Entertainment News

'സ്വപ്നങ്ങൾക്ക് കാലാവധിയില്ലെന്ന് പഠിപ്പിച്ചതിന് നന്ദി'; ഇന്ദ്രൻസിന്റെ ജീവിതത്തെ പ്രശംസിച്ച് സൂര്യ

തയ്യൽക്കാരനിൽനിന്ന് ദേശീയ പുരസ്‌കാര ജേതാവായി വളർന്ന ഇന്ദ്രൻസിന്റെ ജീവിതം വലിയ പ്രചോദനമെന്ന് സൂര്യ

Entertainment Desk

''ഒരു തയ്യൽക്കാരനിൽനിന്നു ജീവിതം തുടങ്ങി ചെറിയ കഥാപത്രങ്ങൾ ചെയ്ത് അദ്ദേഹം ഇന്ന് ദേശീയ പുരസ്‌കാരം നേടിയ ഒരു അഭിനേതാവായി മാറി കഴിഞ്ഞിരിക്കുകയാണ്. നിങ്ങളൊരു വലിയ പ്രചോദനമാണ്,'' കറുപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പൊതുപരിപാടിയുടെ വേദിയിൽ ഇന്ദ്രൻസിനെ കുറിച്ച് ആരാധകരോട് വാചാലനായി നടൻ സൂര്യ.

സൂര്യയുടെ വാക്കുകൾ

''ഇന്ദ്രൻസ് സാറിനോട് എനിക്ക് വലിയ നന്ദി പറയണം. ഞാൻ ദേശീയ പുരസ്‌കാരത്തിന് അർഹനായ വർഷം അദ്ദേഹത്തിനും പുരസ്കാരമുണ്ടായിരുന്നു. ഒരുപാട് കാലം അദ്ദേഹത്തെ വെച്ച് പലരും ബോഡി ഷെയ്മിങ് തമാശകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ യൂട്യൂബിൽ ഇന്ദ്രൻസ് ആക്ടിങ്, ഇന്ദ്രൻസ് എന്നിങ്ങനെ വരുന്ന അദ്ദേഹത്തിന്റെ സിനിമ റീലുകൾ കണ്ടാൽ വല്ലാത്ത ആശ്ചര്യമാണ് ഉണ്ടാവുന്നത്.

ഓരോ സിനിമയിലും ഓരോ തരത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല. അദ്ദേഹത്തിന്റെ സ്വപ്‍നത്തെ കുറിച്ചുകൂടി എനിക്ക് പറയണം. തയ്യൽക്കാരനിൽനിന്നു ജീവിതം തുടങ്ങി ചെറിയ കഥാപത്രങ്ങൾ ചെയ്ത് അദ്ദേഹം ഇന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേതാവായി മാറി കഴിഞ്ഞിരിക്കുകയാണ്. നാലാം തരം വരെ മാത്രം പഠിച്ച അദ്ദേഹം ഇന്ന് തുടർപഠനത്തിലൂടെ ഏഴാംക്ലാസ്സിന്റെ പരീക്ഷ എഴുതിയിരിക്കുകയാണ്. അദ്ദേഹത്തിൽനിന്നു കിട്ടുന്ന പ്രചോദനം പഠിപ്പിക്കുന്നത് 'സ്വപ്നങ്ങൾക്കു കാലാവധിയില്ല' എന്ന സത്യമാണ്.

സൂര്യയുടെ പുതിയ ചിത്രം 'കറുപ്പ്' മാസ് കൊമേഴ്സ്യല്‍ എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ജെ ബാലാജിയാണ്. മുൻ സിനിമകളിൽനിന്നു വ്യത്യസ്തമായ മേക്കോവറിലാണ് സൂര്യയെയും തൃഷയെയും 'കറുപ്പി'ൽ കൊണ്ടുവന്നിരിക്കുന്നത്.

‘മൗനം പേസിയതേ’, ‘ആറു’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഈ ഹിറ്റ് ജോഡികൾ വീണ്ടും സ്ക്രീനിലെത്തുന്നത് വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയും കറുപ്പിന്റെ ഭാഗമാകുന്നുണ്ട്. പുരസ്‌കാര ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് 'കറുപ്പി'ന്റെ ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.

ഹിറ്റ് സെൻസേഷനായ ഗാനങ്ങൾ ഒരുക്കിയ സായ് അഭ്യാങ്കറാണ് 'കറുപ്പി'നായി സംഗീതം ഒരുക്കിയത്. കൂടാതെ ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ആയി പ്രവർത്തിച്ച ജി കെ വിഷ്‍ണുവാണ് ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കലൈവാനൻ ആണ് 'കറുപ്പി'ന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മികച്ച ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് 'കറുപ്പി'ലെ ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്.

English Summary: Suriya praised Indrans during the promotional event of Karuppu, calling him a true inspiration. Suriya highlighted Indrans’ journey from a tailor and comic side roles to becoming a National Award-winning actor, while also appreciating his dedication to continuing education and chasing dreams without limits.