Entertainment News

ഒന്നാം സ്ഥാനത്തേക്കാള്‍ വലുതാണ് സഹാനുഭൂതി; മാതാപിതാക്കളുടെ അമിത മത്സരബുദ്ധിക്കെതിരെ നടന്‍ സൂര്യ

ചുറ്റുമുള്ള കുട്ടികളെയും കുടുംബങ്ങളെയും പരിഗണിക്കാതെ സ്വന്തം കുട്ടിയുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്ന രീതിയെയും സൂര്യ വിമര്‍ശിച്ചിരുന്നു

Entertainment Desk

കുട്ടികളെ അന്ധമായ മത്സരബുദ്ധിയിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളുടെ രീതിയെ വിമര്‍ശിച്ച് തമിഴ് നടന്‍ സൂര്യ. മാര്‍ക്കുകളുടെയും റാങ്കുകളുടെയും പിന്നാലെ പായുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായാവും സ്വന്തം കുട്ടികളുടെ ഒന്നാം സ്ഥാനം മറ്റുള്ളവരെ നോവിക്കുംവിധം ആഘോഷിക്കുന്ന മാതാപിതാക്കളുടെ മനോഭാവവും ഒരു തലമുറയെത്തന്നെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സൂര്യ ചൂണ്ടിക്കാണിക്കുന്നു. പഴയൊരു അഭിമുഖത്തിലെ സൂര്യയുടെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

തന്റെ മകന്‍ ദേവുമായി ബന്ധപ്പെട്ട ഒരു സംഭവം പങ്കുവെച്ചാണ് മുതിര്‍ന്നവരേക്കാള്‍ ഉയര്‍ന്ന ചിന്താഗതിയും സഹാനുഭൂതിയും കുട്ടികള്‍ക്കുണ്ടെന്ന് സൂര്യ വ്യക്തമാക്കുന്നത്. കുട്ടികളെ മത്സരങ്ങളിലേക്ക് തള്ളിവിടുന്നത് മുതിര്‍ന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുട്ടികള്‍ക്ക് കുറഞ്ഞ മാര്‍ക്ക് കിട്ടുമ്പോള്‍ മാതാപിതാക്കള്‍ അസ്വസ്ഥരാകുന്നു. നിനക്ക് ഒന്നാം സ്ഥാനം കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് അവരുടെ മനസ്സില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുന്നു. സ്വന്തം കഴിവുകളില്‍ തൃപ്തരായിരിക്കുന്ന കുട്ടികളിലേക്ക് മാതാപിതാക്കള്‍ അവരുടെ ആശങ്കകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. 99.9 ശതമാനം കട്ട്-ഓഫ് മാര്‍ക്ക് ആവശ്യപ്പെടുന്ന സര്‍വകലാശാലകളും ഈ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടിക്കാലം ആസ്വദിക്കേണ്ട പ്രായത്തില്‍ അവരെ അതിന് അനുവദിക്കണം', സൂര്യ പറഞ്ഞു.

ചുറ്റുമുള്ള കുട്ടികളെയും കുടുംബങ്ങളെയും പരിഗണിക്കാതെ സ്വന്തം കുട്ടിയുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്ന രീതിയെയും സൂര്യ വിമര്‍ശിച്ചിരുന്നു. 'നിങ്ങളുടെ മക്കള്‍ പരീക്ഷയില്‍ ഒന്നാമതെത്തുമ്പോള്‍ സന്തോഷത്തോടെ അത് ആഘോഷിക്കാം. എന്നാല്‍ അതുകണ്ട് തോറ്റുപോയ മറ്റൊരു കുട്ടിയും അവരുടെ മാതാപിതാക്കളും എന്താകും ചിന്തിക്കുക എന്ന് കൂടി ഓര്‍ക്കണം. മത്സരബുദ്ധി നല്ലതാണ്, എന്നാല്‍ അത് മറ്റുള്ളവരോട് ദയയില്ലാത്ത രീതിയിലേക്ക് മാറാതിരിക്കാന്‍ കുട്ടികളെ ശ്രദ്ധയുള്ളവരാക്കി വളര്‍ത്തണം', സൂര്യ പറഞ്ഞു.

മകന്‍ ദേവിന്റെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡേ അനുഭവം പങ്കുവെച്ചാണ് കുട്ടികളുടെ ഉയര്‍ന്ന ചിന്താഗതിയെക്കുറിച്ച് സൂര്യ വിശദീകരിച്ചത്. 'മത്സരത്തില്‍ ഏറ്റവും മുന്നിലായിരുന്നിട്ടും തനിക്ക് പ്രിയപ്പെട്ട നീല ബോട്ടിലിനൊപ്പം ചേച്ചി ദിയയ്ക്കായി പിങ്ക് ബോട്ടില്‍ കൂടി തിരഞ്ഞെടുക്കാന്‍ സമയം കണ്ടെത്തിയ ദേവ്, ഒന്നാം സ്ഥാനത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് സഹോദരിത്തോടമുള്ള സ്‌നേഹത്തിനായിരുന്നു. മത്സരത്തില്‍ തോറ്റെങ്കിലും വിജയിച്ച സഹപാഠിയെ അസൂയയില്ലാതെ അഭിനന്ദിക്കാനും ഓട്ടത്തില്‍ അവന്‍ മുന്നിലാണെങ്കിലും വരയ്ക്കാന്‍ തനിക്കാണ് കൂടുതല്‍ കഴിവെന്ന് തിരിച്ചറിയാനും ദേവിന് സാധിച്ചു. ആരിലും അനാവശ്യമായ അപകര്‍ഷതാബോധം ആവശ്യമില്ലെന്നും ഓരോ കുട്ടിക്കും അവരുടേതായ പ്രത്യേക കഴിവുകളുണ്ടെന്നുമുള്ള വലിയ പാഠമാണ് ഈ സംഭവത്തിലൂടെ തനിക്ക് ലഭിച്ചതെന്ന്' സൂര്യ വ്യക്തമാക്കുന്നു.

സൂര്യ-ജ്യോതിക ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. 2007-ല്‍ ജനിച്ച മകള്‍ ദിയയും 2010-ല്‍ ജനിച്ച മകന്‍ ദേവും. കുട്ടികള്‍ക്ക് ഐബി കരികുലം സ്‌കൂളുകളില്‍ പഠിക്കുന്നതിനായി കുടുംബം കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയിരുന്നു.

Tamil actor Suriya has criticised the growing pressure parents place on children to compete for marks, ranks and academic achievements. Revisiting an old interview, the actor argued that parents and an education system focused heavily on rankings and high cut-offs can push children into unhealthy competition and create unnecessary feelings of inadequacy. Suriya said children are often naturally content with their abilities, while parents impose their own anxieties and expectations on them. He also urged parents to celebrate their children’s achievements with sensitivity, remembering that another child and their family may be dealing with disappointment.