‘മഗധീര’യിൽ പുനർജന്മം, ‘ബാഹുബലി’യിൽ സാങ്കൽപ്പിക ലോകനിർമിതി, ‘ആർആർആർ’യിൽ ചരിത്രത്തിന്റെ ഭാവനാത്മക പുനരാവിഷ്കാരം; മുൻ ചിത്രങ്ങളിലെ ആഖ്യാനരീതികളെല്ലാം സമന്വയിപ്പിച്ച് സമയയാത്രയിലേക്കാണ് എസ്.എസ്. രാജമൗലി തന്റെ പുതിയ ചിത്രമായ ‘വാരണാസി’യിലൂടെ കടക്കുന്നത്.
ഓരോ ചിത്രത്തിലൂടെയും കഥപറച്ചിലിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന സംവിധായകനാണ് എസ്.എസ്. രാജമൗലി. വമ്പൻ ദൃശ്യങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും അപ്പുറം, പ്രേക്ഷകരെ കഥയിലേക്ക് ആഴത്തിൽ ബന്ധിപ്പിക്കുന്ന ആഖ്യാനരീതികളിലും അദ്ദേഹം നിരന്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രാജമൗലിയുടെ മുൻകാല ചിത്രങ്ങളിലൂടെ വികസിച്ച ഈ ശൈലിയുടെ അടുത്ത ഘട്ടമായാണ് മഹേഷ് ബാബു നായകനാകുന്ന ‘വാരണാസി’യെ വിലയിരുത്തുന്നത്.
ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, രാജമൗലി മുൻ ചിത്രങ്ങളിൽ പരീക്ഷിച്ച ഇരട്ട കാലഘട്ടങ്ങൾ, സാങ്കൽപ്പിക ലോകനിർമിതി, ചരിത്രത്തിന്റെ ഭാവനാത്മക പുനരാവിഷ്കാരം എന്നിവയെല്ലാം ‘വാരണാസി’യിൽ ഒത്തുചേരുന്നതായാണ് സൂചന. ഇതിനു പുറമേ, അദ്ദേഹം ആദ്യമായി കൈകാര്യം ചെയ്യുന്ന സമയയാത്രയും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.
മഗധീര: രണ്ട് കാലഘട്ടങ്ങളെ ബന്ധിപ്പിച്ച കഥ
2009ൽ പുറത്തിറങ്ങിയ ‘മഗധീര’യാണ് രാജമൗലിയുടെ കഥപറച്ചിലിലെ പ്രധാന വഴിത്തിരിവുകളിലൊന്ന്. രാംചരൺ നായകനായ ചിത്രം, വർത്തമാനകാലത്തെയും നാനൂറ് വർഷം മുമ്പുള്ള ഒരു മധ്യകാല രാജ്യത്തെയും ബന്ധിപ്പിച്ചാണ് കഥ പറഞ്ഞത്. പുനർജന്മത്തിലൂടെ പരസ്പരം ബന്ധപ്പെടുന്ന കഥാപാത്രങ്ങൾ, വ്യത്യസ്ത കാലഘട്ടങ്ങളിൽ ആവർത്തിക്കുന്ന വിധി, ഭൂതകാലത്തും വർത്തമാനകാലത്തും വികസിക്കുന്ന വൈകാരിക സംഘർഷങ്ങൾ എന്നിവയായിരുന്നു ചിത്രത്തിന്റെ അടിത്തറ. പുനർജന്മം പ്രമേയമായ സിനിമകൾ നേരത്തെയും ഉണ്ടായിരുന്നെങ്കിലും, രണ്ട് കാലഘട്ടങ്ങളെയും തുല്യപ്രാധാന്യത്തോടെ അവതരിപ്പിച്ചതാണ് ‘മഗധീര’യെ ശ്രദ്ധേയമാക്കിയത്.
ഭൂതകാലത്തെ വെറുമൊരു ഓർമയോ പശ്ചാത്തലമോ ആയി അവതരിപ്പിക്കുന്നതിനു പകരം, അതിന് സ്വന്തമായ ദൃശ്യഭാഷയും ആക്ഷൻ രംഗങ്ങളും വൈകാരികമായ വളർച്ചയും രാജമൗലി നൽകി. ചിത്രത്തിലെ രഥയോട്ട രംഗം ഇതിന്റെ മികച്ച ഉദാഹരണമായിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥകൾക്കിടയിൽ ശക്തമായ വൈകാരികബന്ധം സൃഷ്ടിക്കാനായാൽ പ്രേക്ഷകർക്ക് ആഖ്യാനത്തിലെ സങ്കീർണതകൾ എളുപ്പത്തിൽ ഉൾക്കൊള്ളാനാകുമെന്ന് ‘മഗധീര’ തെളിയിച്ചു.
