Entertainment News

'ട്രോളുകൾക്ക് മറുപടി വേണ്ട'; ആരാധകരോട് സൂര്യ

സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും ആരാധകർക്കിടയിലെ തർക്കങ്ങൾക്കും പിന്നാലെ, ഇത്തരം ചർച്ചകളിൽ സമയം കളയരുതെന്ന് ആരാധകരോട് നടൻ സൂര്യ. ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ് സംഘടിപ്പിച്ച ആരാധക സംഗമത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Entertainment Desk

സോഷ്യൽ മീഡിയയിൽ ആരെങ്കിലും പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവച്ചാൽ അതിന് പിന്നാലെ പോയി പ്രതികരിക്കേണ്ടതില്ലെന്ന് സൂപ്പര്‍ താരം സൂര്യ. അത്തരം ആളുകളെ മാറ്റിയെടുക്കാനോ അവരുടെ അഭിപ്രായം തിരുത്താനോ ശ്രമിക്കുന്നതിനു പകരം സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.

'നമുക്ക് സ്നേഹം മാത്രം പങ്കുവെയ്ക്കാം. സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തെങ്കിലും പോസ്റ്റ് ചെയ്തതിന്റെ പേരിൽ നമ്മൾ പ്രതികരിക്കാൻ പോയാൽ അവസാനം നമ്മൾ തന്നെ വേദനിക്കേണ്ടിവരും. അവര അവരായി തുടരട്ടെ, നമ്മൾ നമ്മളായും. നമ്മുടെ ഊർജം പാഴാക്കേണ്ടതില്ല'. സൂര്യ ആരാധകരോടായി പറഞ്ഞു.

തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതിനായി ദിവസവും പ്രവർത്തിക്കണമെന്നും താരം പറഞ്ഞു.

സൂര്യയുടെ വാക്കുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങളുമുണ്ടായി. ചിലർ താരത്തിന്റെ പരാമർശം മറ്റ് താരങ്ങളുടെ ആരാധകരെ ലക്ഷ്യമിട്ടുള്ളതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ഫാൻ വാറുകളിൽ നിന്ന് താരങ്ങളുടെ ആരാധകർ വിട്ടുനിൽക്കണമെന്ന സന്ദേശമായാണ് മറ്റുചിലർ ഇതിനെ കണ്ടത്.

തമിഴ് സിനിമയിലെ താരാരാധനയ്ക്കൊപ്പം സോഷ്യൽ മീഡിയയിലെ ഫാൻ വാറുകളും ഏറെക്കാലമായി ചർച്ചയായ വിഷയമാണ്. വിജയ് – അജിത്ത് ആരാധകർക്കിടയിലെ തർക്കങ്ങളും ഇതിന്റെ ഭാഗമായി പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ ലെ മാൻസ് റേസിനിടെ വിജയ്‌യും അജിത്തും കണ്ടുമുട്ടിയതും പരസ്പരം ആലിംഗനം ചെയ്തതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 2025ലെ ഒരു റേസിനിടെ ആരാധകരോട് സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അജിത്തും പറഞ്ഞിരുന്നു. “അജിത്ത് വാഴ്ക, വിജയ് വാഴ്ക... നിങ്ങൾ എപ്പോഴാണ് ജീവിക്കാൻ പോകുന്നത്?” എന്നായിരുന്നു അന്ന് താരത്തിന്റെ ചോദ്യം.

ഇതിനിടെയാണ് ഫാൻ വാറുകളിലും ഓൺലൈൻ ട്രോളുകളിലും ഏർപ്പെടാതെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന നിർദേശവുമായി സൂര്യയും രംഗത്തെത്തിയത്.

Actor Suriya has urged his fans to stay away from social media trolls and fan wars. Speaking at an All India Suriya Fans Club gathering, he said engaging with provocative posts only wastes energy and causes hurt. His comments come amid ongoing fan clashes involving major Tamil cinema stars, including Vijay and Ajith.