെ ഒരു ഇന്ത്യന്‍ മുസ്ലിം കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത് വലിയൊരു പരീക്ഷണമായിരുന്നുവെന്ന് രാജ്കുമാര്‍ സന്തോഷി പറഞ്ഞു. ഹിന്ദുക്കളുടെ ആവേശനായകനായ സണ്ണി ഡിയോള്‍ പാകിസ്താനില്‍ പോയി അവരെ തല്ലിച്ചതയ്ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മതപരമായി വളരെ സെന്‍സിറ്റീവായ വിഷയമായിരുന്നിട്ടും ഖുറാന്‍ വചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ സണ്ണി ഡിയോള്‍ തയ്യാറായതിനെ സന്തോഷി പ്രശംസിച്ചു. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ നിലപാടെടുക്കുന്ന സിക്കന്ദര്‍ മിര്‍സ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിനും അദ്ദേഹം സണ്ണിയെ പ്രശംസിച്ചു. 'മിക്ക താരങ്ങളും ഇത്തരം വിഷയങ്ങളില്‍ നിന്ന് ഭയന്ന് ഓടിയൊളിക്കുകയാണ് പതിവ്. എന്നാല്‍ ഖുറാനിലെ വചനങ്ങള്‍ നേരിട്ട് ഉച്ചരിച്ചുകൊണ്ട് ഈ കഥാപാത്രത്തെ ചെയ്യാന്‍ അദ്ദേഹം മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ ആ നിശ്ചയദാര്‍ഢ്യത്തെ നമ്മള്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഈ കഥാപാത്രം ചെയ്തതിന് ഞാന്‍ സണ്ണി ഡിയോളിനെ സല്യൂട്ട് ചെയ്യുന്നു', സന്തോഷി കൂട്ടിച്ചേര്‍ത്തു.

Actress Shabana Azmi has suggested that audiences may have struggled to accept Sunny Deol in the role of an Indian Muslim character in Batwara 1947, possibly contributing to the film’s poor box-office performance. Directed by Rajkumar Santoshi and produced by Aamir Khan, the film has reportedly earned ₹53.96 crore since its August 14 release, while Emraan Hashmi’s Awarapan 2, released on the same day, has crossed ₹200 crore. Azmi said she was surprised by the film’s response and compared Deol’s casting with Amitabh Bachchan’s earlier portrayals of Muslim characters. She also noted that the film has been misunderstood by some viewers amid the politically sensitive India-Pakistan context.