തമിഴ് സൂപ്പർതാരം സൂര്യയെയും നസ്രിയയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സൂര്യ 47'-ന്റെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ മുഴുവൻ ഷെഡ്യൂളും പൂർത്തിയായ വിവരം അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ ലൊക്കേഷനിൽ നിന്നുള്ള ഒരു ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സൂര്യയ്ക്കും നസ്രിയക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങൾ കാണാൻ സാധിക്കും. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവതാരം നസ്‌ലനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ നസ്‌ലന്റെ പുതിയ ഗെറ്റപ്പ് എന്താണെന്ന് വ്യക്തമാക്കാതെ, അത് പ്രേക്ഷകർക്കായി രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒരു ആക്ഷൻ കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്തനായ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിചിത്ര സ്വഭാവമുള്ള ഒരു സംഘത്തെ നയിക്കുന്ന അദ്ദേഹം ഒരു പുതിയ ദൗത്യം ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലെ വൻ ഹിറ്റ് പാട്ടുകൾക്ക് ശേഷം ജിത്തു മാധവനും സുഷിനും വീണ്ടും ഒന്നിക്കുന്ന പ്രോജക്റ്റാണിത്. രോമാഞ്ചത്തിലെ ആദരാഞ്ജലി, ആത്മാവേ പോ എന്നീ ഗാനങ്ങളും, ആവേശത്തിലെ തരംഗമായ ഇല്ലുമിനാറ്റിയും സൃഷ്ടിച്ച വലിയ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. ബിടിഎസ് വീഡിയോയ്ക്ക് ഒപ്പമുള്ള, സുഷിൻ ഒരുക്കിയ "ഐ ആം ദ വൺ" (I am The One) എന്ന പശ്ചാത്തല സംഗീതം ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
ചിത്രം ഈ വർഷം അവസാനം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം 2027 ലെ പൊങ്കൽ റിലീസ് ആയിട്ടാകും സിനിമ തിയറ്ററുകളിൽ എത്തുക. 'സീൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുണ്ടെങ്കിലും നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, സൂര്യ, നസ്രിയ, നസ്‌ലൻ എന്നിവരൊഴികെ ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെയോ താരങ്ങളുടെയോ വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ആർ ജെ ബാലാജി സംവിധാനം ചെയ്ത് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത് മമിത ബൈജു, രവീണ ടണ്ടൻ തുടങ്ങിയവർ അഭിനയിക്കുന്ന വിശ്വനാഥ് ആൻഡ് സൺസ്, ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന സൂര്യ 48 എന്നിവയാണ് സൂര്യയുടെ വരാനിരിക്കുന്ന മറ്റ് പ്രോജക്റ്റുകൾ.
The filming for the highly anticipated action-comedy Suriya 47 (tentative title), directed by Jithu Madhavan, has officially wrapped. The production team released a 37-second behind-the-scenes (BTS) video to mark the occasion. The film features Suriya in the lead role as a quirky police officer. The cast also includes Nazriya Nazim Fahadh and actor Naslen. While the BTS video gives a glimpse of the lead actors, the makers have intentionally kept Naslen's look for the film under wraps.