Entertainment News

'പലരും നിരസിച്ച വേഷം'; 'മണ്ടാടി'യിലെ കഥാപാത്രത്തെ സ്വീകരിച്ചതിന് മഹിമയ്ക്ക് നന്ദി പറഞ്ഞ് സൂരി

നിരവധി നടിമാർ ഒഴിഞ്ഞുമാറിയ കഥാപാത്രമാണ് മഹിമ നമ്പ്യാർ ഏറ്റെടുത്തതെന്ന് വെളിപ്പെടുത്തി സൂരി

Entertainment Desk

കോമഡി വേഷങ്ങളിൽ നിന്ന് നായകനിരയിലേക്ക് വളർന്നുവന്ന നടൻ സൂരിയുടെ പുതിയ ചിത്രം 'മണ്ടാടി' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ നായിക മഹിമ നമ്പ്യാരെ പ്രശംസിച്ച് സൂരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പല പ്രമുഖ നടിമാരും നിരസിച്ച കഥാപാത്രമാണ് മഹിമ ഏറ്റെടുത്ത് അഭിനയിച്ചതെന്ന് നടൻ വെളിപ്പെടുത്തി.

''ഈ കഥാപാത്രത്തിന് വേണ്ടി നിറയെ പേരെ സമീപിച്ചിരുന്നു. പക്ഷെ പലരും പല കാരണങ്ങളാല്‍ ഒഴിഞ്ഞുമാറി. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ വേഷം കഥ മുഴുവനും കേട്ട ശേഷം, ആ കഥാപാത്രത്തിന്റെ വ്യാപ്തി മനസിലാക്കി മഹി ഒക്കെ പറയുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവര്‍ നോക്കിയത്. അഭിനന്ദനങ്ങള്‍ മഹി''

സിനിമയിലെ പ്രധാന വേഷത്തിനായി നിരവധി നടിമാരെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നു. എന്നാൽ പലരും പല കാരണങ്ങളാൽ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ഓരോരുത്തർക്കും അവരവരുടേതായ മുൻഗണനകൾ ഉണ്ടാകുമെന്നും എന്നാൽ കഥ മുഴുവൻ കേട്ട ശേഷം കഥാപാത്രത്തിന്റെ വ്യാപ്തി മനസ്സിലാക്കി മഹിമ സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നുവെന്നും സൂരി പറഞ്ഞു.

കഥയുടെ പ്രാധാന്യം മാത്രം നോക്കിയാണ് മഹിമ ഈ സിനിമ തിരഞ്ഞെടുത്തത്. കഥാപാത്രത്തിന് നൽകിയ പ്രാധാന്യവും അതിനായി കാണിച്ച മനോഭാവവും അഭിനന്ദനാർഹമാണെന്ന് സൂരി കൂട്ടിച്ചേർത്തു. കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ് ഡ്രാമ ചിത്രമായാണ് 'മണ്ടാടി' ഒരുക്കിയിരിക്കുന്നത്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 10-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് സിനിമ നിർമിക്കുന്നത്. തെലുങ്ക് നടൻ സുഹാസ് വില്ലനായി എത്തുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റണ്ട് ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേരുകളൊന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം കണ്ടെത്തിയ സൂരിയുടെ നായകനായുള്ള പുതിയ ചുവടുവെപ്പ് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Actor Soori thanked Mahima Nambiar for accepting a key role in Mandadi after several actresses reportedly turned it down. Soori praised Mahima for choosing the film after understanding the importance and scope of her character.