സിനിമാപ്രേമികൾക്ക് ആവേശമായി ഒരു വമ്പൻ തിരിച്ചുവരവ്. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയും ബോളിവുഡിന്റെ പ്രിയനായിക തബുവും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നാഗാർജുനയുടെ കരിയറിലെ നൂറാമത്തെ ചിത്രമായ 'കിങ് 100' (King 100) എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ഈ ഐതിഹാസിക കൂടിച്ചേരൽ സംഭവിക്കുന്നത്. എന്നാൽ ഇത്തവണ ഇരുവരും പ്രണയജോഡികളായല്ല, മറിച്ച് മുഖാമുഖം പോരടിക്കുന്നവരായാണ് എത്തുന്നത് എന്നത് ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നു. ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്.
'മക്ബൂൽ' (2003), 'ഹൈദർ' (2014), 'അന്ധാദുൻ' (2018) തുടങ്ങിയ ചിത്രങ്ങളിലൂടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ തബു, 'കിങ് 100'-ൽ ഒരു മുഴുനീള വില്ലൻ റോളിലാണ് എത്തുന്നത്. നാഗാർജുനയുമായുള്ള തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ ലൊക്കേഷനിൽ നിന്നുള്ള ക്ലാപ്പ് ബോർഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തബു തന്നെയാണ് ആരാധകരെ അറിയിച്ചത്.
''തബു സിനിമയിലെത്തിയ കാലം മുതൽ അവരെ അറിയാം. എന്റെ നൂറാമത്തെ ചിത്രമാണിതെന്ന് അറിഞ്ഞപ്പോൾ ഇതിന്റെ ഭാഗമാകാൻ അവൾ ആഗ്രഹം പ്രകടിപ്പിച്ചു," എന്നാണ് ഈ ഒത്തുചേരലിനെക്കുറിച്ച് നാഗാർജുന പ്രതികരിച്ചത്.
നാഗാർജുനയുടെ നൂറാമത്തെ ചിത്രം
മെയ്ഡ് ഇൻ കൊറിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവീൻ (രാ) കാർത്തിക് ആണ് 'കിങ് 100' സംവിധാനം ചെയ്യുന്നത്. നാഗാർജുനയുടെ സ്വന്തം നിർമാണ കമ്പനിയായ അന്നപൂർണ്ണ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദാരിദ്ര്യത്തിൽ നിന്നും വലിയ നിലയിലേക്ക് വളരുന്ന ഒരു വ്യക്തിയുടെ ജീവിതയാത്രയാണ് (rags-to-riches) ഈ എമോഷണൽ ആക്ഷൻ ഡ്രാമയുടെ പ്രമേയമെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നിലവിൽ 'കിങ് 100' എന്ന് വിളിക്കപ്പെടുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക നാമം 'അസുരുഡു' (Asurudu) എന്നായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നാഗാർജുനയുടെ കരിയറിലെ ഒരു നാഴികക്കല്ലാകാൻ പോകുന്ന ഈ ചിത്രം ഒന്നിലധികം ഭാഷകളിലായാണ് ഒരുങ്ങുന്നത്.
നാഗാർജുനയ്‌ക്കൊപ്പം തബു അഭിനയിക്കുന്ന നാലാം ചിത്രമാണ് 'കിങ് 100'. 'സിസിന്ത്രി' (1995) ആണ് ഇവർ ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിൽ തബുവിന് അതിഥിവേഷമായിരുന്നു. 1996-ൽ പുറത്തിറങ്ങിയ 'നിന്നെ പെല്ലഡാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലും, 1998-ലെ 'ആവിഡ മാ ആവിഡെ' (Aavida Maa Aavide) എന്ന ചിത്രത്തിലുമാണ് നാഗാർജുനയും തബുവും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അന്ന് സ്‌ക്രീനിൽ വിസ്മയം തീർത്ത ഈ പ്രണയജോഡി, വർഷങ്ങൾക്ക് ശേഷം നായകനും വില്ലനുമായി എത്തുമ്പോൾ തിയറ്ററുകളിൽ അത് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.
Bollywood actress Tabu and Tollywood superstar Nagarjuna are set to share the screen again after a massive 28-year gap. The highly anticipated project, tentatively titled King 100, marks a major milestone as it is Nagarjuna's 100th film. Unlike their iconic romantic pairings in the 90s hits Ninne Pelladata (1996) and Aavida Maa Aavide (1998), Tabu will play a powerful main villain opposite Nagarjuna. Directed by Naveen (Ra) Karthik, the film is an emotional, commercial action-drama featuring a strong father-daughter dynamic and a rags-to-riches character arc. Nagarjuna will reportedly use advanced de-aging technology to play his character across different stages of life, ranging from 25 to 60 years old.