Entertainment News

അപമാനങ്ങളും ഒതുക്കലുകളും അതിജീവിച്ച് ദേശീയ പുരസ്‌കാരത്തിലേക്ക്: സിംപിള്‍ കപാഡിയ എന്ന കരുത്തുറ്റ പോരാളി

സിനിമയില്‍ പരാജയപ്പെട്ട നടിയെന്ന് മുദ്രകുത്തപ്പെട്ട ഇടത്തുനിന്ന്, സ്വന്തം കഴിവും അധ്വാനവും കൊണ്ട് ദേശീയ പുരസ്‌കാരം നേടി ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു വിലാസമുണ്ടാക്കിയാണ് സിംപിള്‍ കപാഡിയ മടങ്ങിയത്.

Entertainment Desk

1973-ല്‍ രാജ് കപൂറിന്റെ 'ബോബി' എന്ന ചിത്രത്തിലൂടെ ഡിംപിള്‍ കപാഡിയ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍ സഹോദരി സിംപിള്‍ കപാഡിയ ഹോസ്റ്റലിലിരുന്ന് പത്രങ്ങളിലൂടെയാണ് ആ വാര്‍ത്തയറിഞ്ഞത്. എന്നാല്‍, ബോബി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ഡിംപിളിന്റെ കരിയര്‍ നിലച്ചു. സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയുമായുള്ള വിവാഹത്തെത്തുടര്‍ന്ന് ഡിംപിള്‍ അഭിനയരംഗത്തുനിന്ന് താത്കാലികമായി പിന്മാറി.

വര്‍ഷങ്ങള്‍ക്കിപ്പുറം, 1977-ല്‍ തന്റെ രാജേഷ് ഖന്നയ്‌ക്കൊപ്പം 'അനുരോധ്' എന്ന ചിത്രത്തിലൂടെയാണ് സിംപിള്‍ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാല്‍ സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ പരാജയങ്ങളും അവഗണനകളും മാത്രമാണ് അവരെ കാത്തിരുന്നത്. 25 ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മികച്ച നടിയെന്ന ലേബലിലേയ്ക്ക് സിംപിളിന് എത്താന്‍ കഴിഞ്ഞില്ല. അവസാന സിനിമയ്ക്ക് ശേഷം സിംപിള്‍ കോസ്റ്റ്യൂ ഡിസൈനിലേയ്ക്ക് കരിയര്‍ മാറ്റി. തുടര്‍ന്ന് ദേശീയ പുരസ്‌ക്കാരം വരെ അവരെ തേടിയെത്തി.

രാജേഷ് ഖന്നയുടെ അവഗണനയും അധിക്ഷേപങ്ങളും

ഡിംപിളിനും രാജേഷ് ഖന്നയ്ക്കുമൊപ്പമാണ് സിംപിള്‍ താമസിച്ചിരുന്നത്. 'സ്ത്രീധനത്തിന്റെ ഭാഗമായി വന്നവള്‍' എന്നാണ് തമാശയായി അക്കാലത്ത് സിംപിളിനെ വിളിച്ചിരുന്നത്. ഒരേ വീട്ടില്‍ താമസിച്ചിട്ടും സഹോദരിയുടെ ഭര്‍ത്താവുമായി തനിക്ക് ഒരിക്കലും അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് 1986-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ സിംപിള്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ചിത്രമായ 'അനുരോധില്‍' അഭിനയിക്കുമ്പോള്‍ രാജേഷ് ഖന്ന തനിക്ക് ഒരുതരത്തിലുള്ള പരിഗണനയും തന്നില്ലെന്ന് സിംപിള്‍ തുറന്നുപറഞ്ഞിരുന്നു. പുതുമുഖമെന്ന നിലയില്‍ പരിഭ്രാന്തിയിലായിരുന്ന തന്നോടൊപ്പമിരുന്നു സംഭാഷണങ്ങള്‍ പരിശീലിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ സംവിധായകന്‍ ശക്തി സാമന്ത ഇടപെട്ട് രാജേഷ് ഖന്നയെ ശകാരിക്കുകയും ഒരു പുതുമുഖത്തിന് നല്‍കേണ്ട ബഹുമാനം നല്‍കണമെന്ന് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു.

