Entertainment News

'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

താനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വാസ്തവത്തിൽ രസകരമായ, നാടകീയമെന്നോ സിനിമാറ്റിക്ക് എന്നോ പറയാവുന്ന യാത്രയാണ് ഇതെന്നും ഷെയിൻ

Entertainment Desk

സിനിമ എന്നത് വെറുമൊരു വെള്ളിത്തിരയല്ല, മറിച്ച് തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് ഷെയിൻ നിഗം. കരിയറിന്റെ ഒരു ഘട്ടത്തിൽ വലിയ വിവാദങ്ങളുടെ നിഴലിലായ താരം, സിനിമാ മേഖലയിലെ 'പവർ പൊളിറ്റിക്സിനെ' വേണ്ടവിധം മനസ്സിലാക്കാൻ കഴിയാതിരുന്ന തന്റെ അന്നത്തെ അറിവില്ലായ്മയെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ്. ജീത്തു ജോസഫ് ചിത്രം 'ദൃഢം' റിലീസിനൊരുങ്ങവേ, താൻ നേരിട്ട വേട്ടയാടലുകളെക്കുറിച്ചും സിനിമയിലെ അണിയറക്കളികളെക്കുറിച്ചും ക്യൂ സ്റ്റുഡിയോസിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഷെയിനിന്റെ വാക്കുകൾ:

''ജീവിച്ചിരുന്ന സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ലോകമാണ് സിനിമ ഇൻഡസ്ട്രി. വളരെ ചെറിയ പ്രായത്തിൽ തന്നെ സാമ്പത്തിക ഇടപാടുകൾ നടത്തേണ്ടി വന്നതും ഇൻഡസ്‌ട്രിക്ക് അകത്തുള്ള പവർ പൊളിറ്റിക്സുമൊക്കെ എനിക്കൊരു വലിയ വെല്ലുവിളിയായിരുന്നു. വല്ലാത്തൊരു അപരിചിതത്വമായിരുന്നു അനുഭവപ്പെട്ടത്. അന്യഗ്രഹത്തിൽനിന്ന ഒരു ജീവി എത്തിപ്പെട്ടത് പോലെയെല്ലാം തോന്നി. ആ അപരിചിതത്വം നയിച്ചത് എല്ലാത്തിനോടും കൂടുതൽ ആത്മാർത്ഥത പ്രകടിപ്പിക്കുന്നതിലേക്കും അതിൽ നിന്നും മറ്റുള്ളവർ എന്നെ മുതലെടുക്കുന്ന സാഹചര്യങ്ങളിക്കുമായിരുന്നു. പ്രതികരിക്കാനറിയാതെയിരുന്ന് ഒടുക്കം ഒരു പൊട്ടിത്തെറിയാണ് സംഭവിച്ചത്.

ഏറ്റവും വലിയ കാര്യമെന്തെന്നാൽ എല്ലാ കാലത്തും പ്രേക്ഷകരുടെ സ്നേഹം കൂടെയുണ്ടായിരുന്നു. 19-ാം വയസ്സിൽ നായകനാവുന്നു, 23 വയസുള്ളപ്പോൾ വിലക്ക് കിട്ടി പുറത്ത് നിൽക്കേണ്ടിവരുന്നു എന്നതൊക്കെ വേറെ തലങ്ങളിൽ വരുന്ന കാര്യങ്ങളാണ്. അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഞാനിതിലൊന്നും ആരെയും പൂർണമായും കുറ്റപ്പെടുത്തുന്നില്ല. കാരണം അറിവില്ലായ്മ മൂലമുള്ള തെറ്റുകൾ എന്റെ ഭാഗത്തുമുണ്ടായിരുന്നു. ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ ഇതൊരു രസകരമായ യാത്രയാണ്. നാടകീയമെന്നോ സിനിമാറ്റിക്ക് എന്നോ പറയാം.''

'ദൃഢ'മാണ് ഷെയിൻ നിഗത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ഷെയ്ൻ പൊലീസ് യൂണിഫോമിൽ വീണ്ടുമെത്തുന്ന ചിത്രം മെയ് 8 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ജീത്തു ജോസഫിന്റെ ദൃശ്യം സ്‌റ്റൈൽ വീഡിയോ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ഇ ഫോർ എക്‌സ്‌പെരിമെൻറ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ അവതരിപ്പിക്കുന്ന ചിത്രം മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്.

English Summary: Shane Nigam opened up about his struggles in the film industry, saying he couldn’t understand its power politics at a young age. He reflected on controversies, personal mistakes, and how audience support helped him continue his journey.