ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള പോപ് ബ്രാൻഡ് ആണ് ബിടിഎസ്. ജിമിനെയും ജംഗൂക്കിനെയും ഒക്കെ എന്നെങ്കിലും ഒന്ന് കാണുക എന്നത് ലൈഫ് ഗോൾ ആയി കൊണ്ടുനടക്കുന്നവർ കേരളത്തിലടക്കമുണ്ട്.
എന്നാൽ ബ്രസീലിൽ ഒരു യുവതി ആരാധനയുടെ സകല അതിരുകളും ലഘിച്ചിരിക്കുകയാണിപ്പോൾ. ബിടിഎസ് ട്രൂപ്പിലെ ഏറ്റവും ചെറിയ അംഗം ജംഗൂക്കിന്റെ പിന്നാലെ കൂടി പണി വാങ്ങിയിരിക്കുകയാണിവർ. യുവതിയുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സിയോളിലുള്ള ജംഗൂക്കിന്റെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു യുവതി. എന്നുവെച്ചാൽ, താരം ക്ഷണിച്ചിട്ടു പോയതൊന്നുമല്ല. ആരാധന തലയ്ക്ക് പിടിച്ച് ജംഗൂക്കിനെ സ്റ്റോക്ക് ചെയ്യുകയായിരുന്നു ഇവർ.
ഡിസംബർ മുതൽ യുവതി ജംഗൂക്കിനെ പിന്തുടരുന്നുണ്ടെന്നാണ് വിവരം. യുവതിയുടെ ശല്യം സഹിക്കാതായതോടെ ജംഗൂക്കിന്റെ മാനേജരടക്കം പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. വീട്ടിലെത്തുന്ന യുവതി, ശ്രദ്ധ കിട്ടാനായി മതിലിലേക്ക് സാധനങ്ങൾ വലിച്ചെറിയുകയും ഗേറ്റിനിടയിൽ പ്രേമലേഖനങ്ങളും സ്വന്തം ഫോട്ടോകളും തിരുകി വയ്ക്കുകയും ചെയ്യുമായിരുന്നു. സന്ദർശനം പതിവാക്കിയ ഇവർ ഒരുവരവിൽ ഡോർ ബെൽ അടിച്ചത് 133 തവണയാണ്. പിന്നീട് ഒരു ഫുഡ് ഡെലിവറി ജീവനക്കാരന്റെ സഹായത്തോടെ സൈഡ് ഗേറ്റ് വഴി അകത്തുകയറി.
തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീടും ഇവർ ഇതേ രീതി പിന്തുടർന്നു. തുടർന്ന് ജംകൂക്കിന്റെ വീടിന് 100 മീറ്റർ പരിധിയിൽ കണ്ടുപോകരുതെന്ന് കർശനമായി വിലക്കി പൊലീസ്. എന്നിട്ടും രക്ഷയുണ്ടായില്ല. ഇതോടെയാണ് പൊലീസ് കയ്യോടെ പിടികൂടി കോടതിയിൽ ഹാജരാക്കുന്നത്.
22 തവണ യുവതി ജംഗൂക്കിന്റെ പ്രോപ്പർട്ടിയിൽ പ്രവേശിച്ചതായി നിരീക്ഷിച്ച കോടതി, ഇവർക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. യുവതി അപ്പീൽ നൽകി വിജയിച്ചില്ലെങ്കിൽ, രാജ്യത്ത് നിന്ന് നാടുകടത്തിയേക്കും. ബിടിഎസ് താരത്തിനോട് യുവതിക്കുള്ളത് ആരാധനയല്ലെ, അതിരുകടന്ന ഭ്രമമാണെന്നാണ് കോടതി വിമർശിച്ചത്. ഇനി മേലാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, തടവിന് പുറമെ വീട്ടുതടങ്കലും വിധിച്ചിരിക്കുകയാണ് കോടതി.
Summary: BTS is a K pop brand with billions of fans across the globe. There are people, including in Kerala, who carry a life goal of meeting members like Jimin and Jungkook someday. However, a young woman in Brazil has now crossed all boundaries of fandom. She landed herself in trouble after constantly pursuing Jungkook, the youngest member of the BTS troop. The authorities have not disclosed the identity or details of the woman.