Entertainment News

തമിഴ്‌നാട് രാഷ്ട്രീയം സൂര്യക്ക് നൽകിയ 'തിരിച്ചുവരവ്'; ദളപതിയിൽനിന്ന് നടിപ്പിൻ നായകനിലേക്ക് 'കറുപ്പ്' എത്തിയ കഥ പറഞ്ഞ് ആർജെ ബാലജി

വിജയ് പിന്മാറിയ കഥ; ‘കറുപ്പ്’ വഴി സൂര്യയുടെ 200 കോടി വിജയ തിരിച്ചുവരവ്

Entertainment Desk

തുടരെയുള്ള ബോക്സ് ഓഫീസ് പരാജയങ്ങൾക്കൊടുവിൽ 13 വര്‍ഷത്തിനുശേഷം നടിപ്പിൻ നായകൻ സൂര്യക്ക് കരിയറിലെ ആദ്യ 200 കോടിയടക്കം ബോക്‌സ് ഓഫീസിൽ വിജയം നേടിക്കൊടുത്ത ചിത്രമാണ് 'കറുപ്പ്'. ചിത്രത്തിന്റെ ഗംഭീര വിജയത്തിലൂടെ തന്റെ കരിയറിലെ വലിയ തിരിച്ചുവരവാണ് സൂര്യ സാധ്യമാക്കിയിരിക്കുന്നത്. എന്നാൽ ഈ വിജയ വേളയിൽ ചിത്രത്തെ സംബന്ധിച്ച മറ്റൊരു സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് 'കറുപ്പ്' സംവിധായകൻ ആർജെ ബാലാജി. 'കറുപ്പി'ന്റെ എഴുത്തടക്കമുള്ള പ്രാരംഭ ഘട്ടങ്ങളിൽ നായകനായി മനസിലുണ്ടായിരുന്നത് വിജയ് ആയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബാലാജി.

''കറുപ്പ് ചെയ്യുന്നതിനായി ഞാനും വിജയ് സാറും മൂന്നു തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച ബന്ധപ്പെട്ട പ്രക്രിയയ്ക്ക് തന്നെ കുറച്ച് കാലമെടുത്തിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. സജീവ രാഷ്ട്രീയ ജീവിതമാണ് മനസിലെന്നും ആയതിനാൽ വിരമിക്കൽ ചിത്രം എന്താകണമെന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ചർച്ചകളും ഉയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നോടൊപ്പം എച്ച്. വിനോദ് പറഞ്ഞ കഥയും അദ്ദേഹത്തിന്റെ മുൻപിലുണ്ടായിരുന്നു. തന്നോട് കൃത്യം ഒരാഴ്ചയ്ക്കുശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. യാതൊരു തരത്തിലെ വിവാദങ്ങൾക്കും വഴിയൊരുക്കാതെ പിന്നീട് വിളിക്കുകയും പ്രോജക്ടിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു,'' ബാലാജി പറഞ്ഞു.

'കറുപ്പ്' സൂര്യയിലേക്ക് എത്തിയത് ഇങ്ങനെയാണ്. ചെയ്തില്ലെങ്കിലും വിജയ് കഥ കേള്‍ക്കാന്‍ തയ്യാറായതിനാൽ ഉണ്ടായ ചില ഗുണങ്ങൾ ഉണ്ട്. ഞാൻ കഥ പറഞ്ഞതിനുശേഷം അദ്ദേഹം ഉയർത്തിയ ചോദ്യങ്ങള്‍ തിരക്കഥ മെച്ചപ്പെടുത്താന്‍ സഹായിച്ചതായും ബാലാജി പറഞ്ഞു. വിജയ്‌യുടെ തീരുമാനം തനിക്ക് നിരാശയുണ്ടാക്കിയെങ്കിലും പിന്മാറ്റത്തിനു പിന്നിലെ അദ്ദേഹം പറഞ്ഞ കാരണങ്ങൾ തനിക്ക് വ്യക്തമായിരുന്നുവെന്നും ബാലാജി പറഞ്ഞു. അതിനുശേഷം 'കറുപ്പി'ന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ആവശ്യ പ്രകാരമായിരുന്നു സൂര്യയോട് കഥ പറഞ്ഞത്. സൂര്യയോട് കഥ പറയുന്നതിനെക്കുറിച്ച് വിജയ്‌യെ അറിയിച്ചിരുന്നതായും ബാലാജി കൂട്ടിച്ചേർത്തു.

English Summary: Suriya made a strong comeback with Karuppu, which became his first ₹200 crore success after years of setbacks. Director RJ Balaji revealed that the film was initially planned with Vijay, but his political commitments led him to step away, eventually bringing the project to Suriya.