Entertainment News

'തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ കുറേപേർ ശ്രമിച്ചു, കേരളത്തിൽ ഒരേ പാർട്ടിയിൽനിന്ന് കുറേപേർ ശ്രമിക്കുന്നു'; ട്രോളുമായി ആർ ജെ ബാലാജി

സമൂഹമാധ്യമങ്ങളിൽ വൈറലായി സംവിധായകൻ ആർ.ജെ ബാലാജിയുടെ വാക്കുകൾ

Entertainment Desk

സൂര്യ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കറുപ്പ്'. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങ് കൊച്ചിയിലാണ് നടന്നത്. ചടങ്ങിൽ സംവിധായകൻ ആർ.ജെ ബാലാജി പറഞ്ഞ രാഷ്ട്രീയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ തമാശരൂപേണ ആർ.ജെ ബാലാജി താരതമ്യം ചെയ്ത് സംസാരിച്ചു.

"കേരളവും തമിഴ്‌നാടും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അടുത്തിടെ ഞങ്ങളുടെ നാട്ടിൽ പല പാർട്ടികളിൽനിന്നുള്ളവർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചു. എന്നാൽ കേരളത്തിൽ ഒരേ പാർട്ടിയിൽനിന്ന് തന്നെ പലരും ആ കസേരയ്ക്കായി ശ്രമിക്കുന്നു. ഞങ്ങൾക്ക് നല്ലൊരു മുഖ്യമന്ത്രിയെ കിട്ടി, നിങ്ങൾക്കും ഉടൻ തന്നെ നല്ലൊരു മുഖ്യമന്ത്രിയെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു."

സൂര്യ-തൃഷ ചിത്രം കറുപ്പ് മെയ് 14 നാണ് റീലീസ് ചെയ്യുന്നത്. ഏകദേശം 20 വർഷങ്ങൾ കഴിഞ്ഞാണ് സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇരുവരും 'കറുപ്പിൽ' വരുന്നത്.

സൂര്യ-തൃഷ കോമ്പോയുടെ തിരിച്ചു വരവ് ബിഗ് സ്ക്രീനിൽ ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ സായ് അഭ്യാങ്കർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. മലയാളത്തിൽ നിന്ന് ഇന്ദ്രൻസ്, സ്വാസിക, ശിവദ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ നാട്ടി, അനഘ മായ രവി, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

English Summary: Suriya’s much-awaited film Karuppu generated buzz at its Kochi pre-release event after director RJ Balaji’s humorous political remarks comparing Kerala and Tamil Nadu went viral. The film marks the reunion of Suriya and Trisha after nearly two decades and is set for release on May 14