Entertainment News

‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്’; മുംബൈ പ്രതിഷേധത്തിന് പിന്തുണയുമായി ഷബാന ആസ്മി

വോട്ടർപട്ടികയിലെ എസ്ഐആര്‍ നടപടികൾക്കെതിരായ പ്രതിഷേധത്തിന് പിന്തുണ; ശിവാജി പാർക്കിൽ ഒത്തുചേരാൻ ആഹ്വാനം

Entertainment Desk

വോട്ടർപട്ടികയിൽ നിന്ന് പൗരൻമാരുടെ പേരുകൾ അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്ന ചോദ്യവുമായി, നടി ഷബാന ആസ്മി. താരം മുംബൈയിലെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഏവരും ഗാന്ധിജയന്തി ദിനത്തിൽ ശിവാജി പാർക്കിൽ ഒത്തുചേരണമെന്ന ആഹ്വാനവും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വോട്ടവകാശവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചുള്ള ഷബാന ആസ്മിയുടെ പ്രതികരണം.

കോക്രോച്ച് ജനത പാർട്ടിയുടെ ഒക്ടോബർ രണ്ടിലെ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സംഘടന, ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിനൊപ്പം 2025ലെ ഇലക്ടറൽ റോൾ മരവിപ്പിക്കണമെന്നും അടുത്ത ചീഫ് ഇലക്ഷൻ കമ്മിഷണറെ തിരഞ്ഞെടുക്കുന്ന നടപടിയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

“നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്, അവകാശമാണ്” എന്ന ആശയം മുന്നോട്ടുവെച്ച ഷബാന ആസ്മി, വോട്ടർപട്ടികയിൽ നിന്ന് പേര് അപ്രതീക്ഷിതമായി ഒഴിവായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. വിഷയം ഒരു രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യേക തിരഞ്ഞെടുപ്പ് മത്സരത്തിന്റെയോ മാത്രം കാര്യമല്ലെന്നും, ഓരോ പൗരന്റെയും വോട്ടവകാശവുമായി ബന്ധപ്പെട്ടതാണെന്നും താരം പറഞ്ഞു.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിയാണ് നിലവിലെ തർക്കത്തിന്റെ പ്രധാന കേന്ദ്രം. SIR നടപടിക്കിടെ അർഹരായ വോട്ടർമാരുടെ പേരുകൾ തിരഞ്ഞെടുപ്പ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിമർശകരുടെ ആരോപണം. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം പ്രകാരം, പട്ടികയിലെ ഡ്യൂപ്ലിക്കേറ്റ്, മരിച്ചവർ, സ്ഥിരമായി മാറിത്താമസിച്ചവർ തുടങ്ങിയ അനർഹമായ എൻട്രികൾ കണ്ടെത്തി ഒഴിവാക്കുന്നതിനും അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുന്നതിനുമാണ് പരിശോധന. ഇതോടെ തിരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണത്തിന്റെ നടപടിക്രമങ്ങളും അർഹരായ വോട്ടർമാരെ ഒഴിവാക്കാനുള്ള സാധ്യതയുമാണ് പ്രധാനമായും ചർച്ചയാകുന്നത്.

പ്രതിഷേധത്തിന് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് ആസ്മി വീഡിയോയിൽ പറഞ്ഞു. ശിവാജി പാർക്കിൽ പരിപാടി നടത്തുന്നതിനായി സി.ജെ.പി നൽകിയ അപേക്ഷ മുംബൈ പൊലീസ് നേരത്തെ നിരസിച്ചിരുന്നു. നിയമപരവും ഭരണപരവുമായ നിയന്ത്രണങ്ങൾക്കു പുറമെ ഗതാഗതം, ശബ്ദം തുടങ്ങിയ വിഷയങ്ങളും അനുമതി നിഷേധിക്കാനുള്ള കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.‌

അതേ സമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥി, യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷമാണ് സംഭവിച്ചത്. വോട്ടർപട്ടിക പുതുക്കന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എ തുടങ്ങിയ സംഘടനകളും ഇന്ത്യ മുന്നണി നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മുൻകൂർ അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് സമരക്കാരെ തടയാൻ ശ്രമിച്ചത് സ്ഥലത്ത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Actor Shabana Azmi has backed a Mumbai protest over concerns surrounding voter-list revisions under the Special Intensive Revision (SIR). She urged citizens to gather at Shivaji Park on Gandhi Jayanti, stressing voting rights. The protest, organised by the Cockroach Janta Party, seeks changes to the electoral-roll process and greater accountability.