Entertainment News

ബിഗ് ബോസ് യൂണിവേഴ്‌സിലേയ്ക്ക് സൗരവ് ഗാംഗുലിയും; ആറ് പ്രാദേശിക പതിപ്പുകളുമായി ജിയോസ്റ്റാര്‍

മലയാളത്തില്‍ മോഹന്‍ലാല്‍, ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, തമിഴില്‍ വിജയ് സേതുപതി, തെലുങ്കില്‍ നാഗാര്‍ജുന, കന്നഡത്തില്‍ കിച്ച സുദീപ് എന്നിവരാണ് മറ്റു ഭാഷകളിലെ അവതാരകര്‍

Entertainment Desk

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ 'ബിഗ് ബോസി'ലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും എത്തുന്നു. വരാനിരിക്കുന്ന ബിഗ് ബോസ് ബംഗ്ലാ പതിപ്പിന്റെ അവതാരകനായാണ് ഗാംഗുലി അരങ്ങേറ്റം കുറിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ ബിഗ് ബോസിന്റെ ആറ് പ്രാദേശിക പതിപ്പുകള്‍ ഒരേസമയം ആരംഭിക്കുമെന്ന ജിയോസ്റ്റാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബംഗ്ലാ പതിപ്പിലെ അപ്‌ഡേറ്റ് ഉണ്ടായിരിക്കുന്നത്.

2026 സെപ്റ്റംബര്‍ മുതല്‍ ബിഗ് ബോസിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗ്ലാ പതിപ്പുകള്‍ ജിയോസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിലും ജിയോഹോട്ട്സ്റ്റാറിലും സംപ്രേഷണം ആരംഭിക്കും. ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായാണ് ആറ് വ്യത്യസ്ത ഭാഷാ പതിപ്പുകള്‍ ഒരേ സീസണില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

സൂപ്പര്‍താരങ്ങള്‍ നയിക്കുന്ന പുതിയ സീസണ്‍

സൗരവ് ഗാംഗുലിക്ക് പുറമെ, ബിഗ് ബോസിന്റെ ജനപ്രിയ അവതാരകരായ സൂപ്പര്‍താരങ്ങളും അതത് ഭാഷകളില്‍ തിരിച്ചെത്തുന്നുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍, തമിഴില്‍ വിജയ് സേതുപതി, തെലുങ്കില്‍ നാഗാര്‍ജുന, കന്നഡത്തില്‍ കിച്ച സുദീപ് എന്നിവരാണ് മറ്റു ഭാഷകളിലെ അവതാരകര്‍. ഈ വന്‍ പ്രഖ്യാപനത്തോടൊപ്പം, ബിഗ് ബോസിന്റെ ഇരുപത് വര്‍ഷത്തെ വിജയയാത്ര അടയാളപ്പെടുത്തുന്ന 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' എന്ന കോഫി ടേബിള്‍ ബുക്കും ജിയോസ്റ്റാര്‍ പ്രകാശനം ചെയ്തു. ഷോയുടെ പ്രേക്ഷക പങ്കാളിത്തം, ബ്രാന്‍ഡ് പങ്കാളിത്തങ്ങള്‍, വിവിധ ഭാഷകളിലേക്കുള്ള ഷോയുടെ വളര്‍ച്ച എന്നിവയെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ജിയോസ്റ്റാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025ല്‍ വിവിധ ഭാഷകളില്‍ നിന്നായി 50 കോടിയിലധികം കാഴ്ചക്കാരാണ് ബിഗ് ബോസ് കണ്ടത്. 43,800 കോടി മിനിറ്റാണ് പ്രേക്ഷകര്‍ ബിഗ്ബോസിനായി മാറ്റിവെച്ചത്. 46 വിഭാഗങ്ങളിലായി 625-ലധികം ബ്രാന്‍ഡുകള്‍ പരസ്യം നല്‍കി. ഇതില്‍ 49 ബ്രാന്‍ഡുകള്‍ ആദ്യമായി പരസ്യം നല്‍കിയവയാണ്.

ഡിജിറ്റല്‍ യുഗത്തിലെ ജനപ്രീതി

24 മണിക്കൂറും നീളുന്ന ലൈവ് ഫീഡുകള്‍, പ്രേക്ഷകരുടെ വോട്ടിങ്, തത്സമയ ചാറ്റുകള്‍ തുടങ്ങിയ ജനപ്രിയ ഫീച്ചറുകളെക്കുറിച്ചും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളില്‍ മാത്രം ജിയോഹോട്ട്സ്റ്റാറിലൂടെ 932 കോടിയിലധികം വോട്ടുകളാണ് പ്രേക്ഷകര്‍ രേഖപ്പെടുത്തിയത്. കൂടാതെ 4.3 കോടി ലൈവ് ചാറ്റുകളും നടന്നു. സോഷ്യല്‍ മീഡിയയിലും വലിയ തരംഗമാണ് ബിഗ് ബോസ് സൃഷ്ടിച്ചത്. 2025-ല്‍ മാത്രം 170 കോടിയിലധികം സോഷ്യല്‍ മീഡിയ ഇടപെടലുകളും പ്രേക്ഷകര്‍ നിര്‍മ്മിച്ച മൂന്ന് കോടിയിലധികം മീമുകളും ബിഗ് ബോസുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിച്ചു.

ഷോയ്ക്കുള്ളിലെ ടാസ്‌കുകള്‍, ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആക്റ്റിവിറ്റികള്‍, ഡിജിറ്റല്‍ എക്സ്റ്റന്‍ഷനുകള്‍ എന്നിവയിലൂടെ പരമ്പരാഗത പരസ്യ രീതികള്‍ക്കപ്പുറം ബ്രാന്‍ഡുകള്‍ക്ക് വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതായും ജിയോസ്റ്റാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഇതിനകം തന്നെ വന്‍ വിജയമായ ബിഗ് ബോസ് ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ വിപുലീകരണത്തിനാണ് 2026-ലെ പുതിയ സീസണിലൂടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നാണ് ജിയോയുടെ അവകാശവാദം.

Former Indian cricket captain Sourav Ganguly is set to make his debut as the host of Bigg Boss Bangla, joining the franchise's star-studded lineup of regional hosts. The announcement comes as JioStar revealed that six regional editions of Bigg Boss—Hindi, Tamil, Telugu, Kannada, Malayalam, and Bangla—will premiere simultaneously from September 2026, a first in the show's history. The network also launched a coffee table book celebrating 20 years of Bigg Boss. According to JioStar, the reality show attracted over 500 million viewers in 2025, generated 43,800 crore viewing minutes, received 9.32 billion votes, and recorded 1.7 billion social media interactions, highlighting its massive reach across television and digital platforms.