'സുന്ദരിയായ ചേച്ചിയുടെ വികൃതയായ അനിയത്തി'

'അനുരോധ്' പരാജയപ്പെട്ടതോടെ സിംപിളിന് നേരെ മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും കടുത്ത ആക്ഷേപങ്ങളുയര്‍ന്നു. ഡിംപിള്‍ കപാഡിയയെപ്പോലൊരു അതിസുന്ദരിക്ക് ശേഷം അവരുടെ 'വികൃതയായ അനിയത്തിയെ' സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ ഈ താരതമ്യങ്ങള്‍ സിംപിളിനെ തളര്‍ത്തിയില്ല. 'എന്റെ ചേച്ചി ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വസ്തുവാണെന്ന് ജനിച്ച അന്നുതൊട്ട് എനിക്കറിയാം. സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ അഭിനയിച്ചത്,' എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് സിംപിളിന്റെ മറുപടി. താന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ്ഔട്ട് ആയതിനാല്‍ ജോലികള്‍ ഒന്നും ലഭിക്കുമായിരുന്നില്ല എന്നും അതുകൊണ്ടാണ് ഇഷ്ടമില്ലാതിരുന്നിട്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.

വസ്ത്രാലങ്കാരരംഗത്തെ തിളക്കവും ദേശീയ പുരസ്‌കാരവും

അഭിനയം ഉപേക്ഷിച്ച സിംപിള്‍ പിന്നീട് കോസ്റ്റ്യൂം ഡിസൈനിങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 1984-ല്‍ രാജേഷ് ഖന്നയുമായുള്ള വേര്‍പിരിയലിനു ശേഷം ഡിംപിള്‍ കപാഡിയ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവരുടെ പ്രധാന പിന്തുണ സിംപിളായിരുന്നു. ഡിംപിളിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകൊണ്ട് തുടങ്ങിയ ആ യാത്ര പിന്നീട് ശ്രീദേവി, മാധവി തുടങ്ങിയ മുന്‍നിര നായികമാരുടെ ഡിസൈനറായി സിംപിളിനെ മാറ്റി. 1994-ല്‍ ഡിംപിള്‍ നായികയായ 'രുദാലി' എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് സിംപിള്‍ കപാഡിയയ്ക്ക് മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഡര്‍, ബര്‍സാത്, ചാച്ചി 420, സോച്ചാ നാ ഥാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചു.

വിധിയോട് പൊരുതി മരണം

തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ അര്‍ബുദ രോഗബാധയോടുള്ള പോരാട്ടത്തിനൊടുവില്‍, 2009-ല്‍ 51-ാം വയസ്സില്‍ സിംപിള്‍ കപാഡിയ അന്തരിച്ചു. രോഗബാധിതയായിരിക്കുമ്പോഴും ആത്മവിശ്വാസത്തോടെ സിനിമകളില്‍ സജീവമായിരിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. 2010-ല്‍ പുറത്തിറങ്ങിയ തും മിലോ തോ സാഹി എന്ന ചിത്രത്തിലായിരുന്നു അവസാനമായി സിംപിള്‍ പ്രവര്‍ത്തിച്ചത്. സിനിമയില്‍ പരാജയപ്പെട്ട നടിയെന്ന് മുദ്രകുത്തപ്പെട്ട ഇടത്തുനിന്ന്, സ്വന്തം കഴിവും അധ്വാനവും കൊണ്ട് ദേശീയ പുരസ്‌കാരം നേടി ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു വിലാസമുണ്ടാക്കിയാണ് സിംപിള്‍ കപാഡിയ മടങ്ങിയത്.

Simple Kapadia, the younger sister of Bollywood actor Dimple Kapadia, began her acting career with Anurodh in 1977 but struggled with failures, criticism and comparisons with her celebrated sister. Despite appearing in around 25 films, she could not establish herself as a leading actress and eventually moved into costume designing. Her career took a significant turn when she began designing costumes for Dimple and later worked with leading actresses including Sridevi and Madhavi. Her work on Rudaali earned her the National Film Award for Best Costume Design in 1994. Simple continued working in cinema despite battling cancer and died in 2009 at the age of 51. Her journey from an overlooked actress to an award-winning costume designer became a story of resilience and determination.