Entertainment News

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കണ്ടില്ല? വിജയ്-സംഗീത വിവാഹമോചന കേസില്‍ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് ഏഴിന്

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നടക്കുന്ന ഹിയറിങ് ആയതിനാല്‍ നിലവിലെ കോടതി നടപടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

Entertainment Desk

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീത സൊര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന ഹര്‍ജി ചെങ്കല്‍പട്ട് മഹിളാ കോടതി പരിഗണിച്ചു. കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരിയില്‍ സംഗീത സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നിലവിലെ വിവാഹമോചന നടപടികള്‍ ആരംഭിച്ചത്. ഏപ്രില്‍ 20-ന് ആയിരുന്നു കേസ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആദ്യ ഹിയറിങ്ങിന് ഇരുവരും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്, ജൂണ്‍ 15-ന് നേരിട്ട് ഹാജരാകാന്‍ ചെങ്കല്‍പട്ട് കുടുംബകോടതി ഉത്തരവിട്ടിരുന്നു.

തങ്ങളുടെ കക്ഷികള്‍ പൊതുരംഗത്ത് സജീവമായ വ്യക്തികളാണെന്നും അവര്‍ നേരിട്ട് ഹാജരാകുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളുകയും രണ്ട് പേരുടെയും ഇ-മെയില്‍ ഐഡി നല്‍കണമെന്ന് അവശ്യപ്പെടുകയും ചെയ്തു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നടക്കുന്ന ഹിയറിങ് ആയതിനാല്‍ നിലവിലെ കോടതി നടപടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

2021-ല്‍ ഒരു നടിയുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞതായി സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍, ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പുനല്‍കിയെങ്കിലും അത് തുടരുകയും ആ നടിക്കൊപ്പം യാത്രകളിലും പൊതുപരിപാടികളിലും പങ്കെടുക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. താനും മക്കളായ ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരും ഇതേത്തുടര്‍ന്ന് വലിയ അപമാനം നേരിട്ടുവെന്നും ആ നടി വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്നും സംഗീത ഹര്‍ജിയില്‍ പറയുന്നു.

തനിക്ക് ലഭിച്ചുകൊണ്ടിരുന്ന സൗകര്യങ്ങള്‍ വിജയ് നിര്‍ത്തിയെന്നും സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും തന്റെ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞുവെന്നും സംഗീത ആരോപിക്കുന്നു. കടുത്ത മാനസിക പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് സെക്ഷന്‍ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. 1999-ല്‍ വിവാഹിതരായ ഇവര്‍ 27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വേര്‍പിരിയുന്നത്.

വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ രമ്യതയിലെത്താന്‍ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രശ്‌നങ്ങള്‍ സൗഹാര്‍ദ്ദപരമായി ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

Summary

The Chengalpattu Mahila Court has postponed the hearing of the divorce petition involving Tamil Nadu Chief Minister Vijay and his wife Sangeetha Sornalingam to August 7. The court rejected a request for virtual participation and had earlier directed both parties to appear in person Sangeetha's petition alleges marital issues, including an alleged relationship between Vijay and another actress, which she claims caused emotional distress to her family.