ബാഹുബലി: ഇല്ലാത്തൊരു ലോകത്തെ വിശ്വസനീയമാക്കി
‘മഗധീര’യ്ക്ക് ആറു വർഷങ്ങൾക്കുശേഷം പുറത്തിറങ്ങിയ ‘ബാഹുബലി’ പരമ്പരയിലൂടെ രാജമൗലി മറ്റൊരു വലിയ പരീക്ഷണത്തിലേക്ക് കടന്നു. മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യത്തെ പൂർണമായൊരു സംസ്കാരമായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ വാസ്തുവിദ്യ, അധികാരഘടന, സൈനികവിന്യാസം, വസ്ത്രങ്ങൾ, ആയുധങ്ങൾ, സാമൂഹികക്രമം തുടങ്ങി ഓരോ ഘടകവും ഒരേ ലോകത്തിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയത്. ഒരു വലിയ സെറ്റ് സൃഷ്ടിക്കുക മാത്രമല്ല ലോകനിർമിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ ലോകത്തിന് സ്വന്തമായ നിയമങ്ങളും മൂല്യങ്ങളും സംഘർഷങ്ങളും ഉണ്ടായിരിക്കണം. കഥാപാത്രങ്ങളുടെ തീരുമാനങ്ങൾക്കും വഞ്ചനകൾക്കും പ്രാധാന്യം ലഭിക്കുന്നത് ആ ലോകത്തെക്കുറിച്ച് പ്രേക്ഷകർക്ക് വിശ്വാസമുണ്ടാകുമ്പോഴാണ്.
‘എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്?’ എന്ന ചോദ്യം വലിയ ചർച്ചയായി മാറിയതിനു പിന്നിലും ചിത്രത്തിന്റെ ലോകനിർമിതിക്ക് നിർണായക പങ്കുണ്ടായിരുന്നു. കഥാപാത്രങ്ങളും അവരുടെ അധികാരബന്ധങ്ങളും വിശ്വസനീയമായി സ്ഥാപിച്ചതാണ് കഥയിലെ നിർണായക വഴിത്തിരിവുകൾക്ക് കരുത്തായത്.
ആർആർആർ: ചരിത്രത്തിൽ ഭാവനയുടെ ഇടപെടൽ
‘ആർആർആർ’ (2022) എന്ന ചിത്രത്തിലൂടെ രാജമൗലി ചരിത്രത്തെ സമീപിച്ച രീതി കൂടുതൽ വ്യത്യസ്തമായി. അല്ലൂരി സീതാരാമ രാജുവിനെയും കൊമരം ഭീമിനെയും പോലുള്ള യഥാർഥ ചരിത്രവ്യക്തികളെ കേന്ദ്രകഥാപാത്രങ്ങളാക്കി, ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്ത ഒരു സൗഹൃദവും സാഹസികമായ കഥയും അദ്ദേഹം സൃഷ്ടിച്ചു. 1920കളിലെ ബ്രിട്ടീഷ് അധിനിവേശകാല ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ചരിത്രസാഹചര്യങ്ങളെയും ഭാവനയെയും കൂട്ടിച്ചേർത്തു. ചരിത്രസംഭവങ്ങളെ അതേപടി പുനരാവിഷ്കരിക്കുന്നതിനു പകരം, അവയെ ഒരു സാങ്കൽപ്പിക കഥയ്ക്കുള്ള പശ്ചാത്തലമാക്കി മാറ്റുകയായിരുന്നു രാജമൗലി. യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ പ്രേക്ഷകരെ കഥയുടെ ഒഴുക്കിൽനിന്ന് പുറത്തുകൊണ്ടുവരാത്ത രീതിയിൽ കൈകാര്യം ചെയ്യുകയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ഇതോടെ വ്യത്യസ്ത കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന രീതി, പുതിയൊരു ലോകം സൃഷ്ടിക്കുന്ന കഴിവ്, ചരിത്രത്തെ ഭാവനയിലൂടെ പുനരാവിഷ്കരിക്കുന്ന ശൈലി എന്നിങ്ങനെ മൂന്ന് ആഖ്യാനസങ്കേതങ്ങൾ രാജമൗലി വിജയകരമായി പരീക്ഷിച്ചു.
വമ്പൻ പ്രതീക്ഷകളുമായി വാരണാസി
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര ജോനാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘വാരണാസി’ 2027 ഏപ്രിൽ 7ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഐമാക്സ് പ്രദർശനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ചിത്രത്തിലൂടെയും തന്റെ കഥപറച്ചിലിന്റെ പരിധികൾ വികസിപ്പിച്ച സംവിധായകനാണ് രാജമൗലി. ആ യാത്രയുടെ ഏറ്റവും വലിയ പരീക്ഷണമായിരിക്കാം ‘വാരണാസി’. മുൻകാല ചിത്രങ്ങളിലെ ആഖ്യാനമികവുകളെല്ലാം ഒരുമിപ്പിച്ച് ഇന്ത്യൻ സിനിമയിൽ പുതിയൊരു അനുഭവം സൃഷ്ടിക്കാൻ ചിത്രത്തിനു കഴിയുമോ എന്നതാണ് ഇനി അറിയേണ്ടത്.
രാജമൗലിയുടെ അഭിലാഷങ്ങൾ അദ്ദേഹത്തിന്റെ ആഖ്യാനശേഷിയെ മറികടക്കുമോ, അതോ ഇതുവരെ സൃഷ്ടിച്ച സിനിമാലോകങ്ങളെയെല്ലാം പിന്നിലാക്കുന്ന പുതിയൊരു നേട്ടമായി ‘വാരണാസി’ മാറുമോ? ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രധാന ചോദ്യവും ഇതുതന്നെയാണ്.
SS Rajamouli’s Varanasi marks a new phase in his storytelling, building on the narrative techniques explored in Magadheera, Baahubali and RRR. Blending multiple timelines, imaginative world-building, historical fiction and time travel, the Mahesh Babu-starrer aims to expand the filmmaker’s cinematic vision. The film is scheduled for a global theatrical release in 2027.